X

ഗുജറാത്തില്‍ മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

 

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഗാന്ധിനഗര്‍ സെക്രട്ടേറിയറ്റ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി സത്യവാചകം വിജയ് രൂപാണിക്ക് ചൊല്ലിക്കൊടുക്കും. ചടങ്ങില്‍ ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞചെയ്യും.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, മറ്റു മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍ എന്നിവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും അടുത്ത ബന്ധവും ആര്‍.എസ്.എസിന്റെ ശക്തമായ പിന്തുണയാണ് വിജയ് രൂപാണിക്ക് വീണ്ടും മുഖ്യമന്ത്രി കസേരക്കുള്ള നറുക്കു വീണത്. രാജ്‌കോട്ട് വെസ്റ്റില്‍ നിന്നും നിയമസഭയിലെത്തിയ വിജയ് രൂപാണി ജൈനമത വിശ്വാസിയാണ്. പ്രദേശിക നേതാക്കളുമായും സമുദായ നേതാക്കളുമായും നല്ല ബന്ധപുലര്‍ത്തുന്ന രൂപാണിയിലൂടെ ഇത്തരക്കാരെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താനാണ് ബി.ജെ.പിയുടെ നീക്കം.

അതേസമയം തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസില്‍ നിന്നും ശക്തമായ മത്സരം നേരിട്ട സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കിയുള്ള മന്ത്രിസഭയാകും വിജയ് രൂപാണിയുടേത്. മെഹ്‌സാനയില്‍ നിന്നുള്ള പട്ടേല്‍ നേതാവാണ് നിതിന്‍ പട്ടേല്‍, അദ്ദേഹത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കുന്നതോടെ പട്ടേല്‍ സമുദായത്തിന്റെ പിന്തുണയും തങ്ങള്‍ക്കുണ്ടാവുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

ഇത് ആറാം തവണയാണ് ഗുജറാത്തില്‍ ബി.ജെ.പി അധികാരത്തിലേറുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 99 സീറ്റുമായി അധികാരം നിലനിര്‍ത്തിയ ബി.ജെ.പി ഡിസംബര്‍ 23ന് ഗവര്‍ണര്‍ ഓം പ്രകാശ് കോലി കണ്ട് മന്ത്രിസഭാ രൂപികരിക്കാനുള്ള അവകാരവാദം ഉന്നയിക്കുകയായിരുന്നു.

chandrika: