X

150 ദശലക്ഷം ചെലവില്‍ നിര്‍മിച്ച ദേര ദ്വീപ് പാലം വെള്ളിയാഴ്ച തുറക്കും

ദുബൈ: 150 ദശലക്ഷം ദിര്‍ഹം ചെലവില്‍ നിര്‍മിച്ച ദേര ഐലന്റ് പാലം റോഡ്‌സ് ആന്‍് ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി (ആര്‍.ടി.എ) ഈ വെള്ളിയാഴ്ച തുറന്നു കൊടുക്കും. പ്രാദേശിക ഡവലപ്പര്‍മാരായ നഖീലിന്റേതാണ് ഐലന്റ് പദ്ധതി. ഫിഷ്മാര്‍ക്കറ്റ് ഭാഗത്ത് അല്‍ ഖലീജ് റോഡിനെ ബന്ധിപ്പിച്ചു കൊണ്ടാണ് പാലം നിര്‍മിച്ചിരിക്കുന്നത്. അല്‍ ഖലീജ് റോഡ് ഇന്റര്‍സെക്ഷനില്‍ അബൂബക്കര്‍ സിദ്ദീഖ് റോഡ് തുടങ്ങുന്നതിനോട് ചേര്‍ന്നാണ് പാലം.

പാലത്തിനു താഴെ ദിശാസൂചികള്‍ സ്ഥാപിക്കുന്നതടക്കമുള്ള ജോലികള്‍ അന്തിമ ഘട്ടത്തിലാണ്. രണ്ട് ലക്ഷം ക്യുബിക് മീറ്റര്‍ വസ്തുക്കള്‍ ഡ്രഡ്ജിംഗ് നടത്തിയാണ് പാലം നിര്‍മിച്ചത്. പുതിയ ഫിഷ്മാര്‍ക്കറ്റും പാലത്തിന് അടിയിലായി സജ്ജീകരിക്കും. നഖീലിന്റെ മൂന്ന് പാം പദ്ധതികളില്‍ ഒന്നാണ് ദേര. എന്നാല്‍ പിന്നീട് ജോലികള്‍ സാവധാനത്തിലായി. 17 സ്‌ക്വയര്‍ മീറ്ററില്‍ നാല് കൃത്രിമ ദ്വീപുകള്‍ ഉള്‍ക്കൊള്ളുന്നതാണ് പദ്ധതി.

ഹോട്ടലുകള്‍, ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റുകള്‍, മള്‍ട്ടി യൂസ് കെട്ടിടങ്ങള്‍, മറീന തുടങ്ങിയവ പദ്ധതിയിലുണ്ട്. മൊത്തം ദ്വീപുകള്‍ക്ക് 250,000 ജനങ്ങളെയും 80,000 ജീവനക്കാരെയും ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്. രണ്ട് പ്രവേശന കവാടങ്ങളുള്ളതില്‍ രണ്ടെണ്ണം അല്‍ഖലീജ് റോഡില്‍ അബൂബക്കര്‍ സിദ്ധീഖ് റോഡ്, അല്‍ ഖുദ്‌സ് റോഡ് ഇന്റര്‍സെക്ഷനിലും ഒരെണ്ണം റാഷിദ് പോര്‍ട്ടിനോട് ചേര്‍ന്ന് അല്‍ മിന റോഡിലുമാണ്. തിരക്കേറിയ സമയങ്ങളില്‍ 110,000 യാത്രകളാണ് ഇവിടെയുണ്ടാകുകയെന്നാണ് ആര്‍.ടി. എ കണക്കാക്കിയിരിക്കുന്നത്. അനുബന്ധ റോഡ് യാത്ര സൗകര്യങ്ങള്‍ ഇവിടെ ആവശ്യമാകും.

chandrika: