X

പ്രതിഷേധവേദിയായി രാജ്യ തലസ്ഥാനം; പെണ്‍കുട്ടിക്ക് നീതി ഉറപ്പാകുന്നത് വരെ പോരാട്ടമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: ഹാത്രസില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. പെണ്‍കുട്ടി അക്രമിക്കപ്പെട്ടതില്‍ യുപി ഭരണകൂടം സ്വീകരിച്ച നടപടിയില്‍ രാജ്യവ്യാപകമായി വിമര്‍ശനമുയരവെ വന്‍ പ്രതിഷേധത്തിന് വേദിയായി രാജ്യതലസ്ഥാനം. നിര്‍ഭയ വിഷയത്തിന് പിന്നാലെ വീണ്ടും പ്രതിഷേധവേദിയായി മാറിയ ഡല്‍ഹിയില്‍ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധം നടത്തുകയാണ്. പ്രതിപക്ഷം വലിയ പ്രക്ഷോഭത്തിലേക്കാണ് നീങ്ങുന്നത്.

വാല്മീകി മന്ദിറില്‍ ധര്‍ണ നടത്തുന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പെണ്‍കുട്ടിക്ക് നീതി ഉറപ്പാകുന്നത് വരെ പ്രതിഷേധം തുടരുമെന്ന് വ്യക്തമാക്കി. ഈ രാജ്യത്തെ ഓരോ സ്ത്രീയും ഹാത്രാസ് പെണ്‍കുട്ടിക്ക് വേണ്ടിയും, അവളുടെ കുടുംബത്തിന് സംഭവിച്ച അനീതിക്കെതിരെയും ശബ്ദമുയര്‍ത്തണമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

ജന്തര്‍ മന്തറില്‍ നൂറുകണക്കിനു പേര്‍ തടിച്ചുകൂടിയിട്ടുണ്ട്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഭീം ആര്‍മി പാര്‍ട്ടി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് അടക്കമുള്ളവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കും.

നമ്മുടെ സഹോദരിക്ക് നീതി ഉറപ്പാക്കുമെന്ന് പ്രിയങ്ക പ്രാര്‍ഥനാ ചടങ്ങിന് എത്തിയവരോട് പറഞ്ഞു. വാത്മീകി കമ്മ്യൂണിറ്റി പെണ്‍കുട്ടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തുന്നു എന്നറിഞ്ഞതിനാലാണ് ഞാനിവിടെ എത്തിയത്. സര്‍ക്കാര്‍ അവളുടെ കുടുംബത്തെ സഹായിച്ചിട്ടില്ല. അവരെ ഒറ്റപ്പെടുത്തുകയാണ്. അവള്‍ക്ക് നീതി ലഭിക്കുംവരെ നമ്മള്‍ നിശബ്ദരാകില്ല. പെണ്‍കുട്ടിയുടെ കുടുംബം നിസ്സഹായരാണ്. സര്‍ക്കാരിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. ഹിന്ദു ആചാര പ്രകാരം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കുകപോലും ചെയ്തില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

ഹാത്രാസ് സംഭവത്തില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നിരവധി സംഘടനകള്‍ മുന്നറിയിപ്പ് നല്‍കി.

chandrika: