X
    Categories: Culture

ട്രംപിന്റെ സന്ദര്‍ശനം; സഊദി അറേബ്യ പ്രതീക്ഷയില്‍

റിയാദ്: ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക, സൈനിക ശക്തിയായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തുന്ന സന്ദര്‍ശനത്തെ സഊദി നേതാക്കളും ജനതയും നിരീക്ഷകരും ഉറ്റുനോക്കുന്നത് ഏറെ പ്രതീക്ഷയോടെ. ഈ മാസം അവസാന വാരത്തില്‍ ഡൊണാള്‍ഡ് ട്രംപ് സഊദി അറേബ്യ സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം നടത്തുന്ന പ്രഥമ വിദേശ പര്യടനത്തില്‍ ആദ്യമായി സന്ദര്‍ശിക്കുന്നതിന് ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത് സഊദി അറേബ്യ ആണ്. ഇതിന് മുമ്പ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ഒരു അറബ്, മുസ്‌ലിം രാജ്യത്തേക്ക് പ്രഥമ വിദേശ സന്ദര്‍ശനം നടത്തിയ ചരിത്രമില്ല. ഈ കീഴ്‌വഴക്കമാണ് ട്രംപ് തകര്‍ക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ കാനഡയും ബുഷ് മെക്‌സിക്കോയും ക്ലിന്റണ്‍ കാനഡയും അച്ഛന്‍ ബുഷ് കാനഡയും ഡൊണാള്‍ഡ് റീഗണ്‍ മെക്‌സിക്കോയും ആണ് ആദ്യമായി സന്ദര്‍ശിച്ചതെന്നും ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം ചരിത്രപരമാണമെന്നും വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ് ആന്‍ഡ്രൂ ബീറ്റി പറഞ്ഞു.

സഊദി ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ മാര്‍ച്ച് മധ്യത്തില്‍ വൈറ്റ് ഹൗസില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റുമായി വിശദമായ ചര്‍ച്ച നടത്തിയിരുന്നു. ബരാക് ഒബാമയുടെ എട്ട് വര്‍ഷം നീണ്ട ഭരണ കാലത്ത് സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ഊഷ്‌ളമായിരുന്നില്ല. സിറിയന്‍ സംഘര്‍ഷത്തിന് അറുതിയുണ്ടാക്കുന്നതിന് ഇടപെടലുകള്‍ നടത്തുന്നതിന് ഒബാമ മടിച്ചതും ആണവ പ്രശ്‌നത്തില്‍ ഇറാന്‍ അനുകൂല നിലപാടുകള്‍ സ്വീകരിച്ചതുമാണ് ഉഭയകക്ഷിബന്ധത്തില്‍ വിള്ളലുണ്ടാക്കിയത്.
ഉഭയകക്ഷിബന്ധം പഴയപടി ശക്തമാക്കുന്നതിന് ഡെപ്യൂട്ടി കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ സാധിച്ചു. അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റ ശേഷം ട്രംപ് സ്വീകരിക്കുന്ന ആദ്യത്തെ അറബ്, മുസ്‌ലിം നേതാവായിരുന്നു അമീര്‍ മുഹമ്മദ്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നോണമുള്ള പ്രഥമ വിദേശ സന്ദര്‍ശനത്തിന് സഊദി അറേബ്യയെ ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുത്തത്. സഊദി അറേബ്യക്ക് ശേഷം ഇസ്രായിലും വത്തിക്കാനും സന്ദര്‍ശിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ബ്രസ്സല്‍സില്‍ നാറ്റോ ഉച്ചകോടിയിലും ഇറ്റലിയില്‍ ജി-7 ഉച്ചകോടിയിലും പങ്കെടുക്കും.
ഭീകരവിരുദ്ധ പോരാട്ട മേഖലയില്‍ സഊദി അറേബ്യയും അമേരിക്കയും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന് യു.എസ് പ്രസിഡന്റിന്റെ സഊദി സന്ദര്‍ശനം വഴിവെക്കുമെന്ന് സഊദി വിദേശ മന്ത്രി ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനത്തിനിടെ സഊദി-അമേരിക്കന്‍ ഉച്ചകോടിയും ഗള്‍ഫ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമുണ്ടാകും. ഇതിന് പുറമെ അറബ്, മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായും സഊദിയില്‍ വെച്ച് അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തും. അറബ്, മുസ്‌ലിം ലോകത്തോട് അമേരിക്ക ദുരുദ്ദേശ്യം വെച്ചുപുലര്‍ത്തുന്നില്ല എന്നതിനുള്ള ശക്തകമായ സന്ദേശമാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ സഊദി സന്ദര്‍ശനം. അമേരിക്ക മുസ്‌ലിം വിരുദ്ധരാണെന്ന ധാരണയും ഇത് ഇല്ലാതാക്കുന്നു. അമേരിക്കക്കും മുസ്‌ലിം രാജ്യങ്ങള്‍ക്കും പങ്കാളിത്തം സ്ഥാപിക്കുന്നതിന് സാധിക്കുമെന്നതിന് ലോകത്തിനുള്ള വ്യക്തമായ സന്ദേശമാണിതെന്നും ആദില്‍ അല്‍ജുബൈര്‍ പറഞ്ഞു.

chandrika: