X

ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു

സി.പി സൈതലവി
വെടിയുണ്ടകള്‍ തുരുതുരാ ജനക്കൂട്ടത്തിനു നേര്‍ക്കുവരുന്നു. ആളുകള്‍ തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്‍ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്‍ക്കു നാലകത്ത് സൂപ്പി ധൃതിയില്‍ നടന്നു ചെല്ലുന്നു. ഒരു കയ്യില്‍ എം.എല്‍.എ കാര്‍ഡുയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങളും വെടിയൊച്ചയും കൂടിക്കലര്‍ന്ന അന്തരീക്ഷം. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഒരെത്തുംപിടിയുമില്ല. പതിനായിരത്തില്‍പരം പ്രവര്‍ത്തകര്‍ വന്നുചേര്‍ന്നിട്ടുണ്ടെങ്കിലും സാധാരണ രീതിയിലെ കലക്‌ട്രേറ്റ് പിക്കറ്റിങ് മാത്രമാണിവിടെ. അതിനിടയില്‍ നിനച്ചിരിക്കാത്ത നേരത്ത് വന്നുവീണ പ്രകൃതി ദുരന്തം കണക്കെ ഇതാ കണ്‍മുന്നില്‍ ആളുകള്‍ പിടയുന്നു. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പിന്നിട്ട ജീവിതപ്പാതയിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം ഓര്‍മയുടെ വഴിയരികില്‍ തള്ളിത്തിരക്കിനില്‍പ്പുണ്ട് 1980-ലെ ആ റമസാന്‍ ദിനം. ജൂലൈ 30. റമസാന്‍ 17. ബദര്‍ദിനം. മജീദ് റഹ്മാന്‍ കുഞ്ഞിപ്പ എന്നിവരുടെ വീരരക്തസാക്ഷിത്വം.
അത് യുവജന സമരങ്ങളുടെ ദശകമായിരുന്നു. ആ അരങ്ങില്‍ ദേശീയവും രാഷ്ട്രാന്തരീയവുമായ മുദ്രാവാക്യങ്ങളുമായി മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകരും തെരുവുകള്‍ നിറയുകയാണ്. സെമിനാറുകളും കവലയോഗങ്ങളും കാല്‍നടജാഥകളും തകൃതി. ഫലസ്തീനിലെയും അഫ്ഗാനിലെയും നരവേട്ടക്കെതിരെ, ഉത്തരേന്ത്യ പുകയുന്ന വര്‍ഗീയകലാപങ്ങള്‍ക്കെതിരെ യുവരോഷമുണരുകയാണ്. അടിയന്തരാവസ്ഥാനന്തര രാഷ്ട്രീയത്തിന്റെ എരിവും പുകയുമുണ്ട്. കേന്ദ്രത്തിലെ ജനതാസര്‍ക്കാര്‍ കൊണ്ടുവരുന്ന കരിനിയമങ്ങളോട് ഏറ്റുമുട്ടുന്നുണ്ട്. നാട്ടിലെ അഭ്യസ്തവിദ്യരായ തൊഴിലില്ലാപടക്കുവേണ്ടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍, സംവരണ അട്ടിമറികള്‍ക്കെതിരെ സര്‍വകലാശാലകള്‍ക്കും സെക്രട്ടറിയേറ്റിനും മുന്നില്‍ നിലയ്ക്കാത്ത പ്രക്ഷോഭങ്ങളാണ്.

ഒരു ദശകത്തിലേറെയുള്ള ഇടവേള കഴിഞ്ഞ് കേരളത്തില്‍ അധികാരമേറിയ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരിന്റെ ജനദ്രോഹ പൊലീസ് ഭരണത്തിനെതിരെ ബഹുജനരോഷമുയരുന്നുണ്ട്. ‘മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലാത്തകാലം’ എന്നു സി.എച്ച് മുഹമ്മദ്‌കോയ സാഹിബ് വിശേഷിപ്പിച്ച മാര്‍ക്‌സിസ്റ്റ് ദുര്‍ഭരണം. ഇ.കെ നായനാരാണ് മുഖ്യമന്ത്രി. ഇ.എം.എസ് പുറത്തുനിന്നു ഭരിക്കുന്നു. സഭയില്‍ പോര് നയിക്കാന്‍ പ്രതിപക്ഷനേതാവ് കെ. കരുണാകരനും സി.എച്ച് എന്ന മഹാമേരുവും. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ യൗവനയുക്തമായ സംഘടനാ നേതൃത്വം. ആ ഘട്ടത്തിലാണ് കേരളം ഭാഷാ സമരത്തെ കേള്‍ക്കുന്നത്. സംസ്ഥാനത്ത് മുസ്‌ലിം യൂത്ത്‌ലീഗിന്റെ അവകാശ സമരവീഥിയെ അതിരറ്റ യുവജന മുന്നേറ്റമാക്കി മാറ്റിയ പ്രസിഡണ്ട് പി.കെ.കെ ബാവ, ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ടി.എ അഹമ്മദ്കബീര്‍ തുടങ്ങിയവരാണ് നേതൃനിര. മാര്‍ക്‌സിസ്റ്റ് സര്‍ക്കാര്‍ അധികാരമേറി ആറുമാസം മുമ്പെതന്നെ മതവിരുദ്ധതയുടെ കമ്യൂണിസ്റ്റ് മുഖം പുറത്തെടുക്കുമെന്ന് കരുതിയതല്ല. മത തത്വദര്‍ശന പാഠങ്ങളിലേക്കു വാതില്‍ തുറക്കുന്ന അറബി, ഉര്‍ദു, സംസ്‌കൃത ഭാഷകളെ പൊതുവിദ്യാലയങ്ങളില്‍നിന്ന് ഉന്മൂലനം ചെയ്യാനും അതുവഴി ആ ഭാഷകളുടെ പഠനംതന്നെ നിരുത്സാഹപ്പെടുത്താനുമായി അതീവ ജാഗ്രതയോടെയാണ് ഇടതുഭരണം കരിനിയമങ്ങള്‍ കൊണ്ടുവന്നത്.

ഭാഷാബോധന നയം എന്ന പേരിലായിരുന്നു അറബി വിരോധത്തിന്റെ ആദ്യനീക്കങ്ങള്‍. പ്രൈമറി ക്ലാസില്‍ മാതൃഭാഷ മാത്രംമതി എന്ന്. തൊട്ടുപിറകെ വന്നു കരിനിയമങ്ങള്‍ ഒന്നൊന്നായി. മേല്‍ഭാഷകള്‍ പഠിപ്പിക്കുന്നതിന് പ്രത്യേക കെട്ടിടം (അക്കമഡേഷന്‍) വേണം. രക്ഷിതാവ് നേരിട്ടുവന്ന് ഭാഷാപഠനം സംബന്ധിച്ച് സത്യപ്രസ്താവന (ഡിക്ലറേഷന്‍) എഴുതിക്കൊടുക്കണം. ആ ഭാഷ പഠിപ്പിക്കുന്നതിനു നിലവില്‍ യോഗ്യതയുള്ള അധ്യാപകര്‍ അധികയോഗ്യത (ക്വാളിഫിക്കേഷന്‍)കൂടി ഉടന്‍ നേടണം എന്നിങ്ങനെ മൂന്നു കല്പനകള്‍.
കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷനും എം.എസ്.എഫുമാണ് ഈ ഭാഷാവിരുദ്ധ നീക്കം പുറത്തെത്തിച്ചത്. കെ.എ.ടി.എഫ് നേതൃത്വത്തിലുള്ള അറബി അധ്യാപക സംഘടനാ ധര്‍ണ സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്ത സി.എച്ച് പറഞ്ഞു: അധ്യാപകര്‍ ക്ലാസ് മുറികളിലേക്കു പോവുക. ഈ സമരം സമുദായം ഏറ്റെടുത്തിരിക്കുന്നു.’ മുസ്‌ലിംലീഗ് നേതാക്കള്‍ വിഷയത്തിന്റെ ഗൗരവം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. എന്നിട്ടും ധാര്‍ഷ്ട്യത്തോടെ സര്‍ക്കാര്‍ നിയമം നടപ്പാക്കി. എം.എസ്.എഫ് ഇതിനകം സമര പരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന കമ്മിറ്റി ചേര്‍ന്ന് പ്രക്ഷോഭപരിപാടികളാവിഷ്‌കരിച്ചു. അതിലെ പ്രധാന ഘട്ടമായിരുന്നു ജൂലൈ 30ന് കലക്‌ട്രേറ്റ് പിക്കറ്റിങ്.
അറബി ഭാഷയുടെ ലോകമെങ്ങുമുള്ള പ്രയാണവഴിയിലും രാജ്യത്തെ ന്യൂനപക്ഷ പിന്നാക്ക ജനതയുടെ അവകാശ പ്രക്ഷോഭങ്ങളിലും കേരള രാഷ്ട്രീയ ചരിത്രത്തിലും, പോര്‍നിലത്ത് അടര്‍ന്നുവീണ മനുഷ്യരുടെ ഹൃദയരക്തത്താല്‍ ഭാഷാസമരം എന്ന അധ്യായം കുറിച്ചുവെച്ചിട്ട് ഇത് നാല്‍പതാമത്തെ റമസാന്‍ കാലം. മനസ്സിലിന്നുമുണരുന്ന നടുക്കത്തോടെ സമര സാരഥി കെ.പി.എ മജീദ് ആ കഥ പറയുന്നു:

സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ ഫലപ്രദമായ ഒരു പ്രക്ഷോഭം. ജില്ലാ കലക്‌ട്രേറ്റുകള്‍ കൂടാതെ സെക്രട്ടറിയേറ്റിനു മുന്നിലും. സമരം, ബദര്‍ ദിനമായ റമസാന്‍ പതിനേഴിലായത് യാദൃച്ഛികമാണ്. വിഷയത്തിന്റെ അടിയന്തരസ്വഭാവം കണക്കിലെടുത്ത്, നിയമസഭ നടക്കുന്ന സമയംകൂടി പരിഗണിച്ചാണ് ജൂലൈ 30 നിശ്ചയിച്ചത്. അതങ്ങനെ വിശുദ്ധ റമസാനിലെയും ഇസ്‌ലാമിക ചരിത്രത്തിലെയും ഒരു പുണ്യദിനവുമായി ഒത്തുവന്നു. സത്യവും അസത്യവും തമ്മില്‍നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന്റെ ഓര്‍മദിനത്തില്‍. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷ, മഹത്തായ മാനവ, സംസ്‌കാര, ചരിത്രപഠനങ്ങളുടെ ഭാഷ, മലയാളി മുസ്‌ലിം സമൂഹത്തെ പൊതുവിദ്യാഭ്യാസത്തിലേക്കാകര്‍ഷിക്കുന്നതില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ ഭാഷ, അനേകലക്ഷം കേരളീയര്‍ക്ക് ഉപജീവനത്തിന്റെ വാതില്‍ തുറന്നിട്ട്, നാടിന്റെ സമ്പദ്ഘടനയെ സഹായിക്കുന്ന ഭാഷ എന്നിങ്ങനെ വൈകാരികമായ ഒരുപാട് ഘടകങ്ങളുണ്ട്. മുസ്‌ലിം യൂത്ത്‌ലീഗിന്റെ സമരപ്രഖ്യാപനത്തോട് പൊതുസമൂഹത്തില്‍നിന്നുള്ള പ്രതികരണവും ഇതു തെളിയിക്കുന്നതായിരുന്നു.

കലക്‌ട്രേറ്റ് പിക്കറ്റിങിന്റെ പ്രചാരണ പരിപാടികളിലെല്ലാം രാഷ്ട്രീയവും മതവും നോക്കാതെ പൊതുജനങ്ങള്‍ വലിയതോതില്‍ പങ്കാളികളായതും ഇതിന്റെ പ്രതിഫലനമായിരുന്നു. ആ റമസാനിന്റെ ആദ്യആഴ്ചകള്‍ സമരപരിപാടികള്‍ആവിഷ്‌കരിക്കുന്നതിനും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള യാത്രയും യോഗം ചേരലും തന്നെയായിരുന്നു. പ്രസിഡണ്ട് പി.കെ.കെ ബാവയും ഞങ്ങള്‍ മറ്റു സംസ്ഥാന, ജില്ലാ ഭാരവാഹികളും ഒന്നിച്ചുള്ള റമസാന്‍ പകലുകള്‍ മിക്കവയും ബസ്സിലോ ട്രെയിനിലോ ആയി. പ്രാദേശികതലത്തില്‍ യോഗം വിളിച്ചുചേര്‍ത്ത് പ്രചാരണം നടത്തിയതിന്റെ ഫലം പ്രകടമായിരുന്നു. എന്നാലും നോമ്പായതുകൊണ്ട് ഇത്രയധികം പ്രവര്‍ത്തകരെത്തുമെന്ന് കരുതിയില്ല. പ്രതീക്ഷയില്‍ കവിഞ്ഞ ജനമാണ് രാവിലെ മുതലേ വന്നുതുടങ്ങിയത്. അത് മലപ്പുറത്ത് മാത്രമല്ല. കണ്ണൂരും കോഴിക്കോടും പാലക്കാടും തൃശൂരും എറണാകുളവും തെക്കന്‍ ജില്ലകളിലുമെല്ലാം സമരത്തില്‍ വലിയ യുവജന ബാഹുല്യമുണ്ടായി.

നേര്‍ത്ത മഴയുള്ളതിനാല്‍ സുബ്ഹി കഴിഞ്ഞുടന്‍തന്നെ പ്രവര്‍ത്തകരുമായുള്ള വാഹനങ്ങള്‍ മലപ്പുറത്തേക്കൊഴുകാന്‍ തുടങ്ങി. കോട്ടപ്പടി മൈതാനിയില്‍ കേന്ദ്രീകരിച്ച് മലപ്പുറം കുന്നുമ്മല്‍ ടൗണ്‍ വഴി കലക്‌ട്രേറ്റുള്ള മുണ്ടുപറമ്പിലേക്ക് പ്രകടനം നീങ്ങി. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡണ്ട് പി. അബ്ദുല്‍ഹമീദ്, സെക്രട്ടറി എടവണ്ണ ടി. രായിന്‍, ട്രഷറര്‍ എം.പി.എം ഇസ്ഹാഖ് കുരിക്കള്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒമ്പതരയോടെ പിക്കറ്റിങ് ആരംഭിച്ചു. യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡണ്ട് കോഴിക്കോട്ടും ജനറല്‍ സെക്രട്ടറി മലപ്പുറത്തും ഉദ്ഘാടകരായിരുന്നു. അന്നു മലപ്പുറം നഗരസഭാ ചെയര്‍മാനായിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന കമ്മിറ്റി പ്രതിനിധി എം.ഐ തങ്ങള്‍, എന്‍. സൂപ്പി എം.എല്‍.എ, കൊളത്തൂര്‍ ടി. മുഹമ്മദ് മൗലവി എന്നിവരെല്ലാം മുന്‍നിരയിലുണ്ട്. പിക്കറ്റിങ് നടക്കുന്നതിനിടെയാണ് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അതുവഴി കടന്നുപോകുമ്പോള്‍ വാഹനം നിര്‍ത്തി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തത്. പൊലീസുമായി സഹകരിച്ചും അങ്ങേയറ്റം സമാധാനപരമായും ഓരോ ബാച്ചുകളായി അറസ്റ്റ്‌വരിച്ചും സമരം മുന്നേറി. നോമ്പായതിനാല്‍ പ്രവര്‍ത്തകരില്‍ പതിവിലേറെ ശാന്തത കാണാമായിരുന്നു. നോമ്പിന്റെ സഹനവും മിതത്വവുമെല്ലാം ചേര്‍ന്ന മാതൃകാപരമായ സമരം. ഒട്ടും പ്രകോപനമില്ലാത്ത, ന്യായയുക്തമായ മുദ്രാവാക്യങ്ങള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുന്നു. ഇതിനിടെയാണ് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി വാസുദേവമേനോന്‍ ഒരു സംഘം പൊലീസുമായി സ്ഥലത്തെത്തിയത്. കലക്‌ട്രേറ്റിന്റെ മുന്‍ഭാഗം പൂര്‍ണമായും ബ്ലോക് ചെയ്ത് പിക്കറ്റിങ് നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തകര്‍ക്കിടയിലൂടെ ജീപ്പില്‍ കുതിച്ചെത്തിയ ഡി.വൈ.എസ്.പി തനിക്ക് കലക്‌ട്രേറ്റിനുള്ളിലേക്ക് പോകണമെന്നും പ്രവര്‍ത്തകര്‍ മാറിനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. മുദ്രാവാക്യം വിളിയുമായി ഇതിനെ ചെറുത്ത പ്രവര്‍ത്തകര്‍ക്കിടയിലേക്ക് അദ്ദേഹം ചാടിയിറങ്ങി. ചെറിയ ഉന്തും തള്ളുമുണ്ടായി. നിമിഷങ്ങള്‍ക്കകം അദ്ദേഹം വെടിവെക്കാന്‍ ആജ്ഞ നല്‍കുന്നതാണ് കേട്ടത്. നിയമപരമായ മുന്നറിയിപ്പുകളോ നടപടിക്രമങ്ങളോ പാലിക്കാതെയുള്ള വെടിവെപ്പ്. തുരുതുരാ വെടിയുതിര്‍ത്തുകൊണ്ടിരുന്നു. പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയുമായി സമരഭൂമിയില്‍ ഉറച്ചുനിന്നു. ഒരുഭാഗത്ത് പൊലീസുകാര്‍ ലാത്തിവീശി വിരട്ടിയോടിക്കുന്നു. കൂട്ടത്തില്‍ കല്ലേറും. ഇതിനിടെ പൊലീസ് ഹെഡ്‌കോണ്‍സ്റ്റബിള്‍ കണ്ണന്‍ ഹൃദയസ്തംഭനംനിമിത്തം മരണപ്പെട്ടു. ഇതുകൂടിയായതോടെ പൊലീസുകാര്‍ക്ക് ഭ്രാന്തിളകിയ മട്ടായി. പൊലീസ് വെടിവെക്കുന്നത് ജനക്കൂട്ടത്തിനു നേര്‍ക്കാണ്. നെഞ്ചിലും തലക്കും അരക്കെട്ടിലും വെടിയേറ്റ് വീഴുന്നവര്‍. മുന്നനുഭവമില്ലാത്ത സംഭവങ്ങള്‍. എന്തു ചെയ്യണമെന്നറിയുന്നില്ല. മനുഷ്യര്‍ ചോരയില്‍ കുതിര്‍ന്നു വീഴുകയാണ്. അതില്‍ ജീവന്‍ നഷ്ടപ്പെട്ടവരുണ്ട്. മാരകമായ പരിക്കേറ്റവരുണ്ട്. ആരെയെങ്കിലും എടുത്തുമാറ്റാന്‍ കുനിയുമ്പോഴേക്ക് പൊലീസ് വിരട്ടിയോടിക്കുകയാണ്. വെടിവെപ്പ് തുടരുകയാണ്.
ആ സമയത്താണ് പെരിന്തല്‍മണ്ണ എം.എല്‍.എ നാലകത്ത് സൂപ്പി പൊലീസിനു നേര്‍ക്ക് ചെന്ന് വെടിവെപ്പ് നിര്‍ത്താനാവശ്യപ്പെടുന്നത്. എം.എല്‍.എയാണെന്നു തെളിയിക്കുന്ന കാര്‍ഡുമുയര്‍ത്തിപ്പിടിച്ച് തിരയുതിര്‍ക്കുന്ന തോക്കുകള്‍ക്കു മുന്നിലേക്ക് ഒച്ചവെച്ചുകൊണ്ട് നടന്നടുക്കുന്ന സൂപ്പി. എന്തും സംഭവിച്ചേക്കാം. ഹൃദയമിടിപ്പ് കൂടുകയാണ്. ആകെ ബഹളമയം. വെടിമുഴക്കമുണ്ട്. മുദ്രാവാക്യമുണ്ട്. രോഷപ്രകടനമുണ്ട്. പൊലീസിന്റെ ആക്രോശമുണ്ട്. രക്തത്തില്‍കിടന്ന് പുളയുന്ന സഹപ്രവര്‍ത്തകരെ താങ്ങിയെടുത്ത് പൊട്ടിക്കരയുന്നവരുണ്ട്. ഭീതി ജനകമായ രംഗം. എന്നിട്ടും പിന്തിരിഞ്ഞോടാതെ നില്‍ക്കുകയാണ് ആയിരക്കണക്കിനു സമരഭടന്മാര്‍.

ആരെല്ലാമാണ് മരണപ്പെട്ടത് എന്നു വ്യക്തമല്ല. പരിക്കേറ്റവരെ പല ആസ്പത്രികളിലേക്ക് മാറ്റുകയാണ്. കലക്‌ട്രേറ്റിനുള്ളിലേക്ക് കുറെപേരെ പിടിച്ചുകൊണ്ടുപോയിട്ടുണ്ട്. ആരെങ്കിലും എവിടെയെങ്കിലും കാണാതെ കിടക്കുന്നുണ്ടോ എന്ന് തെരച്ചില്‍ നടത്തി. ഞങ്ങള്‍ നേരെ മഞ്ചേരി ജില്ലാ ആസ്പത്രിയിലേക്ക് കുതിച്ചു. അവിടെയാണ് അധികപേരെയും എത്തിച്ചിട്ടുള്ളത്. അപ്പോഴേക്ക് മലപ്പുറം ടൗണില്‍ വ്യാപകമായി പൊലീസും ജനങ്ങളും തമ്മില്‍ സംഘര്‍ഷം തുടങ്ങിക്കഴിഞ്ഞിരുന്നു. കല്ലേറും ലാത്തിച്ചാര്‍ജും തീവെപ്പും. ജില്ലയെങ്ങും നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേരിയില്‍ മുസ്‌ലിംലീഗ് നേതാക്കളുമായി ചര്‍ച്ച നടത്തി. ആസ്പത്രിയിലുള്ളവര്‍ക്ക് നോമ്പുതുറക്കാന്‍ മഞ്ചേരിയിലെ മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സംവിധാനങ്ങള്‍ ചെയ്തു. അല്‍പം പച്ചവെള്ളം കുടിച്ചു ഞാന്‍ നോമ്പുതുറന്നു. ജില്ലയെങ്ങും പൊലീസ് നരനായാട്ടാണ്. മഞ്ചേരി പി.സി.സി സൊസൈറ്റിയില്‍ പ്രധാന പ്രവര്‍ത്തകര്‍ കൂടിയിരിക്കുന്നു. ചര്‍ച്ചക്കിടെ രാത്രി പതിനൊന്നുമണിയോടെ തിരുവനന്തപുരത്തുനിന്ന് സി.എച്ചിന്റെ ഫോണ്‍കാള്‍. നിയമസഭ നടക്കുകയാണ്. സി.എച്ച് പറഞ്ഞു: മജീദ്, ഉടന്‍ പുറപ്പെടണം. നാളെ അടിയന്തരപ്രമേയം കൊടുക്കണം. സംഭവത്തിനിരയായ എം.എല്‍.എ എന്ന നിലക്ക് നിയമസഭയില്‍ സംസാരിക്കാനവസരം കിട്ടും. പിന്നെ ഒന്നുമാലോചിക്കാന്‍ നിന്നില്ല. അന്നുരാവിലെ തൊട്ടേ ധരിച്ച വസ്ത്രവുമായി തിരുവനന്തപുരത്തേക്കു കയറി. നോമ്പുതുറക്കുമ്പോള്‍ കുടിച്ച പച്ചവെള്ളമല്ലാതെ മറ്റൊന്നും കഴിച്ചിട്ടില്ല. വിശപ്പും അറിയുന്നില്ല. മേലാകെ രക്തം പുരണ്ടിരിക്കുകയാണ്. ഗുരുതരമായ പരിക്കുള്ള ഒരാളുടെ ചോരയില്‍ കുതിര്‍ന്ന വസ്ത്രം പരിശോധനക്കിടെ അഴിച്ചുതന്നത് ഒരു പ്ലാസ്റ്റിക് കവറില്‍ കയ്യിലുണ്ട്. ആ തിരക്കില്‍ അത് ബന്ധപ്പെട്ടവരെ ഏല്‍പിക്കാനായില്ല. സുബ്ഹി ബാങ്ക് കേള്‍ക്കുമ്പോഴാണ് കണ്ണു തുറക്കുന്നത്. അതുകാരണം എന്തെങ്കിലും അത്താഴമോ വെള്ളമോപോലും കഴിക്കാനായില്ല. വേഗം നമസ്‌കരിച്ചു. പിന്നെയും ഏറെ ദൂരം ഓടാനുണ്ട്. തലേന്നു പുലര്‍ച്ചെ ഭക്ഷണം കഴിച്ചതാണ്. വെള്ളവുമില്ല. ശരീരവും മനസ്സും തളരുമ്പോഴും നിയമസഭ തുടങ്ങുമ്പോഴേക്ക് എത്തണമെന്നായിരുന്നു ചിന്ത. ഒമ്പത് മണി കഴിഞ്ഞു തിരുവനന്തപുരത്തെത്താന്‍. കുളിക്കാന്‍ പറ്റിയില്ല. ചോരയില്‍ കുതിര്‍ന്ന വസ്ത്രം മാറാന്‍ നേരംകിട്ടിയില്ല. മുഖമൊന്നു കഴുകി നേരെ സഭയിലേക്കു ചെന്നു. കടന്നുചെല്ലുമ്പോള്‍ സഭയിലെ അംഗങ്ങള്‍ പലരും അമ്പരപ്പില്‍ നില്‍ക്കുകയാണ്. മരണം പെയ്ത ഒരു ചോരക്കളത്തില്‍നിന്നാണു വരുന്നത്. കെ. കരുണാകരനും സി.എച്ചും നഹാസാഹിബും യു.എ ബീരാന്‍ സാഹിബും ഇ. അഹമ്മദ് സാഹിബും സീതിഹാജിയും കെ. ചന്ദ്രശേഖരനും പി.ജെ ജോസഫുമെല്ലാം സഭയിലുണ്ട്. അവരൊക്കെ തലേന്നു സ്ഥിതിഗതികള്‍ വിളിച്ചന്വേഷിച്ചതാണ്.

സി.എച്ച്. അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. പ്രമേയത്തിന് അവതരണാനുമതി കൊടുക്കരുതെന്ന് ആഭ്യന്തരമന്ത്രി ടി.കെ രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. സി.എച്ച് എതിര്‍ത്തു സംസാരിച്ചു. ‘മലപ്പുറത്തുനിന്നുള്ള കാറ്റില്‍ കരിഞ്ഞ മനുഷ്യമാംസത്തിന്റെയും വെടിമരുന്നിന്റെയും ഗന്ധമടിച്ചുവരുന്നു.’ എന്ന് സി.എച്ച് പറഞ്ഞു. സഭാതലം ബഹളമയമായി. ചര്‍ച്ച അനുവദിക്കില്ലെന്ന് സ്പീക്കര്‍ എ.പി കുര്യന്‍ റൂളിങ് നല്‍കി. ബഹളത്തിനിടെ എനിക്കു സംസാരിക്കാന്‍ അവസരമുണ്ടായി. ഞാന്‍ സംഭവം വിവരിച്ചു തുടങ്ങി. ചോരപുരണ്ട എന്റെ വസ്ത്രങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു. വെടിയേറ്റുമരിച്ച സഹപ്രവര്‍ത്തകരെയും മാരകമായ പരിക്കേറ്റു ആസ്പത്രിയില്‍ കഴിയുന്നവരെയുംകുറിച്ച് പറഞ്ഞുതുടങ്ങി. നാലഞ്ചു വാചകങ്ങള്‍… എനിക്കു മുഴുമിപ്പിക്കാനായില്ല. കണ്ണില്‍ ഇരുട്ടുപരക്കുന്നതുപോലെ. തലകറങ്ങിവീഴാന്‍ പോകുന്നു. അതേ ഓര്‍മയുള്ളൂ. ബോധം തെളിയുമ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആസ്പത്രിയിലാണ്. ഇതിനിടെ ബഹളത്തെതുടര്‍ന്ന് സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. സഭ നിര്‍ത്തിവെച്ചാലും പിറ്റേന്നു തുടരുകയാണ് പതിവ്. പക്ഷേ എല്ലാ നിലക്കും സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണെന്ന ബോധ്യമുള്ളതുകൊണ്ടായിരുന്നു വഴക്കങ്ങള്‍ക്കുവിരുദ്ധമായ ഈ നടപടി. സഭയില്‍ പിന്നെ ചര്‍ച്ച ഉയരുകയില്ലല്ലോ?
വിദ്യാഭ്യാസ മന്ത്രി ബേബിജോണ്‍ സി.എച്ച് മുഹമ്മദ്‌കോയ സാഹിബിനൊപ്പം മെഡിക്കല്‍ കോളജില്‍ എന്നെ കാണാന്‍ വന്നു. ബേബിജോണിനു കരച്ചില്‍വന്നു. കുറെ സങ്കടം പറഞ്ഞു. താന്‍ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ കൊണ്ടുവന്ന ഉത്തരവുകളാണല്ലോ ഈ വിധത്തില്‍ കലാശിച്ചത് എന്ന വേദനയുണ്ടായിരുന്നു അദ്ദേഹത്തിന്. ഉത്തരവുകള്‍ക്കുപിന്നിലെ മാര്‍ക്‌സിസ്റ്റ് ഗൂഢ അജണ്ട മന്ത്രിക്ക് ഇല്ലായിരുന്നുവെന്ന് വ്യക്തം. ഏറെ നേരം അടുത്തിരുന്നാണ് അദ്ദേഹം പോയത്. മുസ്‌ലിംലീഗുമായും സി.എച്ചുമായും ഉള്ള അദ്ദേഹത്തിന്റെ അടുപ്പം പ്രസിദ്ധമാണല്ലോ. സി.എച്ചിന്റെ കുട്ടികളെയാണ് താന്‍ ദ്രോഹിച്ചത്, സി.എച്ച് കെട്ടിപ്പൊക്കി കൊണ്ടുവന്ന ഒരു സമൂഹപുരോഗതിയുടെ അടിത്തറയ്ക്കുനേരെയാണ് തന്റെ സര്‍ക്കാര്‍ വെടിയുണ്ടകള്‍ പായിച്ചത് എന്നൊരു വിഷാദം ആ മുഖത്തും വാക്കുകളിലും നിഴലിട്ടു.
തലേന്ന് റമസാന്‍ 17ന്റെ പകലസ്തമിച്ചതും രാവുണര്‍ന്നതും പുലര്‍ന്നതുമൊന്നും അറിഞ്ഞില്ല. അതുപോലെ തന്നെയായിരുന്നു 18ന്റെയും സ്ഥിതി. നിയമസഭ, ബഹളം, ആസ്പത്രി, സന്ദര്‍ശകര്‍ തീര്‍ത്തും യാന്ത്രികമായി കടന്നുപോയി. രാത്രി തന്നെ മെഡിക്കല്‍കോളജില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. ആ രാത്രി തിരുവനന്തപുരത്ത് തങ്ങി. പിറ്റേന്ന് ട്രെയിനില്‍ മലപ്പുറത്തേക്കു തിരിച്ചു. അടിയന്തരപ്രമേയ ദിവസം ഭരണപക്ഷത്തുനിന്നുള്ള പ്രകോപനങ്ങളും ന്യായീകരണങ്ങളും അതിരുവിട്ടപ്പോള്‍ നിയമസഭ നിയന്ത്രണാതീതമായതും കയ്യാങ്കളിയുണ്ടായതുമെല്ലാം നേതാക്കളിലൂടെ ആസ്പത്രിയില്‍ നിന്നറിഞ്ഞു.

മലപ്പുറത്ത് വന്നയുടന്‍ വീട്ടിലെത്തി വസ്ത്രം മാറി. വെടിവെപ്പില്‍ മരണപ്പെട്ട മൈലപ്പുറത്തെ മജീദിന്റെയും കാളികാവിലെ കുഞ്ഞിപ്പയുടെയും തേഞ്ഞിപ്പലത്തെ അബ്ദുറഹിമാന്റെയും വീടുകളിലേക്കുപോയി. ദുഃഖാര്‍ത്തരായ ബന്ധുക്കളെ കണ്ടു. ഏറെ നേരം ആ വീടുകളിലിരുന്നു. സഹിക്കാവുന്നതിലപ്പുറമായിരുന്നു ആ വേദനകള്‍. ജില്ലയുടെ മൂന്നു ഭാഗത്തായിരുന്നു മൂവരുടെയും വീട്. ഈ വീടുകളിലേക്കുള്ള യാത്രയില്‍ ശരിക്കും മലപ്പുറത്തിന്റെ മുഖം പ്രകടമായിരുന്നു. നഗര, ഗ്രാമകവലകള്‍തോറും കറുത്ത കൊടികള്‍. മിക്കയിടത്തും പൊലീസ് നിരോധനാജ്ഞ. സംഘര്‍ഷം. പ്രതിഷേധം. ഒന്നും കെട്ടടങ്ങിയിരുന്നില്ല. വ്യാപകമായി പൊലീസ് തേര്‍വാഴ്ചയും അറസ്റ്റും നടക്കുന്നു. ഹെഡ്‌കോണ്‍സ്റ്റബിള്‍ കണ്ണന്‍ മരണപ്പെട്ടതിന് തിരൂര്‍ കൂട്ടായിയിലെ സി.എം.ടി കോയാലിയെ ഒന്നാം പ്രതിയാക്കി ആറായിരം പേര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തി കേസ്സെടുത്തത്. സി.പി.എം ഓഫീസില്‍നിന്നാണ് പ്രതികളുടെ ലിസ്റ്റ് പൊലീസിന് നല്‍കുന്നത്. വിവിധ കേസുകളിലായി പതിനായിരത്തോളം പ്രവര്‍ത്തകരെ പ്രതിചേര്‍ത്തിട്ടുണ്ട്.

സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കള്‍ക്ക് വിരോധമുള്ള സജീവ യൂത്ത്‌ലീഗ്- മുസ്‌ലിംലീഗ് പ്രവര്‍ത്തകരെല്ലാം കേസിലകപ്പെട്ടു. വ്യാപകമായി കള്ളക്കേസുകള്‍. മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസ് തള്ളിമറിച്ചിട്ട് കേടുപാട് വരുത്തി എന്ന കേസില്‍ 85 വയസ്സുള്ള മങ്കട കൂട്ടില്‍ അബ്ദുല്ല മൗലവിയും പ്രതിയായിരുന്നു. പ്രായാധിക്യവും അവശതകളുമായി കോടതിയില്‍ ഹാജരാക്കപ്പെട്ട അബ്ദുല്ല മൗലവിയെകണ്ട് മജിസ്‌ട്രേട്ട് അസ്വസ്ഥനായി. ഈ വിധത്തിലാണോ ഓരോ പ്രതികളെയും ഉണ്ടാക്കുന്നത് എന്ന് പൊലീസിനോട് ദേഷ്യപ്പെട്ടു. ഓരോ ദിവസവും പ്രവര്‍ത്തകരുടെ വന്‍വ്യൂഹത്തെയും വഹിച്ചുകൊണ്ട് പൊലീസ് വാഹനങ്ങള്‍ ജില്ലയിലെ കോടതികളിലെത്തി. കൊലപാതകം, തീവെപ്പ്, വധശ്രമം എന്നിങ്ങനെ തന്നിഷ്ടംപോലെ വകുപ്പുകള്‍ ചേര്‍ത്തു. ജില്ലാ മുസ്‌ലിംലീഗ് ഓഫീസിലെ സെക്രട്ടറിയായിരുന്ന സി.എച്ച് മൊയ്തുക്കയുടെ നികുതിശീട്ടും ആധാരവുമൊക്കെ ഉപയോഗിച്ചായിരുന്നു ഏറെ പേരും ജാമ്യമെടുത്തത്.
അന്നത്തെ ജില്ലാ യൂത്ത്‌ലീഗ് വൈസ് പ്രസിഡണ്ടും സമരനേതാക്കളിലൊരാളുമായ അഡ്വ. യു.എ ലത്തീഫും ഭാര്യ അഡ്വ. ഹഫ്‌സാ ലത്തീഫുമാണ് മിക്കയിടത്തും പ്രതികള്‍ക്കായി സ്വന്തം ഉത്തരവാദിത്തത്തില്‍ കോടതികളില്‍ മാറിമാറി ഹാജരായത്. കേസുകളുടെ എണ്ണം കൂടിയപ്പോള്‍ എം.എല്‍.എ അഡ്വ. എന്‍. സൂപ്പിയും അഭിഭാഷകന്റെ കോട്ടണിഞ്ഞ് പ്രതികള്‍ക്കായി കോടതിയിലെത്തി. കെട്ടിച്ചമച്ച കേസുകളുടെ പൊള്ളത്തരം ബോധ്യപ്പെട്ട ന്യായാധിപന്മാര്‍ പ്രതികള്‍ക്കെല്ലാം ജാമ്യം നല്‍കി.

അറസ്റ്റും കേസും തുടരുന്നതിനിടെയാണ് പൊലീസുകാരന്‍ കണ്ണന്‍ മരണപ്പെട്ടത് ”ഏതെങ്കിലും പരിക്കുകൊണ്ടല്ല; ഹൃദയസ്തംഭനം നിമിത്തമാണെന്ന്” പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇത് കൊലക്കുറ്റം ചുമത്തപ്പെട്ട കേസിലെ പ്രതികള്‍ക്കും ജാമ്യം ലഭിക്കുന്നതിന് സഹായകമായി. അകാരണമായ വെടിവെപ്പിനും പൊലീസ് അതിക്രമങ്ങള്‍ക്കുമെതിരെ പി.കെ കുഞ്ഞാലിക്കുട്ടി നല്‍കിയ അന്യായത്തെ തുടര്‍ന്ന് പ്രഥമദൃഷ്ട്യാ പൊലീസുകാര്‍ കുറ്റക്കാരാണെന്നും വെടിവെപ്പിനുത്തരവാദികള്‍ പൊലീസാണെന്നും മലപ്പുറം മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചു. മൂന്നു യുവാക്കളുടെ മരണത്തിനും നിരവധി പേര്‍ക്ക് മാരകമായ പരിക്കേല്‍ക്കുന്നതിനുമിടയാക്കിയ മലപ്പുറം വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്നതിന് നിരന്തരസമ്മര്‍ദത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചു. ജസ്റ്റിസ് നാരായണപിള്ളയുടെ നേതൃത്വത്തിലായിരുന്നു കമ്മീഷന്‍. അഡ്വ. രത്‌നസിങ്, അഡ്വ. യു.എ ലത്തീഫ്, അഡ്വ. മുഹ്‌സിന്‍ തുടങ്ങിയവര്‍ യൂത്ത്‌ലീഗിനു വേണ്ടി ഹാജരായി. സമരത്തെ സര്‍ക്കാര്‍ വെടിയുണ്ടകള്‍കൊണ്ടു നേരിട്ടിട്ടും തളര്‍ത്താനാവാതെ അടങ്ങാത്ത രണശൂരതയുമായി തൊട്ടടുത്ത നാളില്‍തന്നെ മുസ്‌ലിം യൂത്ത്‌ലീഗ് ശക്തമായ അവകാശ സമരപ്രഖ്യാപനം നടത്തി. രാജ്ഭവനിലേക്ക് ലക്ഷംപേരുടെ ഗ്രേറ്റ് മാര്‍ച്ച്. വെടിവെപ്പിനെ തുടര്‍ന്ന് ഭാഗികമായി മാറ്റം വരുത്തിയിരുന്ന കരിനിയമങ്ങള്‍ ഇതോടെ സമ്പൂര്‍ണമായി പിന്‍വലിച്ച് സര്‍ക്കാര്‍ പൂര്‍വസ്ഥിതി പ്രാബല്യത്തില്‍ വരുത്തി.

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആശ്രയം, വെടിയേറ്റും പൊലീസ് മര്‍ദനത്തിലും മാരകമായി പരിക്കേറ്റവര്‍ക്ക് വിദഗ്ധചികിത്സ, ആയിരക്കണക്കിനുപേര്‍ പ്രതികളായുള്ള കേസുകളുടെ നടത്തിപ്പ് എന്നിവക്കെല്ലാമുള്ള സാമ്പത്തിക ബാധ്യത മറ്റൊരു പ്രതിസന്ധിയായി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഫണ്ട് സമാഹരണമാരംഭിച്ചു. ‘വെടിയുണ്ടകളെ നേരിടാന്‍, വെള്ളിയുണ്ടകള്‍ പ്രവഹിക്കട്ടെ’ എന്ന സി.എച്ചിന്റെ ആഹ്വാനം ജനം ഏറ്റെടുത്തു. പ്രവാസലോകം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. മലപ്പുറം കോട്ടപ്പടി മൈതാനിയില്‍ സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍വെച്ച് മജീദ്, റഹ്മാന്‍, കുഞ്ഞിപ്പ എന്നിവരുടെ കുടുംബങ്ങള്‍ക്ക് വാങ്ങിയ ഭൂസ്വത്ത് രേഖ കൈമാറി. ദാമ്പത്യ ജീവിതത്തിന്റെ ആദ്യദശയില്‍തന്നെ വിധവകളായ ആ മൂന്ന് യുവതികളുടെയും പുനര്‍വിവാഹത്തിനും പാര്‍ട്ടി മുന്‍കൈയെടുത്തു.
ആ റമസാന്‍ മുഴുവനും പെരുന്നാള്‍ദിനംകടന്നും പൊലീസ്‌സ്റ്റേഷനും കോടതിയും ആസ്പത്രിയുമായി നിലയ്ക്കാത്ത ഓട്ടമായിരുന്നു. മനസ്സില്‍നിന്നൊരിക്കലും മായില്ല ആ റമസാന്‍ കാലം. അതിന്റെ സങ്കടപ്പെരുമഴയും കരള്‍പിടയുന്ന വേദനകളും. എത്ര ഓടിയിട്ടും തീരാത്ത ചുമതലാബാധ്യതകളും. ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു. ഇഫ്താറിന്റെ സമൃദ്ധിയും. മനമിടറിവീഴുന്ന കണ്ണീരുപ്പായിരുന്നു അതിന്റെ രുചി.

chandrika: