X

ഫോമില്ല, ഇപ്പോള്‍ അച്ചടക്ക നടപടിയും; സഞ്ജുവിന് എന്താണ് സംഭവിക്കുന്നത്

തിരുവനന്തപുരം: ടീം ഇന്ത്യയിലേക്ക് കണ്ണും നട്ടിരിക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്‍. എന്നാല്‍ രഞ്ജിയില്‍ ഫോമിലല്ലാത്തത് താരത്തിന് തിരിച്ചടിയാണ്. ക്രിക്കറ്റില്‍ ഒരു സീസണിലെ ഫോം മോശം താരങ്ങളെ പ്രതികൂലമായാണ് ബാധിക്കുക. പ്രത്യേകിച്ച് മറ്റു താരങ്ങള്‍ ഫോമില്‍ നില്‍ക്കുമ്പോള്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന നിലക്കാണ് സഞ്ജുവിന് ടീമിലേക്ക് പ്രവേശനം ലഭിക്കുക. എന്നാല്‍ പാര്‍ത്ഥിവ് പട്ടേല്‍, വൃദ്ധിമാന്‍ സാഹ, ഋഷഭ് പന്ത് എന്നിവര്‍ മിന്നും ഫോമില്‍ നില്‍ക്കുമ്പോള്‍ സഞ്ജുവിന് വഴിയടയുകയാണ്.

അതോടൊപ്പം തന്നൊയണ് സഞ്ജുവിനെതിരെ അച്ചടക്ക നടപടിയുടെ വാളും തൂങ്ങിനില്‍ക്കുന്നത്. താരത്തിനെതിരെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചു. മത്സരത്തിനിടെ അനുമതിയില്ലാതെ ടീമില്‍ നിന്ന് വിട്ടുനിന്നുവെന്നും ഡ്രസിങ് റൂമില്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണവുമാണ് അന്വേഷണത്തിനാധാരം. മൂന്നംഗ സമിതിയെ അന്വേഷണത്തിന് നിയോഗിച്ചതായാണ് റിപ്പോര്‍ട്ട്. അതേസമയം സഞ്ജുവിന്റെ പിതാവ് കെ.സി.എ ഭാരവാഹികളെ അസഭ്യം പറഞ്ഞുവെന്ന പരാതിയും അന്വേഷിക്കും.

ഗോവക്കെതിരായ മത്സരത്തിനിടെയാണ് വിവാദമായ സംഭവം നടന്നത്. ഔട്ടായി ഡ്രസിങ് റൂമില്‍ തിരിച്ചെത്തിയ സഞ്ജു ബാറ്റ് എറിയുകയായിരുന്നുവത്രെ. ഈ രഞ്ജി സീസണില്‍ ജമ്മുകശ്മീരിനെതിരായ മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് തിളങ്ങാനായിരുന്നത്. പിന്നീടുള്ള മത്സരങ്ങളില്‍ പെട്ടെന്ന് പുറത്താവുകയായിരുന്നു. ത്രിപുരക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്തിരുത്തുകയും ചെയ്തു. ജമ്മു കശ്മീരിനെതിരായ 154 റണ്‍സാണ് സഞ്ജുവിന്റെ ഈ സീസണിലെ ഉയര്‍ന്ന സ്‌കോര്‍.

പിന്നീടുള്ള മത്സരങ്ങളില്‍ ഒരൊറ്റ അര്‍ദ്ധ സെഞ്ച്വറി പോലും സഞ്ജുവിന് നേടാനായില്ല. ആഡ്രാപ്രദേശിനെതിരായ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സുകളില്‍ നിന്നുമായി ഏഴ് റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. തുടര്‍ന്നാണ് ത്രിപുരക്കെതിരായ മത്സരത്തില്‍ നിന്ന് സഞ്ജുവിനെ പുറത്തിരുത്തിയത്.

chandrika: