X

എ.പി വിഭാഗത്തെ ക്ഷണിച്ചില്ലെന്ന വാദം തെറ്റിദ്ധാരണാജനകം: കെ.പി.എ മജീദ്

മലപ്പുറം: ഏക സിവില്‍കോഡിനെതിരെ കോഴിക്കോട് വിളിച്ചുചേര്‍ത്ത മുസ്്‌ലിം സംഘടനകളുടെ യോഗത്തിലേക്ക് സുന്നി എ.പി വിഭാഗത്തെ ക്ഷണിച്ചില്ലെന്ന പ്രസ്താവന തെറ്റിദ്ധാരണാജനകവും വാസ്തവ വിരുദ്ധമാണെന്നും മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയിലൂടെ അറിയിച്ചു.

യോഗത്തില്‍ പങ്കെടുത്ത എല്ലാവരേയും ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു. ഇത്തരം യോഗങ്ങളിലേക്ക് ഫോണിലൂടെ വിളിച്ചറിയിക്കലാണ് പതിവ്. ക്ഷണിച്ചുകൊണ്ട് ആര്‍ക്കും കത്തയക്കാറില്ല. പതിവായി ഇത്തരം യോഗങ്ങളില്‍ എ.പി വിഭാഗത്തെ പ്രതിനിധീകരിച്ചു പങ്കെടുക്കാറുള്ള പ്രഫ. എ.കെ അബ്ദുല്‍ഹമീദിനെ കോഴിക്കോട് നടന്ന കഴിഞ്ഞ യോഗത്തിലേക്കും വിളിച്ചിരുന്നു.

ജൂലൈ 31ന് കോഴിക്കോട് ടൗണ്‍ ഹാളില്‍ ഏക സിവില്‍കോഡിനെതിരെ നടത്തിയ പ്രതിഷേധ കൂട്ടായ്മയിലേക്കും എ.പി വിഭാഗം സുന്നികളെ ക്ഷണിക്കുകയും ഇതിനെ തുടര്‍ന്ന് പോസ്റ്ററുകളില്‍ പേര് നല്‍കുകയും ചെയ്തിരുന്നെങ്കിലും അവര്‍ പങ്കെടുത്തില്ല. ആഗസ്ത് 24ന് എറണാകുളത്ത് ഐ.എസ് ഭീകരവാദത്തിനെതിരെ നടത്തിയ മുസ്്‌ലിം സംഘടനകളുടെ യോഗത്തിലേക്കും ഇവരെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുത്തില്ല. കോഴിക്കോട് നടന്ന യോഗത്തിലേക്കും സുന്നി എ.പി വിഭാഗം പ്രതിനിധിയെ ക്ഷണിച്ചിരുന്നുവെന്നും ഒരു സംഘടനയേയും ഇത്തരം കൂട്ടായ്മയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു.

chandrika: