X

പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌; പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം. ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അക്രമണത്തില്‍ സിപിഎം മുതിര്‍ന്ന നേതാവും കേന്ദ്രകമ്മിറ്റി അംഗവുമായ ബസുദേവ് ആചാര്യയ്ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ബസുദേവിനെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പുരുലിയ ജില്ലയില്‍ കാശിപൂര് മേഖലയിലാണ് അക്രമമുണ്ടായത്. അക്രമത്തിന് പിന്നില്‍ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.
പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പത്രിക സമര്‍പ്പിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങവെ ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി. സംഘര്‍ഷത്തെപ്പറ്റി പൊലീസില്‍ വിവരം അറിയിച്ചെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് സിപിഎം ആരോപിച്ചു. ബസുദേവ് അടക്കം ഒട്ടേറെ പേരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒന്‍പത് തവണ പാര്‍ലമെന്റ് അംഗം ആയിരുന്നു ബസുദേവ്.

അതിനിടെ കോണ്‍ഗ്രസ് റാലിയ്ക്ക് നേരെയും ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തി. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആദിര്‍ ചൗധരി നയിക്കുന്ന റാലിയ്ക്ക് നേരെ ഒരു സംഘം ത്രിണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. മൂര്‍ഷിദാബാദിലാണ് സംഭവം. ഇതേ റാലിയ്ക്ക് നേരെ പല സ്ഥലങ്ങളിലും ആക്രമണങ്ങള്‍ അരങ്ങേറി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെയാണ് സംസ്ഥാനത്ത് അക്രമങ്ങള്‍ക്ക് തുടക്കമായത്. നാളെയാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. മെയ് മാസത്തില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസം ഭീര്‍ഭും ജില്ലയില്‍ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. പൊലീസ് സംഘത്തിന് നേരെ ബിജെപി പ്രവര്‍ത്തകര്‍ ബോംബ് എറിഞ്ഞു. അക്രമത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 25 ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ട് അക്രമങ്ങള്‍ ഭരണകക്ഷി അഴിച്ചു വിടുകയാണെന്നാരോപിച്ച് ബിജെപി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.

chandrika: