X

നരേന്ദ്രമോദിയെ പൊതുയിടത്തില്‍ വെച്ച് വാജ്‌പേയി വിമര്‍ശിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടും വിവാദമാവുന്നു

മോദി ഭരണകാലത്ത് ഗുജറാത്തില്‍ നടന്ന ക്രൂരമായ വംശഹത്യയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോദിയ മുന്നില്‍ നിര്‍ത്തി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി നടത്തിയ പരാമര്‍ശം വീണ്ടും ചര്‍ച്ചയാകുന്നു. വാജ്‌പേയിയുടെ മറുപടിയില്‍ അസ്വസ്ഥനാകുന്ന മോദിയെ തുറന്നുകാട്ടുന്ന വീഡിയോയാണ് ഇപ്പോള്‍ വീണ്ടും വിവാദമാകുന്നത്.

ഗുജറാത്ത് വംശഹത്യയ്ക്ക് ശേഷം 2002 ഏപ്രില്‍ നാലിന് ഗുജറാത്ത് സന്ദര്‍ശിച്ച അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയും മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയും പങ്കെടുക്കുന്ന വാര്‍ത്താസമ്മേളനമാണ് വേദി.

കലാപത്തിനെക്കുറിച്ചു സംസാരിക്കുന്നതിനിടയില്‍ പ്രധാനമന്ത്രിയോട് ഗുജറാത്ത് മുഖ്യമന്ത്രിയെ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍മാര്‍ക്കിടയില്‍ നിന്ന് ചോദ്യമുയര്‍ന്നു. ഗുജറാത്ത് കലാപത്തെ കുറിച്ച് താങ്കളുടെ മുഖ്യമന്ത്രിയോട് എന്തെങ്കിലും പറയാന്‍ ഉണ്ടോ എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിക്കുകയാണ് വാജ്‌പേയി ചെയ്തത്.

ഭരണാധികാരി രാജ്യധര്‍മ്മം പാലിക്കണം. രാജനീതി എന്നത് എല്ലാവരെയും സമമായി കാണുക എന്നതാണ്. പ്രതേക ജാതിയുടെ പേരിലോ കുലത്തിന്റെ പേരിലോ അല്ല ഭരണം നടത്തേണ്ടത്. ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ടിക്കരുതെന്നായിരുന്നു വാജ്‌പേയിയുടെ വിമര്‍ശനം. നിരവധി സാധുക്കളുടെ ജീവന്‍ എടുത്തു കൊണ്ടുള്ള ഭരണം ഒരിക്കലും നിലനില്‍ക്കില്ല. അത് മോദി ഭായ് ഓര്‍ത്താല്‍ നന്നെന്നും മുഖ്യമന്ത്രി മോദിയെ മുന്‍നിര്‍ത്തി വാജ്‌പേയി പറയുന്നുണ്ട്. വിമര്‍ശനത്തില്‍ മോദി അസ്വസ്ഥനാകുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. രാജധര്‍മ്മത്തെക്കുറിച്ച് വാജ്‌പേയി വിശദീകരിക്കുന്നതിനിടയില്‍ ‘ അതാണ് ഞങ്ങളിവിടെ ചെയ്യുന്നത്’ എന്ന് മോദി ചമ്മിയ ചിരിയോടെ പറയുന്നുമുണ്ട്. എന്നാല്‍ ഒരു നിമിഷം നിശബ്ദനായ ശേഷം വാജ് പേയി ‘അങ്ങനെയാണ് ചെയ്യുന്നതെന്ന് വിശ്വസിക്കുന്നു’ എന്ന് പറഞ്ഞ് പത്ര സമ്മേളനം അവസാനിക്കുകയാണ്.

വാജ്‌പേയിയുടെ ഉപദേശം മോദിക്കെതിരെയുള്ള വിമര്‍ശനമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഗുജറാത്തില്‍ രാജധര്‍മ്മം അനുസരിച്ചുള്ള ഭരണമാണ് നടക്കുന്നതെന്നാണ് വാജ്‌പേയി പറഞ്ഞതെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുകയായിരുന്നു മോദി.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം വലിയ തെറ്റായിരുന്നെന്ന് അന്നത്തെ പ്രധാനമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി. നേതാവുമായ അടല്‍ ബിഹാരി വാജ്പേയി കരുതിയിരുന്നുവെന്ന് റോയുടെ മുന്‍മേധാവി എ.എസ്. ദൗളത്ത് നടത്തിയ വെളിപ്പെടുത്തലും വിവാദമായിരുന്നു.

മോദിയെ പുറത്താക്കണമെന്ന് വാജ്‌പേയി പറഞ്ഞിരുന്നതായ ബിജെപി മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസം വിവാദമായിരുന്നു. എന്നാല്‍ മോദിയുടെ ക്രൂര മുഖം തുറന്നു കാട്ടുന്ന ഈ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.

chandrika: