X

‘ഞങ്ങളാരും ഭീകരവാദികളല്ല’; കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യൂസഫ് തരിഗാമി

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാശ്മീരിലെ സി.പി.എം നേതാവ് യൂസഫ് തരിഗാമി. ഞങ്ങളാരും ഭീകരവാദികളല്ലെന്നും കാശ്്മീരിലെ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും തരിഗാമി പറഞ്ഞു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തരിഗാമിയുടെ പരാമര്‍ശം.

തങ്ങളാരും ഭീകരവാദികളല്ല. തങ്ങള്‍ക്കു പറയാനുള്ളതു കേള്‍ക്കാനും സര്‍ക്കാര്‍ തയ്യാറാകണമെന്നും തരിഗാമി പറഞ്ഞു. ഒരു പ്രദേശത്തെ വാര്‍ത്ത വിനിമയം, സഞ്ചാര സ്വാതന്ത്ര്യം, കച്ചവടം, വിദ്യാഭ്യാസം, ആശുപത്രി എല്ലാം നിശ്ചലമാണ്. നേതാക്കള്‍ വീട്ടു തടങ്കലിലാണ്. കുട്ടികള്‍ പോലും ആക്രമിക്കപ്പെടുന്നു. മനുഷ്യാവകാശം ചവിട്ടിയരക്കപ്പെട്ടു. പതിയെ പതിയെ കശ്മീരും കാശ്മീരികളും മരിച്ചു കൊണ്ടിരിക്കുകയാണെന്നും താരിഗാമി പറഞ്ഞു.

നാല്‍പ്പത് ദിവസത്തിലേറെയായി തൊഴിലെടുക്കാന്‍ പോലും ആകാത്ത സ്ഥിതിയിലാണ് കശ്മീരിലെ ജനങ്ങളെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വൈദ്യുതിയോ സുഗമമായ ഗതാഗതസംവിധാനമോ അവിടെയില്ല. ആശുപത്രികളില്‍ ആവശ്യത്തിനു മരുന്ന് പോലും ഇല്ലാത്ത അവസ്ഥയാണ്. ഭീകരവാദത്തിന് എതിരായ സമരത്തിന്റെ പേരില്‍ ജന പ്രതിനിധികളെ തടവില്‍ ആക്കുന്നത് എന്തിനാണ്. ഫാറൂഖ് അബ്ദുള്ളയുടെ അറസ്റ്റ് അംഗീകരിക്കാനാവുന്നതല്ല. കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ യത്‌നിച്ച വ്യക്തിയാണ് അദ്ദേഹം, അത് മറക്കരുതെന്നും യെച്ചൂരി പറഞ്ഞു.

chandrika: