X

നിരക്കിളവ് നല്‍കി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ കുഴല്‍പ്പണ ലോബി

ഗഫൂര്‍ ബേക്കല്‍

അബുദാബി:നാട്ടിലെ നോട്ട് പ്രതിസന്ധിയെ തുടര്‍ന്ന് തിരിച്ചടി നേരിട്ട കുഴല്‍പ്പണ ലോബി ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ നിരക്കിളവുകളുമായി രംഗത്ത്. 1000, 500 നോട്ടുകള്‍ അസാധുവാക്കി കൊണ്ടുള്ള പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ കളിയും തമാശയുമായാണ് ആദ്യ മണിക്കൂറുകളില്‍ പൊതുവെ ഇന്ത്യന്‍ സമൂഹം നേരിട്ടത്. നവ മാധ്യമങ്ങളില്‍ ട്രോളുകള്‍ എയ്തു വിട്ടും കള്ളപ്പണക്കാരെ കൊട്ടിയും സമയം കളഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ പിന്നിട്ടതോടെ വിഷയം പിടി വിടുമെന്നായത് പ്രവാസികളെ കൂടുതല്‍ അങ്കലാപ്പിലാക്കി. അതിനിടക്ക് വ്യാപാരികള്‍ കൂടി സമരം പ്രഖ്യാപിച്ചത് ആശങ്ക ഇരട്ടിയാവാന്‍ കാരണമായി. ഇന്നലെ സമരം പിന്‍ വലിച്ചത് വലിയ ആശ്വാസമായതായി ഗള്‍ഫില്‍ കഴിയുന്നവര്‍ വിലയിരുത്തുന്നു.

 
അതേ സമയം, നോട്ട് നിരോധനം കാരണം നാട്ടില്‍ കരുതി വെച്ച നോട്ടുകള്‍ വെറും കടലാസായി മാറിയാലുള്ള നഷ്ടം ഓര്‍ത്താണ് നിരക്കില്‍ ഇളവ് പ്രഖ്യാപിക്കാന്‍ ഹുണ്ടി ലോബി തയ്യാറാവുന്നത്. വന്‍ തുകയുടെ നോട്ട് ശേഖരമുണ്ടായിരുന്നവര്‍ നിരക്കിലെ ആനുകൂല്യത്തിന് പുറമെ ഇടപാടുകാര്‍ക്ക് ഗഡുക്കളായി തിരിച്ചടക്കാനുള്ള സാവകാശാവും നല്‍കി വരുന്നു.
ഒരു ലക്ഷം ഇന്ത്യന്‍ രൂപക്ക് 4000 ദിര്‍ഹം മാത്രം നല്‍കിയാല്‍ മതി എന്നായിരുന്നു വാഗ്ദാനം. ഒരാഴ്ച മുമ്പ് വരെ 5500 ദിര്‍ഹം വരെ കുഴല്‍പ്പണക്കാര്‍ ഈടാക്കിയിരുന്നതായാണ് ലഭിക്കുന്ന വിവരം. വില പേശുന്നവര്‍ക്ക് നാലായിരത്തിലും കുറഞ്ഞ നിരക്കില്‍ നാട്ടില്‍ പണം എത്തിച്ചു നല്‍കി. പക്ഷെ 1000, 500 രൂപയുടെ നോട്ടുകളാണ് നല്‍കുക. പ്രധാനമായും നാട്ടില്‍ ബാങ്കുകളില്‍ പണ്ടം പണയത്തിലുണ്ടായിരുന്നവരാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയത്.

chandrika: