X

തൊഴിലാളികള്‍ക്ക് കുട്ടികളുടെ ഭക്ഷണപ്പൊതി

ദുബൈ: ഗ്രേഡ് വണ്‍ കുട്ടികള്‍ ഭക്ഷണപ്പൊതികളുമായി ജോലി സ്ഥലത്തെത്തിയപ്പോള്‍ തൊഴിലാളികള്‍ ആദ്യം അമ്പരന്നു. തുടര്‍ന്ന് കുട്ടികള്‍ സ്‌നേഹത്തോടെ വെച്ചു നീട്ടിയ ഭക്ഷണപ്പൊതികള്‍ സന്തോഷത്തോടെ സ്വീകരിച്ച് അവര്‍ ഒന്നിച്ചിരുന്നു കഴിച്ചു. അല്‍ബര്‍ഷ ജെ.എസ്.എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ജുമൈറ സര്‍ക്കിളിലുള്ള തങ്ങളുടെ പുതിയ കാമ്പസ് നിര്‍മിച്ച തൊഴിലാളികളോടുള്ള കൃതജ്ഞത അറിയിക്കാന്‍ ഭക്ഷണവുമായി എത്തിയത്.

യു.എ.ഇ നടത്തിവരുന്ന ഔദാര്യ വര്‍ഷത്തിന്റെ ഭാഗമായാണ് പുതിയ ആശയവുമായി വിദ്യാര്‍ത്ഥികള്‍ തൊഴിലാളികളെ വരവേറ്റത്. സ്‌കൂള്‍ ബസിലെത്തിയ 200ഓളം വിദ്യാത്ഥികള്‍ കൈയില്‍ ഭക്ഷ്യ പൊതിയുമായി തൊഴിലാളികളുടെ ഭക്ഷണ സമയം കാത്ത് തൊട്ടടുത്ത പാര്‍ക്കില്‍ നിരയായി കാത്തിരുന്നു. ആറിനും എട്ടിനുമിടയില്‍ പ്രായമുള്ളവരായിരുന്നു ഇവര്‍. തുടര്‍ന്ന് വരിയായി എത്തിയ തൊഴിലാളികള്‍ക്ക് വിദ്യാര്‍ത്ഥികള്‍ ഭക്ഷ്യ പൊതികള്‍ കൈമാറുകയായിരുന്നു.

കുഞ്ഞുങ്ങള്‍ തങ്ങളെ കുറിച്ച് ചിന്തിച്ചതില്‍ അത്യതികം സന്തോഷമുണ്ടെന്ന് പാകിസ്താനി തൊഴിലാളി പറഞ്ഞു. മൂന്നു വര്‍ഷമായി ദുബൈയില്‍ ജോലി ചെയ്യുന്ന തനിക്ക് ഇത് ആദ്യ അനുഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും ഇത് നവ്യാനുഭവമായിരുന്നു. അമ്മമാരാണ് കുട്ടികള്‍ക്ക് ഭക്ഷണമുണ്ടാക്കി നല്‍കിയത്. മൊത്തം 400 പൊതികളാണ് കുട്ടികള്‍ വിതരണം ചെയ്തത്. പുതിയ കാമ്പസ് നിര്‍മിക്കുന്ന തൊഴിലാളികള്‍ക്ക് നന്ദി പറഞ്ഞാണ് കുട്ടികള്‍ മടങ്ങിയത്.

chandrika: