X

മലപ്പുറത്ത് യു.ഡി.എഫ് വിജയിച്ചാല്‍ പിണറായി രാജിവെക്കുമോയെന്ന് ചെന്നിത്തല

തിരുവനന്തപുരം: മലപ്പുറം ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമോയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മലപ്പുറത്തെ തെരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാണെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്യുന്നതായും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറത്ത് ബി. ജെ. പിയും സി.പി.എമ്മും ഒത്തുകളിച്ചാണ് പ്രചരണം നടത്തുന്നത്. രണ്ടുകൂട്ടരുടെയും ലക്ഷ്യം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കുറക്കുകയെന്നതാണ്. അവിടെ രൂപപ്പെട്ടിരിക്കുന്നത് ഇരുപാര്‍ട്ടികളുടെയും അലിഖിത കൂട്ടുകെട്ടാണ്. പണ്ട് ജനസംഘവുമായും ജനതാപാര്‍ട്ടിയുമായും കൈകോര്‍ത്ത ചരിത്രം സി. പി. എമ്മിനുണ്ട്. സി. പി. എമ്മിനും ബി. ജെ. പിക്കും ഒരേ അജണ്ടയാണെന്നതാണ് മലപ്പുറം തെരഞ്ഞെടുപ്പില്‍ തെളിയുന്ന ചിത്രം. ഇത് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ദുര്‍ബലപ്പെട്ടുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണ്. പഞ്ചാബില്‍ അകാലിദള്‍-ബി. ജെ. പി സര്‍ക്കാരിനെ പരാജയപ്പെടുത്താനും മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും കോണ്‍ഗ്രസിന് കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ മതേതര കൂട്ടായ്മ ശക്തിപ്പെട്ടിരുന്നുവെങ്കില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കഴിയുമായിരുന്നു. ബി.ജെ.പിക്ക് 39.9 ശതമാനം വോട്ട് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. അതേസമയം, കോണ്‍ഗ്രസ്, എസ്. പി, ബി. എസ്. പി എന്നിവര്‍ ചേര്‍ന്ന് 50.2 ശതമാനം വോട്ട് നേടിയിട്ടുണ്ട്. ഇടതുകക്ഷികള്‍ ഒറ്റക്ക് മത്സരിക്കുകയും നോട്ടക്ക് പിന്നില്‍ വോട്ട് നേടി പരാജയപ്പെടുകയുമായിരുന്നു. ഇതുവഴി മതേതര കൂട്ടായ്മയെ ദുര്‍ബലപ്പെടുത്താനാണ് ഇടതുകക്ഷികള്‍ ശ്രമിച്ചത്.
ബി.ജെ.പിയെ നേരിടാന്‍ മതേതര ശക്തികള്‍ ഒറ്റക്കെട്ടായി അണിനിരക്കേണ്ട സാഹചര്യമാണുള്ളത്. കോണ്‍ഗ്രസിനെ ഒഴിവാക്കിക്കൊണ്ട് അത്തരമൊരു മതനിരപേക്ഷ കക്ഷിയുണ്ടാക്കാന്‍ കഴിയില്ലെന്ന് സീതാറാം യെച്ചൂരിക്ക് പോലും അറിയാം. മതനിരപേക്ഷ കൂട്ടുകെട്ടില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട പാര്‍ട്ടിയാണ് മുസ്‌ലിംലീഗ്. ആ ദൗത്യമാണ് പി.കെ കുഞ്ഞാലിക്കുട്ടിയെ പാര്‍ട്ടി ഏല്‍പ്പിച്ചത്. ദേശീയ തലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ മലപ്പുറത്ത് മതനിരപേക്ഷതക്ക് വേണ്ടി പോരാടുന്ന മുസ്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥിയായ പി.കെ കുഞ്ഞാലിക്കുട്ടിയെ പിന്തുണക്കുകയാണ് ഇടതുകക്ഷികള്‍ ചെയ്യേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. മലപ്പുറത്ത് കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷം കൂടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

chandrika: