X

യു.എന്‍ ദൂതന്‍ യമനില്‍

 

സന്‍ആ: ഹൂഥി വിമതരുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖ നഗരത്തില്‍ അറബ് സഖ്യസേന ആക്രമണം ശക്തമായതിനുശേഷമുള്ള സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ യു.എന്‍ ദൂതന്‍ മാര്‍ട്ടിന്‍ ഗ്രിഫിത്‌സ് യമനിലെത്തി. തലസ്ഥാനമായ സന്‍ആയില്‍ ഹൂഥി വിമത നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തും.
സഊദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയും വിമതരും തമ്മില്‍ പോരാട്ടം ശക്തമാക്കിയതോടെ നഗരത്തില്‍ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. യമനിലേക്കുള്ള ഇറക്കുമതിയുടെ 70 ശതമാനവും ഹുദൈദ തുറമുഖം വഴിയാണെന്നിരിക്കെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ഊര്‍ജിത ശ്രമമാണ് നടക്കുന്നത്. അക്രമത്തില്‍നിന്ന് പിന്മാറുക, തുറമുഖത്തിന്റെ നിയന്ത്രണം യു.എന്‍ മേല്‍നോട്ടത്തിലുള്ള ഒരു സമിതിക്ക് കൈമാറുക എന്നീ രണ്ട് നിര്‍ദേശങ്ങളുമായാണ് യു.എന്‍ പ്രതിനിധി ഹൂഥികള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഹുദൈദ വിമാനത്താവളത്തിന് സമീപം പോരാട്ടം രൂക്ഷമായിരിക്കുകയാണ്. ഹൂഥികളുടെ കൈയില്‍നിന്ന് വിമാനത്താവളം തിരിച്ചുപിടിച്ചതായും കുഴിബോംബുകള്‍ നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും സഊദി സഖ്യസേന അറിയിച്ചിരുന്നു. എന്നാല്‍ എയര്‍പോര്‍ട്ട് നഷ്ടപ്പെട്ടുവെന്ന വാര്‍ത്ത ഹൂഥികള്‍ നിഷേധിച്ചിട്ടുണ്ട്.
സഊദി സഖ്യസേന വിമാനത്താവളത്തിലേക്ക് കടന്നിട്ടില്ലെന്ന് ഹൂഥി വക്താവ് മുഹമ്മദ് അബ്ദുസ്സലാം പറഞ്ഞു. ഹുദൈദ പിടിച്ചെടുക്കാന്‍ സഊദിയുടേയും യു.എ.ഇയുടെയും നേതൃത്വത്തിലുള്ള അറബ് സഖ്യസേന ബുധനാഴ്ചയാണ് ആക്രമണം തുടങ്ങിയത്. ഇറാനില്‍നിന്ന് ഹൂഥികള്‍ ആയുധങ്ങള്‍ കടത്തുന്നത് ഇതുവഴിയാണെന്ന് അവര്‍ ആരോപിക്കുന്നു.
ആറു ലക്ഷത്തിലേറെ പേര്‍ ജീവിക്കുന്ന ഹുദൈദയിലെ അക്രമങ്ങള്‍ വന്‍ ദുരന്തത്തിന് കാരണമാകുമെന്ന് അന്താരാഷ്ട്ര സമൂഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് യമന്‍ ഇപ്പോള്‍ തന്നെ പട്ടിണിയുടെ പിടിയിലാണ്.

chandrika: