X

കൂടിക്കാഴ്ചക്ക് അനുമതി ചോദിച്ച് ട്രംപിന് കിമ്മിന്റെ കത്ത്

 

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും കൂടിക്കാഴ്ചക്ക് ക്ഷണിച്ച് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കത്ത്. ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങളോടുള്ള പ്രതിബദ്ധത അറിയിക്കുന്ന കത്ത് വളരെ ഊഷ്മളമാണെന്ന് വൈറ്റ്ഹൗസ് വക്താവ് സാറ സാന്‍ഡേഴ്‌സ് അറിയിച്ചു. ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ചരിത്രപ്രധാന ഉച്ചകോടിയുടെ തുടര്‍ച്ചയായി പുതിയ കൂടിക്കാഴ്ചക്ക് യു.എസ് ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.
ട്രംപ്-കിം കൂടിക്കാഴ്ചക്ക് ശേഷം ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉന്നതതല ചര്‍ച്ചകള്‍ സ്തംഭിച്ച നിലയിലാണ്. യു.എസ് പ്രസിഡന്റുമായി മറ്റൊരു കൂടിക്കാഴ്ചക്ക് അവസരം ചോദിച്ചാണ് കിം കത്തയച്ചിരിക്കുന്നത്. നിര്‍ദേശത്തെ ഞങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കുന്നു. എന്നാല്‍ രണ്ടാം കൂടിക്കാഴ്ചയുടെ സമയത്തെക്കുറിച്ചോ വേദിയെക്കുറിച്ചോ അവര്‍ സൂചന നല്‍കിയില്ല. പുതിയ വാര്‍ത്തയെ ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്‍ സ്വാഗതം ചെയ്തു. അമേരിക്കയും ഉത്തരകൊറിയയും ചര്‍ച്ച ചെയ്ത് കൊറിയന്‍ ആണവനിരായുധീകരണമെന്ന ലക്ഷ്യം സാധ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സിംഗപ്പൂര്‍ ഉച്ചകോടിയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച മൂണ്‍ അടുത്തയാഴ്ച ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്യാങില്‍ കിമ്മുമായി നടക്കാനിരിക്കുന്ന മൂന്നാംവട്ട കൂടിക്കാഴ്ചക്കുള്ള ഒരുക്കത്തിലാണ്. ഉറച്ച കാല്‍വെപ്പുണ്ടാകണമെന്ന് ഇരുനേതാക്കളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. യു.എന്‍ രക്ഷാസമിതി പ്രമേയങ്ങള്‍ ലംഘിച്ച് ഉത്തരകൊറിയ ആണവ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ യുകിയ അമാനോ ആരോപിച്ചിരുന്നു. എന്നാല്‍ ആണവനിരായുധീകരണത്തിന്റെ കാര്യത്തില്‍ ഉത്തരകൊറിയയുടെ ഭാഗത്തു നിന്ന് വളരെ അനുകൂലമായ നീക്കങ്ങളാണുള്ളതെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളെ മാറ്റിനിര്‍ത്തി ഉത്തരകൊറിയ നടത്തിയ വാര്‍ഷിക സൈനിക പരേഡിനെ അവര്‍ അഭിനന്ദിച്ചു.
ട്രംപിന്റെ നയങ്ങളുടെ വന്‍ വിജയമാണ് അതെന്നും സാന്‍ഡേഴ്‌സ് അവകാശപ്പെട്ടു. ട്വിറ്ററിലൂടെ ട്രംപും പരേഡിനെ പ്രശംസിച്ചിരുന്നു. ഉത്തരകൊറിയയില്‍നിന്നുള്ള വളരെ വലിയ, അനുകൂല പ്രസ്താവനയാണ് അതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കിമ്മിനെ പേരെടുത്തും ട്രംപ് അഭിനന്ദിച്ചു.

chandrika: