X

നഹ്‌റു കുടുംബം അനുഭവിച്ച ഭീതിതമായ സാഹചര്യങ്ങള്‍ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി

ബി ജെ പിക്കും മോദി സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ചും സഹോദരനെ കുറിച്ച് വികാരാധീനയായും വയനാട്ടില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബി ജെ പിയുടേത് വിഭജന രാഷ്ട്രീയം മാത്രമാണെന്നും ഇന്ത്യ ഉണ്ടാക്കിയ പ്രശസ്തിയും നേട്ടവുമെല്ലാം അവര്‍ ഇല്ലാതാക്കിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തിയ പ്രിയങ്ക മാനന്തവാടി വള്ളിയൂര്‍ക്കാവ് ക്ഷേത്ര മൈതാനിയിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു. രാജ്യത്തെ സാധാരണക്കാരുടെ കാര്യത്തില്‍ ബി ജെ പിക്ക് താല്‍പര്യമില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണം കൊണ്ട് ജനങ്ങള്‍ ഒരുപാട് ദുരന്തങ്ങള്‍ അനുഭവിച്ചതായും പ്രിയങ്ക പറഞ്ഞു.

എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും നല്‍കിയ വാഗ്ദാനം നിറവേറ്റും. കര്‍ഷകരെ മോഡി സര്‍ക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്. മോഡി സര്‍ക്കാര്‍ നിലകൊള്ളുന്നത് തന്നെ രാജ്യത്തെ ചില വ്യക്തികള്‍ക്കുവേണ്ടിയാണെന്നും പ്രിയങ്ക പറഞ്ഞു.

രാഹുല്‍ ഗാന്ധിക്ക് വോട്ടു തേടി എത്തിയ പ്രിയങ്ക, സഹോദരന്റെ വ്യക്തിത്വത്തെ കുറിച്ച് പറയവേ വികാരാധീനയായി. ജനിച്ച നാള്‍മുതല്‍ എനക്ക് അറിയാവുന്ന ഒരാള്‍ക്ക് വേണ്ടി കൂടിയാണ് വോട്ട് ചോദിക്കുന്നതെന്ന മുഖവുരയോടെയായിരുന്നു മാനന്തവാടിയില്‍ പ്രിയങ്കയുടെ പ്രസംഗം.

എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷമായി ഉയരുന്ന വ്യക്തിപരമായ അധിക്ഷേപങ്ങളെ അതിജീവിച്ചാണ് രാഹുല്‍ ഗാന്ധി നിങ്ങളു
ടെ മുന്നില്‍ നില്‍ക്കുന്നത്. രാഹുല്‍ എന്തല്ല അതാണ് രാഹുലിനെ കുറിച്ച് അധിക്ഷേപിക്കുന്നവര്‍ പറയുന്നതെന്നും. രാഹുല്‍ ആരെന്നും എന്തെന്നും അറിയാതെ ചില ധാരണയോടെയാണ് അധിക്ഷേപമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുല്‍ പ്രയപ്പെട്ട സഹോദരമാണ്. എന്നേക്കാള്‍ രണ്ട് വയസ്സ് മൂത്തതാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലും ഏറ്റവും വേദന നിറഞ്ഞ നിമിഷങ്ങളിലും എന്റെ കൈ പിടിച്ച് നിന്നവനാണ്. കുട്ടിക്കാലം മുതല്‍ ഞങ്ങള്‍ അനുഭവിച്ചതെല്ലാം തീവ്രമായ അനുഭവങ്ങളാണ്. ഞങ്ങള്‍ക്കിരുവര്‍ക്കും അമ്മ തന്നെയായിരുന്നു ഇന്ദിരാഗാന്ധി. എന്റെ സഹോദരന് പതിനാല് വയസ്സുള്ളപ്പോഴാണ് ഇന്ദിരാജി ഞങ്ങളുടെ വീട്ടില്‍ വെച്ച് കൊല്ലപ്പെട്ടത്, അന്നെനിക്ക് പന്ത്രണ്ട് വയസ്സാണ്.

ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഞങ്ങളുടെ പിതാവും കൊല്ലപ്പെട്ടു. രാഹുല്‍ ഗാന്ധിക്ക് 21 വയസ്സുള്ളപ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ഞങ്ങളുടെ ബാല്യവും കൗമാരവും കടന്നു പോയത് ഭീതിതമായ സാഹചര്യങ്ങളിലൂടെയാണ്. അപ്പോഴെക്കെയും ധൈര്യവും സ്ഥൈര്യവും വിടാതെ എന്നെ ചേര്‍ത്തു പിടിക്കാനും ആശ്വസിപ്പിക്കാനും എന്റെ സഹോദരനുണ്ടായിരുന്നു, പ്രിയങ്ക ഗാന്ധി വികാരാധീനയായി.

നാലു പേരുള്ള ഒരു ചെറു കുടുംബത്തിന് എല്ലാം അതിജീവിക്കാനായത് ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹ ബന്ധമാണ്. രാജീവ് ഗാന്ധിയുടെ മരണശേഷം പിതാവിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള പരിശ്രമത്തിലായിരുന്നു രാഹുല്‍. കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ആരുമറിയാതെ കാനഡയില്‍ ജോലി ചെയ്ത കാര്യവും സഹോദരനില്‍ ഉണ്ടായ ഉയര്‍ച്ചയും പ്രിയങ്ക വയനാട്ടുകാരോട് പങ്കുവച്ചു.

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. ഇന്ത്യയിലെ ജനങ്ങള്‍ ബി ജെ പി സര്‍ക്കാരില്‍ വിശ്വാസവും പ്രതീക്ഷയും വച്ചുപുലര്‍ത്തി. ആ സര്‍ക്കാര്‍, അധികാരത്തിലെത്തിയപ്പോള്‍ തന്നെ ജനങ്ങളുടെ വിശ്വാസം തകര്‍ക്കാന്‍ ആരംഭിച്ചു. അധികാരം അവര്‍ക്കാണെന്നും ജനങ്ങളില്‍ അല്ലെന്നും അവര്‍ വിശ്വസിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാവരുടെയും അക്കൗണ്ടുകളില്‍ 15 ലക്ഷം നിക്ഷേപിക്കുമെന്നു പറഞ്ഞ അവര്‍ അത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നു തുറന്നുപറഞ്ഞുവെന്നും പ്രിയങ്ക പറഞ്ഞു.
2004 ല്‍ അമേഠിയില്‍ നിന്ന് ജനവിധി തേടിയ രാഹുല്‍ സമത്വവും തുല്യതയിലും വിശ്വസിക്കുന്ന ആളാണെന്നും പ്രിയങ്ക ഗാന്ധി വിശദീകരിച്ചു.
രാഹുലിന്റെ കയ്യില്‍ എന്നെ പോലെ നിങ്ങളും സുരക്ഷിതരാണെന്ന് വയനാട്ടുകാരെ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചാണ് പ്രിയങ്ക പ്രസംഗം അവസാനിപ്പിച്ചത്.

സഹോദരന്‍ രാഹുലിന് വേണ്ടി വോട്ടുതേടാനായി ശനിയാഴ്ച രാവിലെ പ്രിയങ്ക കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹെലികോപ്ടര്‍ മാര്‍ഗ്ഗം 12 മണിക്ക് ശേഷമാണ് മാനന്തവാടിയില്‍ എത്തിയത്. എ.ഐ.സി.സി. ,കെ.പി. സി.സി. ,യു.ഡി.എഫ്. ഭാരവാഹികളും തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളും ചേര്‍ന്ന് പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. പതിനായിരങ്ങളാണ് പൊരി വെയിലിലും പ്രിയങ്കയെ കാണാനും പ്രസംഗം കേള്‍ക്കാനും എത്തിയത്. തുടര്‍ന്ന് പുല്‍പ്പള്ളിയിലെ കര്‍ഷക സംഗമത്തിലും പങ്കെടുത്തു.

chandrika: