X
    Categories: CultureMore

രഞ്ജിയില്‍ പുതിയ ചരിത്രം; കിരീടം വിദര്‍ഭക്ക്

ഇന്‍ഡോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ വിദര്‍ഭ ചരിത്രം. ഡല്‍ഹിയെ ഒമ്പതു വിക്കറ്റുകള്‍ക്ക് തോല്‍പ്പിച്ച് വിദര്‍ഭ ചരിത്രത്തിലാദ്യമായി രഞ്ജി കിരീടത്തില്‍ മുത്തമിട്ടു. ഒന്നാം ഇന്നിങ്‌സില്‍ 252 റണ്‍സിന്റെ നിര്‍ണായക ലീഡ് സ്വന്തമാക്കിയ ശേഷം ഡല്‍ഹിയെ 280 റണ്‍സിന് പുറത്താക്കിയ വിദര്‍ഭ വിജയ ലക്ഷ്യമായ 29 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു.

സ്‌കോര്‍ ചുരുക്കത്തില്‍: ഡല്‍ഹി 295&280. വിദര്‍ഭ: 547 & ഒരു വിക്കറ്റിന് 32.

ഒന്നാം ഇന്നിങ്‌സില്‍ വിക്കറ്റ് കീപ്പര്‍ അക്ഷയ് വാഡ്കറിന്റെ (133) കന്നി സെഞ്ച്വറിയും ഫൈസ് ഫസല്‍ (67), വസീം ജാഫര്‍ (78), ആദിത്യ സര്‍വാതെ (79), സിദ്ധേഷ് നരാല്‍ (74) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് മത്സരത്തില്‍ നിര്‍ണായമായത്. ധ്രുവ് ഷോറി (62), നിതീഷ് റാണ (64) എന്നിവര്‍ ഡല്‍ഹിയുടെ തിരിച്ചുവരിന്റെ സൂചനകള്‍ നല്‍കിയെങ്കിലും നാലാം ദിനത്തില്‍ ഇരുവരുടെയും വിക്കറ്റ് നഷ്ടമായതോടെ കളി വിര്‍ഭയുടെ വഴിയിലേക്ക് തിരിഞ്ഞു. വാലറ്റത്ത് വികാസ് മിശ്രയും (34) ആകാഷ് സുതനും (18) നടത്തിയ ആക്രമണ ബാറ്റിങ്ങാണ് മുന്‍ ചാമ്പ്യന്മാരായ ഡല്‍ഹിയെ ഇന്നിങ്‌സ് തോല്‍വിയില്‍ നിന്നു രക്ഷിച്ചത്.
രണ്ടാം ഇന്നിങ്‌സില്‍ ക്യാപ്ടന്‍ ഫസലിനെ (2) പെട്ടെന്ന് നഷ്ടമായെങ്കിലും സഞ്ജയ് രാമസ്വാമി (9 നോട്ടൗട്ട്) വസീം ജാഫര്‍ (17 നോട്ടൗട്ട്) എന്നിവര്‍ കൂടുതല്‍ നഷ്ടമില്ലാതെ വിജയത്തിലെത്തിക്കുകയായിരുന്നു.

രണ്ട് ഇന്നിങ്‌സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ പേസ് ബൗളര്‍ രജനീഷ് ഗുര്‍ബാനിയാണ് ഡല്‍ഹിയുടെ പരിചയ സമ്പന്നമായ നിരയെ കുറഞ്ഞ സ്‌കോറിന് പുറത്താക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 59 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തിയ ഗുര്‍ബാനിയുടെ നാല് ഇരകളും ബൗള്‍ഡ് ആയിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഗൗതം ഗംഭീറിനെയും നിതീഷ് റാണയെയും പുറത്താക്കിയ താരം വഴിത്തിരിവുണ്ടാക്കി.

ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ച വിദര്‍ഭ കര്‍ണാടകയെ കീഴടക്കിയാണ് ഫൈനലിലെത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: