X
    Categories: tech

ഫോണില്‍ ഇന്റര്‍നെറ്റില്ലാതെയും വാട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാം; യൂസര്‍മാര്‍ കാത്തിരുന്ന ഫീച്ചറെത്തുന്നു

വാട്‌സ്ആപ്പ് വെബ് പതിപ്പിനും ഡെസ്‌ക്‌ടോപ്പ് ആപ്പിനുമുള്ള ഏറ്റവും വലിയ പോരായ്മയായി യൂസര്‍മാര്‍ ചൂണ്ടിക്കാട്ടുന്ന ഒരുകാര്യത്തിന് കമ്പനി പരിഹാരം കാണാന്‍ പോവുകയാണ്. ഫോണില്‍ ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോള്‍ മാത്രമേ ഇതുവരെ വാട്‌സ്ആപ്പ് വെബ് പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ആ പ്രതിസന്ധി പരിഹരിക്കാനായി അവര്‍ കൊണ്ടുവരുന്നത് മള്‍ട്ടി-ഡിവൈസ് സപ്പോര്‍ട്ടാണ്.

ഫോണില്‍ ഇന്റര്‍നെറ്റ് ഓഫായിരിക്കുമ്പോഴും കംപ്യൂട്ടറില്‍ വാട്‌സ്ആപ്പിന്റെ വെബ് വേര്‍ഷന്‍ ഉപയോഗിക്കാന്‍ അനുവധിക്കുന്ന ഫീച്ചര്‍, പരീക്ഷണ ഘട്ടമെന്ന നിലയില്‍ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാം വഴി നല്‍കിത്തുടങ്ങും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ വാട്‌സ്ആപ്പ് ബീറ്റ വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് വൈകാതെ അപ്‌ഡേറ്റിലൂടെ അത് നല്‍കും.

വാട്‌സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങളും അപ്‌ഡേറ്റുകളും നല്‍കുന്ന WABetaInfo -യുടെ ബ്ലോഗ്‌പോസ്റ്റിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബീറ്റ പ്രോഗ്രാമില്‍ ചേരുന്നവര്‍ക്ക് നാല് ഡെസ്‌ക്‌ടോപ്പ് ഡിവൈസുകളില്‍ ഒരേസമയം അവരുടെ വാട്‌സ്ആപ്പ് പ്രവര്‍ത്തിപ്പിക്കാം. എന്നാല്‍, അത്തരത്തില്‍ മറ്റൊരാളുമായി ചാറ്റ് ചെയ്യാനോ കോള്‍ ചെയ്യാനോ സാധിക്കണമെങ്കില്‍ അവരും വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതായി വരും. നിലവില്‍ ലക്ഷക്കണക്കിന് വരുന്ന ബീറ്റ ടെസ്റ്റര്‍മാരുണ്ടെങ്കിലും അവരില്‍ ചുരുക്കം ചിലര്‍ക്ക് മാത്രമേ ബീറ്റ പ്രോഗ്രാം ലഭ്യമാക്കുന്നുള്ളൂ. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരിലേക്ക് പുതിയ വെബ് സവിശേഷതകള്‍ അടക്കമുള്ള അപ്‌ഡേറ്റ് എത്തിയേക്കും. വാട്‌സ്ആപ്പ് ബിസിനസ് ആപ്പിനും സമാന ഫീച്ചര്‍ നല്‍കിയിട്ടുണ്ട്.

 

web desk 3: