X

ജലം സംരക്ഷിക്കാം ചൂടിനെ ചെറുക്കാം

 

സതീഷ്ബാബു കൊല്ലമ്പലത്ത്

കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം നല്‍കിയ മുന്നറിയിപ്പ് കേരളം വളരെ ആശങ്കയോടെയാണ് സ്വീകരിച്ചത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ പ്രതീക്ഷിക്കാവുന്ന വര്‍ധിച്ച അന്തരീക്ഷ ഊഷ്മാവ് ഇത്തവണ രണ്ട് മാസം മുമ്പെതന്നെ അതായത് മാര്‍ച്ച് ആദ്യ വാരത്തില്‍ അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. മാര്‍ച്ച് രണ്ടാം വാരം ആകുമ്പോഴേക്കും നാല് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 10 ഡിഗ്രി സെല്‍ഷ്യസ് വരെ താപം വര്‍ധിച്ചു 45 ഡിഗ്രി സെല്‍ഷ്യസോളം ഉയരുമെന്നാണ് സൂചന. കഴിഞ്ഞ മെയ് അവസാന വാരം ഡല്‍ഹിയില്‍ അനുഭവപ്പെട്ട 44 ഡിഗ്രി സെല്‍ഷ്യസിന് തുല്യമായ ഉഷ്ണം കേരളത്തില്‍ മാര്‍ച്ച് അവസാനമാകുമ്പേഴേക്കും അനുഭവപ്പെടുമെന്നര്‍ത്ഥം. 2008-ല്‍ കോഴിക്കോട്ട് പരമാവധി 34.5 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന ചൂട് 2016 മെയ് മാസം 38.6 വരെയായി ഉയര്‍ന്ന് 150 വര്‍ഷത്തെ റിക്കാര്‍ഡ് തിരുത്തിയിരുന്നു. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ 2016ല്‍ ഡല്‍ഹിയിലുണ്ടായ ചൂടിനേക്കാള്‍ എട്ട് ഡിഗ്രി സെല്‍ഷ്യസോളം വര്‍ധിക്കുമെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ഉത്തര കേരളത്തില്‍ കൂടുതല്‍ ഉഷ്ണം വര്‍ധിക്കും.
എന്തുകൊണ്ട് ഉത്തര കേരളത്തില്‍ ഇത്രയും ചൂട് ഒറ്റയടിക്ക് വര്‍ധിക്കുന്നു? കാലാവസ്ഥ വ്യതിയാനം വര്‍ധിച്ചുവരുന്ന താപനത്തിന് ഇടയാക്കിയതിനുപുറമെ കഴിഞ്ഞ വര്‍ഷമുണ്ടായ ഓഖി ചുഴലിക്കാറ്റ് കാരണം കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ കാര്‍ബണും മറ്റ് പൊടിപടലങ്ങളും വര്‍ധിച്ചത് ഉഷ്ണത്തിന് ഇടവരുത്തി. സാധാരണയായി 415 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യണ്‍) അളവിലാണ് കാര്‍ബണ്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ താഴുന്നത്. എന്നാല്‍ ഓഖി ചുഴലിക്കാറ്റിന് ശേഷം കോഴിക്കോട്, പാലക്കാട് തുടങ്ങി ഉത്തര കേരളത്തിലെ ജില്ലകളില്‍ കാര്‍ബണിന്റെ അളവ് 430 പി.പി.എം വരെ വര്‍ധിച്ചു. ചുഴലിക്കാറ്റിന്റെ ഫലമായി ദക്ഷിണ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെ തൂത്തുക്കുടി, കന്യാകുമാരി തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും കാര്‍ബണും മറ്റ് പൊടിപടലങ്ങളും കാറ്റിനോടൊപ്പം സഞ്ചരിച്ച് താരതമേന്യ ഓഖി ചുഴലിക്കാറ്റിന്റെ തീവ്രത നേരിടാത്ത ഉത്തര കേരളത്തില്‍ നിക്ഷേപിക്കാ നിടയായതാണ് ഇതിന് കാരണം. ഇതിന്റെ ഫലമായി കാര്‍ബണ്‍ പൊടിപടലങ്ങളുടെ അംശം വര്‍ധിക്കുകയും മാര്‍ച്ച് മാസത്തില്‍ കുത്തനെ പതിക്കുന്ന സൂര്യകിരണങ്ങള്‍ കാര്‍ബണ്‍ പൊടിപടലങ്ങളില്‍ പറ്റി അമിത ചൂട് പുറത്തേക്ക് വിസര്‍ജ്ജിക്കപ്പെടുകയും ചെയ്യുന്നു. കാര്‍ബണ്‍ ഒരു ചൂട് ത്വരഗമാണ്. സൂര്യനില്‍ നിന്നുള്ള താപം വലിച്ചെടുക്കുന്നതോടൊപ്പംതന്നെ രാത്രികാലങ്ങളില്‍ പ്രത്യേകിച്ച് അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞ അവസരത്തില്‍ അവ പുറത്തേക്ക് വിസര്‍ജ്ജിക്കുകയും ചെയ്യുന്നു. ഇതാണ് ഉത്തര കേരളത്തില്‍ പെട്ടെന്ന് ചൂട് വര്‍ധിക്കാനിടവരുത്തിയത്.
ഉഷ്ണം വര്‍ധിക്കുന്നതനുസരിച്ച് സിറ്റി ഏരിയ കേന്ദ്രീകരിച്ചു ജീവിക്കുന്ന തൊഴിലാളികളാണ് ഏറ്റവും ദുരിതമനുഭവിക്കുന്നത്. വാഹനങ്ങളില്‍ നിന്നുവരുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് പോലുള്ള വിഷ വാതകങ്ങള്‍ ഉഷ്ണ കാലത്ത് കൂടുതല്‍ ദുരിതം വിതക്കുന്നുണ്ടെന്ന് കല്‍ക്കത്തയിലെ ന്യൂസ് (നാച്ചുറല്‍ എന്‍വയണ്‍മെന്റ് ആന്റ് വൈല്‍ഡ് ലൈഫ് സെസൈറ്റി) നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണ കാലത്ത് കാര്‍ബണ്‍ വാതകങ്ങള്‍ അടങ്ങിയ സൂഷ്മ പൊടിപടലങ്ങള്‍ വികാസം പ്രാപിച്ച് ചലിക്കാന്‍ തുടങ്ങുന്നു. തെര്‍മല്‍ കണ്ടക്റ്റിവിറ്റി ഒഫ് കാര്‍ബണ്‍ പ്രഭാവം (ടി.സി.സി ഇഫക്ട്) എന്ന പേരിലുള്ള ഈ കാര്‍ബണ്‍ ഊര്‍ജ ചലനം കൂടുതല്‍ അപകടകരമാകുന്നത് ഉഷ്ണ കാലത്ത് വാഹനങ്ങള്‍ പുറത്തുവിടുന്ന വാതകങ്ങള്‍ ശ്വസിക്കുമ്പോഴാണ്. ഇവ ശരീരത്തെ നിര്‍ജലീകരിക്കുക മാത്രമല്ല രക്തപരിക്രമണ വ്യവസ്ഥയെ താറുമാറാക്കി സ്‌ട്രോക്ക് വരുന്നതിന് കാരണമാക്കുകയും ചെയ്യുന്നു. 2016 ലെ വേനലില്‍ സംസ്ഥാനത്ത് പത്തോളം ട്രാഫിക് ഉദ്യോഗസ്ഥരും 70 ഓളം തെരുവോര കച്ചവടക്കാരും ഉഷ്ണാഘാതമേറ്റ് തളര്‍ന്നുവീണിട്ടുണ്ട്. ഓട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് ഹൃദ്രോഗം, ആസ്തമ, അലര്‍ജി തുടങ്ങിയ രോഗങ്ങള്‍ക്ക് ഇടവരുത്തുന്നു. കല്‍ക്കത്തയിലെ ന്യൂസ് സംഘടന 896 ഓളം ഡ്രൈവര്‍മാരിലും തെരുവ് കച്ചവടക്കാരിലും നടത്തിയ പഠനത്തിലാണ് ഇക്കാര്യം ബോധ്യപ്പെട്ടത്. സിറ്റി കേന്ദ്രീകരിച്ചു സേവനം നടത്തുന്ന ഓട്ടോ ഡ്രൈവര്‍മാരിലാണ് ടി.ടി.സി പ്രഭാവം കൂടുതല്‍ കണ്ടുവരുന്നത്. ഓരോ തവണ ട്രാഫിക് കുരുക്കില്‍ കുടുങ്ങുമ്പോഴും വലിയ വാഹനങ്ങളുടെ സൈലന്‍സറില്‍നിന്നും പുറത്തുവരുന്ന വിഷ വാതകം ശ്വസിക്കേണ്ടി വരുന്നത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരാണ്. ട്രാഫിക് ബ്ലോക്കില്‍പെട്ട് ഓട്ടോറിക്ഷയും മറ്റു വാഹനങ്ങളും വന്‍ വാഹനങ്ങളുടെ വിഷപ്പുക തള്ളുന്ന സൈലന്‍സറിന് അഭിമുഖമായി നിര്‍ത്തേണ്ടിവരികയും നാസാദ്വാരവും സൈലന്‍സറും തമ്മിലുള്ള അകലം കുറഞ്ഞ് കൂടുതല്‍ വിഷവസ്തു ശരീരത്തിലെത്തിപ്പെടുകയും ചെയ്യുന്നു. ഇതാണ് സൈലന്‍സര്‍ നോസ് ക്ലോസ്‌നസ് എഫക്ട് അല്ലെങ്കില്‍ ഇ.എന്‍.സി പ്രഭാവം. ഉഷ്ണ കാലത്ത് പ്രത്യേകിച്ചും സിറ്റിയിലെ ചൂടില്‍ ഇവ എളുപ്പം ഓട്ടോ ഡ്രൈവര്‍മാരുടെയും സിറ്റി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരുടെയും ശ്വാസകോശങ്ങളില്‍ എത്തുന്നു. ഒറ്റ പോംവഴിയെ ഉള്ളൂ. ഡ്രൈവര്‍ ഇരിക്കുന്ന സീറ്റിന്റെ ഭാഗം അടക്കം ഓപ്പണ്‍ കാബിനു പകരം ക്ലോസ്ഡ് കാബിനാക്കുക. യാത്രക്കാര്‍ക്കും ഡ്രൈവര്‍മാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കണം. ഇതിനുള്ള നിയമം പാസ്സാക്കുന്നതോടൊപ്പം ബോധവത്കരണവും നടത്തണം. വലിയ വാഹനങ്ങളുടെ സൈലന്‍സറിന് ഒരു മീറ്റര്‍ ചുറ്റളവില്‍ ആയിരം സിഗരറ്റ് ഒരുമിച്ചു വലിക്കുന്നതിനു തുല്യമായ അനുഭവമാണ് ഉണ്ടാകുന്നത്. ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോള്‍ വാഹനങ്ങള്‍ നാല് മുതല്‍ അഞ്ച് വരിയായി നില്‍ക്കുന്നതിനു പകരം ഒറ്റ വരിയായി നിര്‍ത്തുന്നതിന് സംവിധാനമുണ്ടാക്കുമ്പോള്‍ സൈലന്‍സര്‍ എസ്.എല്‍.സി പ്രഭാവം വളരെ കുറയ്ക്കാം.
അന്തരീക്ഷ താപം വര്‍ധിക്കുന്നതോടൊപ്പം ഒരു കൂടപ്പിറപ്പെന്നപോലെ ജല ബാഷ്പീകരണ ത്വരതയും വര്‍ധിക്കുന്നതായി കാണാം. ഉഷ്ണം ജലക്ഷാമം വര്‍ധിപ്പിക്കും. അമിത താപനില ജലത്തെ ബാഷ്പീകരിച്ച് നീരാവിയായി കൊണ്ടുപോകുന്നു. ഇത് ഭൗമ തലത്തിലെ ജലത്തിന്റെ അളവ് കുറയുന്നതിന് ഇടവരുത്തുന്നു. കേരളത്തില്‍ 3000 സെ. മീറ്ററോളം മഴ ലഭിക്കുന്നുണ്ടെങ്കിലും ചൂട് കൂടുന്നതിനനുസരിച്ച് അതില്‍ 1700 സെ. മീറ്ററോളം നീരാവിയായി നഷ്ടപ്പെട്ടുപോകുന്നത് ജലക്ഷാമം വര്‍ധിപ്പിക്കുന്നതിന് ഇടവരുത്തുന്നു. ഉഷ്ണ കാലത്ത് കേരളത്തില്‍ തോടുകളിലെയും കിണറുകളിലെയും ജലം നീരാവിയായി പോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇതിനുള്ള ശ്രമം ഇതുവരെ കേരളത്തില്‍ നടത്തിയിട്ടില്ല. ജലം അനാവശ്യമായി കളയുന്നത് നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് ബാഷ്പീകരണം തടയുന്നതിന് നടപടികള്‍ സ്വീകരിക്കേണ്ടത്. 50 ഃ 25 മീറ്റര്‍ ഡയമീറ്റര്‍ ഉപരിതല വ്യാപ്തിയും 1250 സ്‌ക്വയര്‍മീറ്റര്‍ നീളവുമുള്ള ജലാശയത്തില്‍ നിന്നും ഒരു ദിവസം 10560 ലിറ്റര്‍ ജലം നീരാവിയായി പോകുന്നു. അതായത് തുറസ്സായി കിടക്കുന്ന കിണറില്‍ നിന്നും 1000 ലിറ്ററോളം ജലം നീരാവിയായി പോകുന്നു. ഇത് തടയേണ്ടതുണ്ട്. കിണറുകളെ പൊടിപടലങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിന് വേണ്ടി വലയിട്ട് സൂക്ഷിക്കാറുള്ളതുപോലെ ശുദ്ധജലം നീരാവിയായി പോകാതിരിക്കാന്‍ നടപടി സ്വീകരിക്കാനുള്ള സമയമാണിപ്പോള്‍. ജല കലുങ്കുകളില്‍ പാഴ്ജലംഎത്തിക്കുകയും നീരാവിയാകുന്നതു തടഞ്ഞതുകൊണ്ടും മാത്രമാണ് നാനൂറു സെന്റിമീറ്റര്‍ മാത്രം മഴ ലഭിക്കുന്ന പൂനക്കടുത്തുള്ള ബിവ്‌റെ ഗ്രാമം ജലസമൃദ്ധ ഗ്രാമമായി മാറിയത്. മാര്‍ച്ച് – മെയ് മാസത്തില്‍ ഉണ്ടാകുന്ന ഉഷ്ണം വഴി യഥാര്‍ത്ഥത്തില്‍ ഒരു കുടുംബത്തിനാവശ്യമുള്ള ജലത്തിന്റെ ഇരട്ടിയോളം തുറസ്സായ കിണറില്‍ നിന്നും ജലം ബാഷ്പമായി പോകുന്നു. ഇത് എങ്ങനെ തടയാം എന്നതാണ് കാതലായ പ്രശ്‌നം. സൂര്യകിരണം ജലത്തിന്റെ ഉപരിതലവുമായി സമ്പര്‍ക്കമുണ്ടാക്കുന്നത് തടയത്തക്ക രീതിയില്‍ പ്ലാസ്റ്റിക് വലയുള്ള കവറിനൊപ്പം പച്ച ഓല കൊണ്ട് കിണറിന്റെ മുകള്‍ ഭാഗം മൂടിയിരിക്കുന്നത് നന്നായിരിക്കും. ഇസ്രാഈല്‍ പോലുള്ള രാജ്യങ്ങള്‍ മോര്‍ അക്വാ (ങീൃല അൂൗമ) പോലെയുള്ള വിഷവിമുക്ത ഹരിത ലായനി ജലത്തില്‍ തെളിച്ചാണ് തോടുകളിലെയും ഡാമുകളിലെയും ബാഷ്പീകരണം തടയുന്നത്. ഇത് ജലവും സൂര്യതാപവും തമ്മില്‍ ബന്ധപ്പെടുന്നതിനുള്ള സാഹചര്യം കുറക്കുകയും ജലം നഷ്ടപ്പെടാതെ സൂക്ഷിക്കുകയും ചെയ്യുന്നു.
കിണറുകളുടെയും തോടുകളുടെയും സമീപത്തായി രണ്ട് മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ വ്യാസമുള്ള ചെറിയ ജല കലുങ്കുകള്‍ നിര്‍മ്മിക്കുകയും വീടുകളില്‍ നിന്നും പുറത്ത് വിടുന്ന ജലം ഇതിലെത്തിച്ചേരുന്ന അവസരം ഉണ്ടാക്കുകയും വേണം. കുളിക്കാനും പാത്രം കഴുകുകാനും അലക്കാനുമാണ് ജലത്തിന്റെ 70 ശതമാനവും ഉപയോഗിക്കുന്നത്. ഈ ജലം ജല കലുങ്കുകളിലേക്ക് തിരിച്ചുവിട്ടാല്‍ അവ ഭൂമിയുടെ പുറം ഭാഗത്തുള്ള ചെറിയ ഭൗമ ന്യൂറോണ്‍ വഴി കിണറുകളിലേക്ക് റീ ചാര്‍ജ്ജ് ചെയ്യപ്പെടുന്നു. ഇത്തരം കലുങ്കുകളില്‍ ജലം ശുദ്ധീകരിക്കുന്നതിന് ചിരട്ടക്കരികളും ധാരാളമായി ഉപയോഗിക്കാം. ജലത്തിലെ വിഷാംശങ്ങളെല്ലാം ചിരട്ടയിലുള്ള കാര്‍ബണ്‍ വലിച്ചെടുക്കുകയും ശുദ്ധമായ ജലത്തെ കിണറുകളിലെത്തിക്കുകയും ചെയ്യുന്നു. കലുങ്കുകളുടെ അടിത്തട്ടില്‍ ചകിരിയോ ചകിരിച്ചോറുകളോ അടുക്കടുക്കായി നിക്ഷേപിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. ഇത് ധാരാളം ജലത്തെ വലിച്ചെടുക്കുകയും ബാഷ്പീകരിക്കാതെ അവയെ ഭൂമിയില്‍ തന്നെ നിലനിര്‍ത്തുകയും ചെയ്യുന്നു.
ഉഷ്ണ കാലത്ത് കൃഷിക്ക് ജല സേചനം നടത്തുമ്പോള്‍ തന്നെ ജലത്തിന്റെ ബാഷ്പീകരണ സാധ്യത ഒഴിവാക്കേണ്ടതുണ്ട്. കൃഷി ഭൂമിയിലേക്ക് തിരിച്ചുവിടുന്ന ജലം സൂര്യതാപനത്തിന് വിധേയമാവുകയാണെങ്കില്‍ ചെടികള്‍ വലിച്ചെടുക്കന്നതിന് മുമ്പേ തന്നെ ജലത്തിന്റെ 60 മുതല്‍ 70 ശതമാനം വരെ ബാഷ്പീകരണം വഴി നഷ്ടപ്പെട്ടുപോകുന്നു. ഇത് തടയാന്‍ ഭൗമ ന്യൂറോണുകള്‍ വഴി ഡ്രിപ്പ് ഇറിഗേഷന്‍ സമ്പ്രദായം വ്യാപിപ്പിക്കേണ്ടതുണ്ട്. ധാരാളം സുഷിരങ്ങളുള്ള ചെറു പൈപ്പുകള്‍ കൃഷിയിടങ്ങളിലേക്ക് സ്ഥാപിച്ച് ജലസേചനം ഈ പൈപ്പുകള്‍ വഴി നടത്തണം. ചെറു ദ്വാരങ്ങളുള്ള പൈപ്പുകള്‍ മണ്ണിനടിയില്‍ ഇറക്കി വെച്ച ശേഷം അതിലൂടെ ജലം കടത്തിവിടുമ്പോള്‍ ചെടികളുടെ വേരുകള്‍ക്ക് തന്നെ നേരിട്ട് ലഭിക്കുകയും ഉപരിതല ബാഷ്പീകരണം സംഭവിക്കാതെ പൂര്‍ണമായും ജലത്തെ കൃഷിക്ക് വേണ്ടി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നതുമാണ്. കൃഷിയിടങ്ങളില്‍ ജലസേചനം വ്യാപകമായി നടത്തുന്നതിന് പകരം മണ്ണിലൂടെ ഉണ്ടാക്കിയ ന്യൂറോണ്‍ പൈപ്പുകള്‍ വഴി ജലം കൃഷിയിടങ്ങളിലേക്കെത്തിക്കുമ്പോള്‍ ബാഷ്പീകരണം കുറക്കാം. അഹമ്മദ്‌നഗറിലെ ഹിവ്‌റെ ബസാര്‍ വില്ലേജില്‍ ഉപയോഗശൂന്യമായിപ്പോകുന്ന ഡൊമസ്റ്റിക് വേസ്റ്റ്‌വാട്ടര്‍ 250 ഓളം ഭൂഗര്‍ഭ അറകളില്‍ സംരക്ഷിച്ചുവെക്കുകയും അവ ബാഷ്പീകരണത്തിന് വിധേയമാവാതെ ഡ്രിപ് ഇറിഗേഷന്‍ വഴി ജലസേചനം നടത്തി ഇന്ത്യയിലെ ഏറ്റവും ജല സമൃദ്ധിയും കാര്‍ഷികോത്പാദന വര്‍ധനവുമുള്ള വില്ലേജാക്കി മാറ്റുകയും ചെയ്ത അനുഭവം മുന്നിലുണ്ട്. ബാഷ്പീകരണം തടയുകയും നിര്‍ജലീകരണത്തിനിട വരുത്തുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്താല്‍ കാലാവസ്ഥാ വ്യതിയാനം വഴി ഉണ്ടാകുന്ന മാന്ദ്യം കുറച്ച ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും.

chandrika: