X

16-ാം നിലക്കു മുകളില്‍ ക്രെയ്‌നുകള്‍ക്ക് ഇടയില്‍ കുടുങ്ങി ടെക്‌നീഷ്യന്‍ മരിച്ചു

ദുബൈ: രണ്ട് ക്രെയ്‌നുകള്‍ക്കിടയില്‍ കുടുങ്ങി ടെക്‌നീഷ്യന്‍ ചതഞ്ഞു മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ കുരുങ്ങിയ ക്രെയ്‌നുകള്‍ തമ്മില്‍ വേര്‍പെടുത്താനുള്ള ശ്രമത്തിനിടെയാണ് ഇദ്ദേഹം രണ്ട് ക്രെയ്‌നുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഭൂനിരപ്പില്‍ നിന്നും 50 മീറ്റര്‍ ഉയരത്തിലാണ് സംഭവം. കെട്ടിടത്തിന്റെ 15 നിലകള്‍ക്ക് മുകളിലാണ് ക്രെയിന്‍ പ്രവര്‍ത്തിച്ചിരുന്നത്. ക്രെയിന്‍ താഴെ വീഴാതെ മൃതദേഹം ഏറെ പണിപ്പെട്ടാണ് ദുബൈ സിവില്‍ ഡിഫന്‍സ് രക്ഷാ സംഘം താഴെയിറക്കിയത്.

കഴിഞ്ഞ ദിവസമുണ്ടായ കാറ്റില്‍ ക്രെയ്‌നിന്റെ സ്ഥാനം മാറിയത് പരിശോധിക്കാനാണ് സാങ്കേതിക വിദഗ്ധന്‍ മുകളില്‍ കയറിയതെന്ന് രക്ഷാ സംഘത്തലവന്‍ മേജര്‍ ഖാലിദ് ഇബ്രാഹിം അല്‍ ഹമ്മാദി പറഞ്ഞു. ക്രെയ്‌നുകള്‍ തമ്മില്‍ വേര്‍പ്പെടുത്താനുള്ള ശ്രമത്തിനിടെ അവയ്ക്കിടയില്‍ പെടുകയും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെടുകയുമായിരുന്നു എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഏറെ മുന്‍കരുതലോടെയാണ് രക്ഷാ സംഘം പ്രവര്‍ത്തിച്ചത്. സംഭവ സ്ഥലത്തേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചു. പിന്നീട് വിദ്ഗ്ധ സംഘം ഏറെ നേരം പണിപ്പെട്ടാണ് ക്രെയ്‌നുകള്‍ വേര്‍പ്പെടുത്തി മൃതദേഹം താഴെയെത്തിച്ചത്. ഉയരത്തില്‍ നിന്നും ക്രെയ്‌നുകള്‍ താഴെ വീഴാതെ നോക്കേണ്ടത് രക്ഷാ പ്രവര്‍ത്തനത്തെ ദുഷ്‌കരമാക്കി.

chandrika: