X

വാര്‍ണര്‍ ഷോ

 

മെല്‍ബണ്‍: ആഷസ് പരമ്പരയിലെ നാലാം മത്സരത്തിലും ഓസ്ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്നു വിക്കറ്റിന് 244 എന്ന നിലയിലാണ്. കരിയറിലെ 21-ാം സെഞ്ച്വറി നേടിയ ഡേവിഡ് വാര്‍ണറും (103) അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ സ്റ്റീവന്‍ സ്മിത്തും (65 നോട്ടൗട്ട്) ആണ് ഓസീസ് ഇന്നിങ്സിന് കരുത്തായത്. സ്മിത്തിനൊപ്പം ഷോണ്‍ മാര്‍ഷ് (31) ആണ് ക്രീസില്‍.
കാമറൂണ്‍ ബെന്‍ക്രോഫ്റ്റിനെ ഒരറ്റത്തു നിര്‍ത്തി അതിവേഗത്തില്‍ സ്‌കോര്‍ ചെയ്ത ഡേവിഡ് വാര്‍ണര്‍ ഇംഗ്ലണ്ടിനെ തുടക്കത്തില്‍ തന്നെ ബാക്ക്ഫുട്ടിലാക്കി. 64 പന്തില്‍ ആറ് ബൗണ്ടറികളുടെ സഹായത്തോടെ അര്‍ധശതകത്തിലെത്തിയ വാര്‍ണര്‍ ഭാഗ്യത്തിന്റെ അകമ്പടിയോടെയാണ് സെഞ്ച്വറി നേടിയത്. 99-ല്‍ നില്‍ക്കെ അരങ്ങേറ്റ താരം ടോം കുറാന്റെ പന്തില്‍ വാര്‍ണര്‍ മിഡ് ഓണില്‍ ക്യാച്ച് നല്‍കിയിരുന്നെങ്കിലും മൂന്നാം അംപയറുടെ പരിശോധനയില്‍ പന്ത് നോബോളാണെന്ന് കണ്ടെത്തുകയായിരുന്നു. സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഉടനെ ജെയിംസ് ആന്റേഴ്സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെയര്‍സ്റ്റൗ പിടിച്ച് വാര്‍ണര്‍ പുറത്താവുകയും ചെയ്തു. 151 പന്ത് നേരിട്ട വാര്‍ണര്‍ 13 ബൗണ്ടറികളും ഒരു സിക്‌സറും നേടിയിരുന്നു. ബാന്‍ക്രോഫ്റ്റ് (26), ഉസ്മാന്‍ ഖ്വാജ (17) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്സ്മാന്മാര്‍. ഓപണര്‍ ബാങ്ക്‌റോഫ്റ്റിനെ ക്രിസ് വോക്‌സ് വിക്കറ്റിനു മുന്നില്‍ കുടുക്കിയപ്പോള്‍ ബ്രോഡിന്റെ പന്തില്‍ കോട്ട് ബിഹൈന്റ് ആയിട്ടായിരുന്നു ഖ്വാജയുടെ (17) മടക്കം.
ലഞ്ച് വരെ കളി പൂര്‍ണമായും ഓസ്‌ട്രേലിയയുടെ വരുതിയിലായിരുന്നെങ്കിലും ഇംഗ്ലീഷ് ബൗളര്‍മാര്‍ താളം കണ്ടെത്തിയതോടെ ഓസീസ് ഇന്നിങ്‌സ് മന്ദഗതിയിലായി. നാലാമനായി ക്രീസിലിറങ്ങിയ സ്റ്റീവന്‍ സ്മിത്ത് അര്‍ധശതകം പിന്നിടാന്‍ 98 പന്തെടുത്തു. അവസാന സെഷനില്‍ ബൗളര്‍മാരെ പ്രതിരോധിക്കുക എന്നതായിരുന്നു ഓസീസ് ബാറ്റ്‌സ്മാന്മാരുടെ പ്രധാന ജോലി. ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഓസ്‌ട്രേലിയ കാലിന് പരിക്കുള്ള മിച്ചല്‍ സ്റ്റാര്‍ക്ക് ഇല്ലാതെയാണ് പ്ലെയിങ് ഇലവനെ ഇറക്കിയത്; പകരം ജാക്ക്‌സണ്‍ ബേര്‍ഡിന് അവസരം ലഭിച്ചു. ഇംഗ്ലണ്ട് നിരയില്‍ പേസ് ബൗളര്‍ ബാന്‍ക്രോഫ്റ്റിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചു. മോയിന്‍ അലി കളിക്കുന്ന കാര്യം സംശയത്തിലായിരുന്നെങ്കിലും അവസാന നിമിഷം ഫിറ്റ്‌നസ് ടെസ്റ്റ് പാസായ ഓള്‍റൗണ്ടര്‍ ഇംഗ്ലീഷ് ഇലവനില്‍ ഇടംപിടിച്ചു.

chandrika: