X

വിദഗ്ധരെ ആകര്‍ഷിക്കാന്‍ പുതിയ വിസാ സമ്പ്രദായവുമായി യുഎഇ

ജലീല്‍ പട്ടാമ്പി

ദുബൈ: ഉന്നത പ്രാഗല്‍ഭ്യമുള്ള വിദഗ്ധരെ ആകര്‍ഷിക്കാന്‍ യുഎഇ പുതിയ വിസാ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. മിഡില്‍ ഈസ്റ്റ് ഉള്‍പ്പെടെ ലോകമെങ്ങുമുള്ള വിദഗ്ധരെ രാജ്യത്തേക്ക് ആകര്‍ഷിക്കാനായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ പരിഷ്‌കാരത്തിന് അംഗീകാരം നല്‍കിയത്. വിവിധ ഘട്ടങ്ങളായാണ് ഈ പരിഷ്‌കരണം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും രണ്ടാം ഘട്ടത്തില്‍ ശാസ്ത്രീയ ഗവേഷണത്തിലും സാങ്കേതിക-സാംസ്‌കാരിക വിഭാഗങ്ങളിലുമായിരിക്കും ഊന്നല്‍.

യുഎഇ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലെഫ്. ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍നഹ്‌യാന്‍ തുടങ്ങിയവരും മന്ത്രിസഭാ യോഗത്തില്‍ സന്നിഹിതരായിരുന്നു. ചലനാത്മകമായ എല്ലാ മേഖലകളിലും ഉന്നത വിദഗ്ധ പ്രൊഫഷനലുകളെയും പ്രതിഭയുള്ള മാനുഷിക മൂലധനവും യുഎഇ തേടുകയാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

യുഎഇക്ക് എല്ലായ്‌പ്പോഴും തുറന്ന നയമാണുള്ളത്. ഇവിടത്തെ മുഴുവന്‍ താമസക്കാരുടെയും സംഭാവനയാലുള്ള സഹിഷ്ണുതയില്‍ നിന്നും നവജാഗരണത്തില്‍ നിന്നുമാണ് ഈ തുറന്ന നിലപാട് രൂപപ്പെടുത്താനായത്. തുറന്ന മന:സ്ഥിതിയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങള്‍ തങ്ങള്‍ എപ്പോഴും നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. ഇക്കാര്യത്തില്‍ ഒരിക്കലും പിറകോട്ട് പോകില്ല -ശൈഖ് മുഹമ്മദ് പറഞ്ഞു. 200 രാഷ്ട്രങ്ങളില്‍ നിന്നുള്ള വലിയ മനസുകളെ യുഎഇ സ്വാഗതം ചെയ്തിരിക്കുകയാണ്. അവസരങ്ങളുടെ ഭൂമിയാണ് യുഎഇ. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ഏറ്റവും മികച്ച പരിത:സ്ഥിതിയും അസാധാരണ ശേഷിയുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ പുറത്തെടുക്കാനുള്ള വേദിയും ഈ രാജ്യം മുന്നോട്ട് വെക്കുന്നു.

ഭാവി സമ്പദ് വ്യവസ്ഥ പ്രതിഭത്വത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. നൂതനത്വത്തെ പോഷിപ്പിക്കുന്ന സാഹചര്യം നമ്മുടെ സമ്പദ് വ്യവസ്ഥ വികസിപ്പിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വിസകള്‍ ഇഷ്യൂ ചെയ്യാന്‍ ചുമതലപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട മേഖലകള്‍ തീരുമാനിക്കുന്നതിന് പ്രത്യേക കമ്മിറ്റികളെ നിയമിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശം നല്‍കി. ഏറ്റവും പ്രധാനപ്പെട്ട, അസാധാരണ പ്രതിഭാശാലികളെ മേഖലാ തലത്തിലും രാജ്യാന്തര തലത്തിലും കണ്ടെത്തുന്നതിന് കമ്മിറ്റികള്‍ ഒരു പദ്ധതി തയാറാക്കുന്നതാണ്. ആഗോള തലത്തില്‍ യുഎഇയുടെ മല്‍സരക്ഷമത പ്രത്യേകിച്ചും, ടൂറിസം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നേടിയെടുക്കാന്‍ പുതിയ വിസാ സമ്പ്രദായം വഴിയൊരുക്കുമെന്ന് ശൈഖ് മുഹമ്മദ് പ്രത്യാശിച്ചു.

അനുപേക്ഷണീയമായ പരിത:സ്ഥിതികളും ജീവിത ശൈലിയും ധനകാര്യ സൗകര്യങ്ങളും നൂതനമായ പശ്ചാത്തല കാര്യങ്ങളും അസാധാരണ പ്രതിഭകളെ ആകര്‍ഷിക്കാന്‍ ഏറ്റവും അനുഗുണമായ ഘടകങ്ങളാണ്. രാജ്യാന്തര കമ്പനികള്‍ക്ക് അവരുടെ ആസ്ഥാനങ്ങള്‍ ഈ രാജ്യത്തേക്ക് മാറ്റാന്‍ ഈ സമ്പ്രദായം പുതിയ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ശൈഖ് മുഹമ്മദ് വിശദീകരിച്ചു.

chandrika: