X

തണുത്ത കാറ്റ്; കനത്ത മഴ

ദുബൈ: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മഴ ലഭിച്ചു. ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും അജ്മാനിലും റാസല്‍ഖൈമയിലും ചിലയിടങ്ങളില്‍ ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. എന്നാല്‍ മറ്റിടങ്ങളില്‍ നേരിയ, ഇടത്തരം മഴ ലഭിച്ചു. ശക്തമായ കാറ്റിന്റെ അകമ്പടിയോടെയാണ് വൈകിട്ടോടെ മഴ എത്തിയത്. സന്ധ്യയോടെ മഴ ശക്തിപ്പെടുകയായിരുന്നു. ഷാര്‍ജയില്‍ രാത്രി ഒന്‍പതോടെ ശക്തമായ മഴ പെയ്തു. റോഡുകള്‍ വെള്ളത്തിനടിയിലായി. മഴ ശക്തമായതോടെ ഗതാഗതവും പതുക്കെയായി.

നേരത്തെ ശക്തമായ പൊടിക്കാറ്റ് രാജ്യമെമ്പാടും അനുഭവപ്പെട്ടിരുന്നു. കടല്‍ പ്രക്ഷുബ്ദമായി. തിരമാലകള്‍ ഉയര്‍ന്നു. അറബിക്കടലില്‍ 13 അടിയും ഒമാന്‍ ഉള്‍ക്കടലില്‍ 8 അടിയും ഉയരത്തില്‍ തിരയടിച്ചതായാണ് കണക്ക്. അതേസമയം ഇന്നും മഴയുണ്ടാകുമെന്നാണ് പ്രവചനം. ദക്ഷിണ ഇറാനില്‍ അനുഭവപ്പെട്ട ന്യൂന മര്‍ദം യു.എ.ഇയിലേക്ക് വ്യാപിച്ചതാണ് കാലാവസ്ഥ അസ്ഥിരതക്ക് കാരണം.

ഇതുവഴി തണുപ്പ് വ്യാപിക്കുകയും താപനില ഗണ്യമായി കുറയുകയും ചെയ്തു. ഇന്ന് പര്‍വത മേഖലകളില്‍ താപ നില മൈനസ് ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യതയുണ്ട്. തീര മേഖലയില്‍ 23, ആന്തര മേഖലകളില്‍ 25 എന്നിങ്ങനെയാണ് പരമാവധി താപനില. 14-18 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില. പര്‍വത മേഖലയില്‍ മഞ്ഞു വീഴ്ചക്ക് സാധ്യതയുണ്ട്. കനത്ത പൊടിക്കാറ്റു മൂലം രാജ്യത്ത് പലയിടങ്ങളില്‍ ദൂരക്കാഴ്ചയും ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

chandrika: