X

വാഹന ഇന്‍ഷൂറന്‍സ് പ്രീമിയം പുതുവര്‍ഷത്തില്‍ കൂടും

ദുബൈ: പുതുവര്‍ഷം പിറക്കുന്നതോടെ വഹനമുടമകള്‍ക്ക് ഇന്‍ഷൂറന്‍സ് ഇനത്തില്‍ കൂടുതല്‍ തുക മുടക്കേണ്ടി വരും. ആംബുലന്‍സ് സേവനങ്ങള്‍, ബദല്‍ വാഹനം എന്നിവയുടെ ചെലവ് കൂടി ഈടാക്കുന്ന പശ്ചാത്തലത്തിലാണ് ഉപയോക്താക്കള്‍ക്ക് അധികച്ചെലവുണ്ടാകുന്നത്. വിവിധ പോളിസികള്‍ക്കുള്ള മിനിമം, മാക്‌സിമം പോളിസി നിരക്കുകള്‍ വാഹന വിഭാഗത്തെ ആശ്രയിച്ചാണ് നിശ്ചയിക്കുക. പ്രീമിയം അടിസ്ഥാനമാക്കിയുള്ള പുതിയ വെഹിക്ക്ള്‍ ഇന്‍ഷൂറന്‍സ് താരിഫ് സംവിധാനം യു.എ.ഇ മോര്‍ട്ടോര്‍ ഇന്‍ഷുറന്‍സ് അഥോറിറ്റി പുറത്തിറക്കി.

ജനുവരി ഒന്നു മുതല്‍ പുതിയ നിയമം നടപ്പാകുന്നതോടെ 1996 മുതല്‍ പ്രാബല്യത്തിലുള്ള സര്‍ക്കുലറാണ് അസാധുവാകുന്നത്.ഇതോടെ ജനുവരി ഒന്നുമുതല്‍ മിനിമം ഇന്‍ഷുറന്‍സ് തുക വര്‍ധിക്കും. ഇത് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. പ്രത്യേകിച്ചും വിപണിയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്ന സാഹചര്യത്തില്‍. പുതിയ സംവിധാനത്തില്‍ തേര്‍ഡ് പാര്‍ട്ടി, നഷ്ടം, നാശം തുടങ്ങിയവക്ക് ഏകീകൃത ഇന്‍ഷുറന്‍സ് പോളിസികള്‍ കൊണ്ടുവരും.

പരിക്കേറ്റവരെ ആശുപത്രിയിലേക്കുമാറ്റുന്നതിനും ആംബുലന്‍സിനുമുള്ള നിരക്കുകള്‍ പുതിയ താരിഫില്‍ ഉള്‍ക്കൊള്ളിക്കും. ഇന്‍ഷുറന്‍സ് കമ്പനികള്‍ അപകടത്തില്‍ പെട്ട വാഹന ഉടമകള്‍ക്ക് പത്ത് ദിവസത്തിനകം നഷ്ടപരിഹരം നല്‍കണം. വൈകുന്ന ഓരോ ദിവസത്തിനും 300 ദിര്‍ഹം വീതം വാടകയായി നല്‍കുകയും വേണം.

ചെറുകാറിന് സമഗ്ര ഇന്‍ഷൂറന്‍സ് പ്രീമിയം 1300 ദിര്‍ഹം. ഫോര്‍വീലിന് 2000. 4 സിലിണ്ടര്‍ കാറിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം ചുരുങ്ങിയത് 750 ദിര്‍ഹം. പരമാവധി 1300 ദിര്‍ഹം. എന്‍ജിന്‍ കപ്പാസിറ്റിക്കനുസരിച്ചാണ് പ്രീമിയം തീരുമാനിക്കപ്പെടുന്നത്. 8 സിലിണ്ടര്‍ കാറിന് ചുരുങ്ങിയത് 1300 ദിര്‍ഹവും പരമാവധി 2100 ദിര്‍ഹവുമാണ് പ്രീമിയം. ഫോര്‍ സിലിണ്ടര്‍ ഫോര്‍വീലിന് ചുരുങ്ങിയത് 1000 ദിര്‍ഹം, പരമാവധി 1750 ദിര്‍ഹം. പുതിയ നിയമം അനുസരിച്ച് കൃത്യമായ അല്ലെങ്കില്‍ സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്‍ഷൂറന്‍സ് തുക നിശ്ചയിക്കാന്‍ കമ്പനിക്ക് അധികാരമുണ്ട്.

എന്നാല്‍ ഇന്‍ഷുറന്‍സ് അഥോറിറ്റിയുടെ അനുമതിയില്ലാതെ ലെവി, അധിക ചാര്‍ജ് തുടങ്ങിയവ ഈടാക്കാന്‍ പാടില്ല. ഇതുവഴി അപകട ചരിത്രമുള്ള ഡ്രൈവര്‍മാര്‍ ശ്രദ്ധയോടെ വാഹനമോടിക്കുന്നവരേക്കാള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും. അപകടങ്ങള്‍ കുറഞ്ഞാല്‍ പ്രീമിയവും കുറയും.

chandrika: