X

യൂത്ത്‌ലീഗ് ദേശീയ പ്രതിനിധി സമ്മേളനം നാളെ ബംഗളൂരുവില്‍

ബംഗളൂരു: ‘മതേതര ഇന്ത്യയെ സംരക്ഷിക്കുക’ എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ദേശീയ പ്രതിനിധി സമ്മേളനം നാളെ ബംഗളൂരു ടൗണ്‍ ഹാളില്‍ നടക്കും. സാഹോദര്യവും സൗഹൃദവും ഊട്ടിയുറപ്പിക്കുക എന്ന സന്ദേശവുമായി 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 700 ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

യൂത്ത് ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദേശീയ സമിതിക്ക് സമ്മേളനം രൂപം നല്‍കും. സര്‍പുട്ടണ്ണചെട്ടി ടൗണ്‍ ഹാളില്‍ രാവിലെ 10 മണിക്ക് സമ്മേളനം ആരംഭിക്കും. ഫാഷിസം ഉള്‍പ്പെടെ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ദേശീയ തലത്തില്‍ ന്യൂനപക്ഷ-ദലിത്-മതേതര കൂട്ടായ്മ ഊര്‍ജ്ജിതമാക്കുന്നതിനുള്ള യുവജനങ്ങളുടെ പങ്കിനെക്കുറിച്ചും സമ്മേളനം ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് പൊളിറ്റിക്കല്‍ അഫേഴ്‌സ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡണ്ട് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിക്കും. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും.

ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ദേശീയ സെക്രട്ടറിമാരായ എം.പി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഖുറം അനീസ് ഉമര്‍, ഷഹന്‍ഷ ജഹാംഗീര്‍, മുന്‍ എം.പി അബ്ദുറഹിമാന്‍, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് കേരള നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ. എം. കെ മുനീര്‍, എം. എല്‍. എമാരായ കെ. എം. ഷാജി, അഡ്വ. എന്‍. ശംസുദ്ദീന്‍, കെ. എ. എം അബൂബക്കര്‍, എസ്ടിയു ദേശീയ പ്രസിഡണ്ട് അംജദ് അലി, വനിതാലീഗ് ദേശീയ പ്രസിഡണ്ട് പ്രൊഫ. തശ്‌രീഫ ജഹാന്‍, ജന. സെക്രട്ടറി അഡ്വ. നൂര്‍ബീന റഷീദ്, എം. എസ്. എഫ് ദേശീയ പ്രസിഡണ്ട് ടിപി അഷ്‌റഫലി, യൂത്ത്‌ലീഗ് നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം സാദിഖലി തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ സിറാജ് ഇബ്രാഹിം സേട്ട്, യൂത്ത് ലീഗ് നാഷണല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി ജന. കണ്‍വീനര്‍ സി. കെ സുബൈര്‍, കര്‍ണാടക സംസ്ഥാന പ്രസഡിണ്ട് എന്‍. ജാവിദുല്ല, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.കെ നൗഷാദ് പങ്കെടുത്തു.

chandrika: