X

ടീമുകളൊരുങ്ങി; ബൂട്ടുകെട്ടാന്‍ 504 താരങ്ങള്‍

 

അഷ്‌റഫ് തൈവളപ്പ്
കൊച്ചി

കിക്കോഫിന് ഒന്‍പത് ദിവസം മാത്രം ശേഷിക്കെ അണ്ടര്‍-17 ലോകകപ്പിനുള്ള എല്ലാ ടീമുകളും തങ്ങളുടെ 21 അംഗ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വിവിധ ഭൂഖണ്ഢങ്ങളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 24 ടീമുകളാണ് കൗമാര കിരീടം ലക്ഷ്യമിട്ട് ഇന്ത്യയിലെത്തുന്നത്. ആതിഥേയ രാജ്യമെന്ന നിലയിലാണ് ഇന്ത്യക്ക് കളിക്കാന്‍ അവസരം ലഭിച്ചത്. ഇതാദ്യമായാണ് ഇന്ത്യ ഒരു ഫിഫ ലോകകപ്പില്‍ മത്സരിക്കുന്നത്.
റൊണാള്‍ഡീഞ്ഞോ, നെയ്മര്‍, ലൂയിസ് ഫിഗോ, ടോണി ക്രൂസ്, ബഫണ്‍, ഇനിയസ്റ്റ തുടങ്ങി നിരവധി താരങ്ങളുടെ പ്രതിഭാ പിറവിക്ക് സാക്ഷ്യം വഹിച്ച കൗമാര ലോകകപ്പില്‍ ഇത്തവണ ബൂട്ടു കെട്ടുന്നത് ആകെ 504താരങ്ങള്‍. ലോകകപ്പിന് മുമ്പേ പ്രതിഭ തെളിയിച്ച ഒരുപിടി താരങ്ങളും ഇന്ത്യയിലെത്തുന്നുണ്ട്. ബ്രസീലിന്റെ ബ്രസീലിന്റെ അത്ഭുത ബാലന്‍ വിനീഷ്യസ് ജൂനിയര്‍ തന്നെയാണ് താരങ്ങളിലെ താരം. ബ്രസീലിയന്‍ ക്ലബ്ബായ ഫ്‌ളെമിങോയില്‍ നിന്ന് ക്ലബ്ബ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് 45 മില്യണ്‍ യൂറോ (346 കോടി രൂപ) വില നല്‍കി കരാര്‍ ഉറപ്പിച്ചതോടെയാണ് വിനീഷ്യസ് ലോകത്തെ ഏറ്റവും വിലയേറിയ കൗമാര താരമായത്. ഇപ്പോള്‍ 16 വയസു മാത്രം പ്രായമുള്ള വിനീഷ്യസ് അടുത്ത ജൂലൈയില്‍ റയല്‍ മഡ്രിഡിനൊപ്പം ചേരും. രാജ്യാന്തര ട്രാന്‍സ്ഫര്‍ നിയമമനുസരിച്ച് താരത്തിന് 18 വയസ് പൂര്‍ത്തിയാവേണ്ടതിനാലാണ് ഈ കാത്തിരിപ്പ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അണ്ടര്‍-17 സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിനെ കിരീട ജേതാക്കളാക്കിയത് വിനീഷ്യസിന്റെ മികവായിരുന്നു. ടൂര്‍ണമെന്റിലാകെ ഏഴു ഗോളുകള്‍ നേടി മികച്ച താരമായതും വിനീഷ്യസ് ജൂനിയര്‍ തന്നെ.
വിനീഷ്യസ് ജൂനിയറിന് പുറമെ അടുത്തിടെ കൊറിയ ആതിഥ്യമൊരുക്കിയ അണ്ടര്‍-20 ലോകകപ്പില്‍ നാലു ഗോളുകള്‍ നേടി മികച്ച പ്രകടനം നടത്തിയ യു.എസ്.എ സ്‌ട്രൈക്കര്‍ ജോഷ് സര്‍ജെന്റും അണ്ടര്‍-17 ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും. ഫ്രഞ്ച് താരം അമീന്‍ ഗാവോരിയാണ് മറ്റൊരു താരം, അണ്ടര്‍-17 യൂറോ കപ്പില്‍ അഞ്ചു കളികളില്‍ നിന്ന് ഒമ്പതു ഗോളുകളാണ് താരം നേടിയത്. സ്പാനിഷ് താരം ആബേല്‍ റൂയിസും ലോകകപ്പിന്റെ ശ്രദ്ധാകേന്ദ്രമായിരിക്കും.ബാഴ്‌സലോണ ബി ടീമിന്റെ താരമായ റൂയിസ് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നാലു ഗോളുകള്‍ നേടിയിരുന്നു. സ്‌പെയിനിന്റെ അണ്ടര്‍-17 ടീമിനായി ഇതു വരെ 19 ഗോളുകളും താരം നേടിയിട്ടുണ്ട്. റൂയിസിനെ കൂടാതെ പ്രതിരോധ താരം മാത്യു മൊറെ, അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സെര്‍ജിയോ ഗോമെസ്, റിയല്‍ അക്കാദമി താരവും മിഡ്ഫീല്‍ഡറുമായ മുഹമ്മദ് മൌകിസ് തുടങ്ങിയ മികവേറിയ താരങ്ങളും സ്പാനിഷ് നിരയിലുണ്ട്. അനികേത് യാദവ്, കോമള്‍ തട്ടാല്‍ എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ. കൊച്ചി, ഡല്‍ഹി, കൊല്‍ക്കത്ത, ഗോവ, മുംബൈ, ഗുവാഹത്തി എന്നിവിടങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്. ഒക്‌ടോബര്‍ ആറിനാണ് രണ്ടു വേദികളിലായി കിക്കോഫ്. 28ന് കൊല്‍ക്കത്തയില്‍ ഫൈനല്‍.

chandrika: