X

75 ദശലക്ഷം ചെലവില്‍ അബുദാബിയില്‍ പൈതൃക അങ്ങാടി

 റസാഖ് ഒരുമനയൂര്‍

അബുദാബി: പതിറ്റാണ്ടുകളുടെ സ്മരണകള്‍ ഉണര്‍ത്തുന്ന വാണിജ്യ വിപണിയൊരുക്കുന്നതിന് അബുദാബി നഗരസഭയും പ്രമുഖ കമ്പനിയായ അല്‍ ഖുദ്‌റ ഹോള്‍ഡിംഗും ധാരണയായി. അബുദാബിയുടെ മര്‍മ പ്രധാനമായ ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദിന് സമീപമാണ് അങ്ങാടി പണിതുയര്‍ത്തുന്നത്. 245,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ള വാണിജ്യ കേന്ദ്രം വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ കൗതുകം പകരുന്ന വിധത്തിലാണ് നിര്‍മാണം പൂര്‍ത്തിയാക്കുക. വാണിജ്യ-സാംസ്‌കാരിക മേഖലയിലും വിനോദ രംഗത്തും ഏറെ പുതുമകളുണ്ടായിരിക്കും. ഇമാറാത്തി സാംസ്‌കാരിക പൈതൃക കാഴ്ചകളും ആര്‍ട്‌സ്, സിനിമ, ഫാള്‍കണ്‍ സെന്റര്‍, ഭക്ഷണ സ്റ്റാളുകള്‍, വില്‍പന ശാലകള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള വിനോദ സംവിധാനങ്ങള്‍ എന്നിവയും ഇവിടെ ഉണ്ടാകും.
കൂടാതെ, ആഡംബര വില്ലകളും വിനോദ സഞ്ചാരികള്‍ക്കു വേണ്ടിയുള്ള പ്രത്യേക സംവിധാനങ്ങളും നിര്‍ദിഷ്ട പൈതൃക വാണിജ്യ കേന്ദ്രത്തോടനുബന്ധിച്ച് ഉയര്‍ന്നു പൊങ്ങും. അബുദാബിയുടെ പുതിയ വികസന-നിക്ഷേപ പദ്ധതികളുടെ ഭാഗമായാണ് വിശാലമായ പുതിയ കേന്ദ്രത്തിന്റെ നിര്‍മാണമെന്ന് അബുദാബി നഗരസഭാ ആക്ടിംഗ് ഡയറക്ടര്‍ മുസബ്ബഹ് മുബാറക് അല്‍ മറാര്‍ വ്യക്തമാക്കി. സ്വകാര്യ സംരംഭകരെ പുഷ്ടിപ്പെടുത്തുന്നതിന്റെ ഭാഗമായി തയാറാക്കുന്ന പദ്ധതി തലസ്ഥാന നഗരിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗര വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പദ്ധതികളും അന്താരാഷ്ട്ര നിലവാരത്തോടു കൂടിയതായിരിക്കും. എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ പൂര്‍ണ പിന്തുണയോടെയാണ് നിക്ഷേപ പദ്ധതികള്‍ തയാറാക്കുന്നത്. അബുദാബി വിഷന്‍ 2030ന്റെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികള്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതും വികസന രംഗത്ത് പുതിയ കാല്‍വെയ്പ്പുകള്‍ക്ക് ആക്കം കൂട്ടുന്നതുമാണ്. വിനോദ സഞ്ചാരം,സാംസ്‌കാരികം എന്നീ മേഖലകളില്‍ നിരവധി പദ്ധതികളാണ് അബുദാബിയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

chandrika: