X
    Categories: CultureInterviews

നിലപാടുകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുക തന്നെ വേണം എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയ സംസാരിക്കുന്നു

സക്കറിയ / പ്രശോഭ് സാകല്യം

മലയാള സാഹിത്യത്തില്‍ സാമൂഹിക അവബോധത്തിന്റെ മുദ്രണം ചാര്‍ത്തിയ പ്രതിഭാശാലിയായ എഴുത്തുകാരനാണ് സക്കറിയ. സൗമ്യമായ ഭാഷയില്‍ സമൂഹത്തിലെ കപട സദാചാരത്തിനു മുകളില്‍ അദ്ദേഹം ആഴത്തിലുള്ള വിള്ളലുകള്‍ സൃഷ്ടിക്കുന്നു.
ഒരു സാധാരണ വാക്കുപോലും സക്കറിയയുടെ തൂലികയിലൂടെ കടന്നുവരുമ്പോള്‍ അസാധാരണമായ ഒരു രാസമാറ്റം സംഭവിക്കുന്നു. കണ്ടു പരിചയമുള്ള വസ്തുവിനെ മുന്‍വിധികളില്ലാതെ വീണ്ടും കാണാന്‍ അങ്ങനെയാണ് സക്കറിയയുടെ കഥകളും നോവലുകളും നമ്മെ പ്രാപ്തരാക്കുന്നത്. ആ നിലക്ക് സമൂഹത്തെ ശരിയായ രീതിയില്‍ കാണാന്‍ നമ്മുടെ കണ്ണുകള്‍ക്ക് കാഴ്ച നല്‍കുന്ന സിദ്ധൗഷധം കൂടിയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
എഴുത്തിലെ പൂര്‍വസൂരികള്‍ പകര്‍ന്നു നല്‍കിയ രചനാസങ്കല്‍പ്പത്തെ നിരാകരിക്കുന്നതില്‍ ശ്രദ്ധ കാണിക്കുന്ന പുതിയ തലമുറയിലെ എഴുത്തുകാര്‍ പോലും സക്കറിയയുടെ സാഹിത്യഭാവുകത്വത്തെ തള്ളിപ്പറയാന്‍ തയ്യാറാകുന്നില്ല എന്നിടത്താണ് ഇന്നും സക്കറിയക്കുള്ള പ്രസക്തി.
ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ സക്കറിയ സംസാരിക്കുന്നു.

എഴുത്തുകാര്‍ നിശബ്ദരാക്കപ്പെടുന്ന കാലത്ത് ലഭിച്ച പുരസ്‌കാരത്തിന് പ്രാധാന്യം കൂടുതലാണെന്ന് താങ്കള്‍ പറയുകയുണ്ടായി. ഒരു എഴുത്തുകാരനെ ബഹുമാനിതനാക്കുന്നത് അദ്ദേഹത്തിന്റെ രചനകളും നിലപാടുകളുമായിരിക്കണ്ടേ?
രചനകളും നിലപാടുകളുമാണ് എഴുത്തുകാരനെ ഇത്തരത്തിലുള്ള അവാര്‍ഡിന് അര്‍ഹനാക്കുന്നത്. ആ നിലപാടുകളുടെ പ്രാധാന്യമാണ് പുരസ്‌കാരലബ്ധിയിലൂടെ ഉയര്‍ത്തപ്പെടുന്നത് എന്നാണ് ഞാന്‍ ആ വാചകത്തിലൂടെ അര്‍ത്ഥമാക്കിയത്. അസ്വാതന്ത്ര്യങ്ങളുടെയും വിവേചനങ്ങളുടെയും ഇക്കാലത്ത് എഴുത്തുകാരുടെ ഒച്ചയെ, അവരുടെ വാക്കുകളെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ഫാസിസ്റ്റ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ എഴുത്തുകാരന്‍ സ്വീകരിക്കുന്ന നിലപാടിന് വളരെയധികം പ്രാധാന്യമുണ്ട്. അത് എഴുത്തിലും പ്രതിഫലിക്കും. ആ നിലപാടുകള്‍ മതേതരവും ജനാധിപത്യപരവും മൂല്യസൗഹാര്‍ദ്ദങ്ങളെ പിന്തുണക്കുന്നതും സ്ത്രീകളുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും ദളിതരുടെയും പക്ഷത്ത് നില്‍ക്കുന്നതുമായതിനാലാവാം അത് അംഗീകരിക്കപ്പെടുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.
സ്വേച്ഛാധിപത്യ നിലപാടുകള്‍ സ്വീകരിച്ച് വര്‍ഗീയ ശക്തികളുടെ തോളില്‍ കൈയിട്ടുകൊണ്ട് നാണംകെട്ടു നടക്കുന്ന അല്‍പ്പജ്ഞാനികളും നട്ടെല്ലില്ലാത്തവരുമായ ചില എഴുത്തുകാരെങ്കിലും നമുക്ക് ചുറ്റിലുമുണ്ട്. ആ നിലക്ക് വര്‍ഗീയ ശക്തികള്‍ ഭരിക്കുന്ന ഒരു രാജ്യത്തിരുന്നുകൊണ്ട് അതിനെതിരെ ചിന്തിക്കുന്ന എഴുത്തുകാരന് ലഭിക്കുന്ന ഏതൊരംഗീകാരവും വളരെയധികം വിലപ്പെട്ടതു തന്നെയാണ്. ഭരണകൂട നിലപാടുകള്‍ക്കെതിരെയുള്ള സമൂഹത്തിന്റെ മനസ്സ് ഈ പുരസ്‌കാരത്തിന് ഒപ്പമുണ്ട് എന്നും ഞാന്‍ കരുതുന്നു. അതുതന്നെയാണ് അതിന്റെ പ്രാധാന്യം.

ഇത്തരം നിലപാടുകള്‍ പലപ്പോഴും താങ്കള്‍ ഒച്ചയില്‍ വിളിച്ചു പറയാറുണ്ട്. രചനകള്‍ക്ക് പ്രതികരണ ശേഷി പോരെന്ന തോന്നലാണോ ഇതിന് കാരണം? പൊതുവേദികളില്‍ പ്രതികരിച്ചിട്ടില്ലെങ്കില്‍ എഴുത്തുകാരന്റെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ഊനം തട്ടുമെന്നു കരുതുന്നുണ്ടോ?
നമ്മുടെ നിലപാടുകള്‍ പൊതുജനങ്ങളെ അറിയിക്കാന്‍ വേണ്ടിയല്ല സാഹിത്യ രചന നടത്തുന്നത്. കഥകളും കവിതകളും നോവലുകളും പ്രതികരിക്കാനുള്ള ഉപാധി മാത്രമാണെങ്കില്‍ സര്‍ഗ സൃഷ്ടി എന്ന നിലയില്‍ അതിനുള്ള പ്രാധാന്യമെന്താണ്? നിലപാടുകളും സാഹിത്യവും വേറെ വേറെയാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തോടെ നടത്തുന്ന രചനകള്‍ക്ക് മാറ്റ് കുറയും. വായനക്കാരും കുറയും. രചനകളിലൂടെ സാമൂഹ്യ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്ന രീതി ശരിയല്ല. അതിന് ഒരു തെരുവു നാടകത്തിന്റെ പ്രാധാന്യമേയുള്ളൂ. ഏതെങ്കിലും ഒരു കാര്യത്തില്‍ നമ്മുടെ പ്രതികരണം സമൂഹത്തെ അറിയിക്കണമെന്നുണ്ടെങ്കില്‍ അതിന് അഭിപ്രായങ്ങളുടെ ഒരു ലോകം വേറെയുണ്ട്. അത് ഇതുപോലെയുള്ള അഭിമുഖങ്ങളാകാം, ചര്‍ച്ചയാകാം, പ്രസംഗമാകാം. അല്ലാതെ അത് കഥകളിലും നോവലുകളിലും പറയാന്‍ കഴിയില്ല. അങ്ങനെ കുത്തിച്ചെലുത്താന്‍ പാടില്ല എന്നു തന്നെയാണ് എന്റെ അഭിപ്രായം. അപ്പോള്‍ സാഹിത്യത്തിനു തന്നെ അര്‍ത്ഥമില്ലാതായി തീരും. പ്രസക്തി നഷ്ടപ്പെടും. അഭിപ്രായങ്ങള്‍ എല്ലാവര്‍ക്കുമുണ്ടാകും. അത് മുഖത്തു നോക്കി തുറന്നു പറയാനുള്ള നട്ടെല്ലുണ്ടായിരിക്കണം. അതിന് ഒരു എഴുത്തുകാരനോ കലാകാരനോ രാഷ്ട്രീയക്കാരനോ ആയിരിക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഇനി അഭിപ്രായങ്ങള്‍ പറയാനില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്. എല്ലാവര്‍ക്കും അതിനുള്ള കരുത്തും ആര്‍ജ്ജവവും ഉണ്ടാകണമെന്നില്ലല്ലോ. അങ്ങനെയുള്ളര്‍ അങ്ങനെ ചെയ്യട്ടെ.
മാറിയ ഇന്ത്യന്‍ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നതു പോലും ഒരു വലിയ രാഷ്ട്രീയപ്രവര്‍ത്തനമാണ്. എന്നാല്‍ പൊതുവേദികളില്‍ പ്രതികരിക്കാന്‍ മടിക്കുന്ന എഴുത്തുകാരുമുണ്ട്. അതുകൊണ്ടുമാത്രം എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊനം തട്ടുമെന്നൊന്നും ഞാന്‍ കരുതുന്നില്ല. എന്തായാലും നാലാള്‍ കൂടുന്ന ഏതിടങ്ങളിലും ഞാന്‍ എന്റെ അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കും. അതുകൊണ്ടുള്ള ഭവിഷ്യത്ത് ഞാന്‍ കാര്യമാക്കാറില്ല.

പ്രതികരിക്കാനുള്ള ഒരു മാധ്യമമല്ല എഴുത്ത് എന്നാണല്ലോ പറയുന്നത്. എന്നാല്‍ സാമൂഹ്യ പ്രസക്തമായ താങ്കളുടെ ചില കഥകളെങ്കിലും വായിക്കാനിട വന്നിട്ടുണ്ട്. ഉദാഹരണത്തിന് ‘കണ്ണാടി കാണ്മോളവും’ എന്ന കഥ നിലവിലുള്ള സാമൂഹിക സാഹചര്യത്തില്‍ വളരെ പ്രസവുക്തമാണ്.
ആ കഥയില്‍ യേശു ഒരു പ്രതിനിധി മാത്രമാണ്. യേശുവിന്റെ സ്ഥാനത്ത് ആരായാലും വെളിപ്പെടുന്ന കാഴ്ചകള്‍ തന്നെയാണത്. കേരള സമൂഹമാണ് കണ്ണാടിയില്‍ നോക്കുന്നതെങ്കില്‍ വിവിധതരം പ്രതിലോമകാരികളായ ശക്തികള്‍ നിര്‍മ്മിക്കുന്ന മായക്കാഴ്ചകളായിരിക്കും വെളിപ്പെടുന്നത്. നോക്കൂ, ഈ കേരളത്തെക്കുറിച്ചുള്ള ആഖ്യാനങ്ങള്‍ക്ക് അടിമകളായി, അതില്‍ വിശ്വസിച്ച് അപകടകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കാണുന്നത്. രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിര്‍മ്മിക്കുന്ന ആഖ്യാനങ്ങളുണ്ട്, മതങ്ങളും ജാതികളും നിര്‍മ്മിക്കുന്ന ആഖ്യാനങ്ങളുണ്ട്, സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിക്കുന്നവയുണ്ട്. ഇതെല്ലാം വെള്ളപൂശിയും സ്വര്‍ണ്ണംപൂശിയും പുറത്തേക്ക് കൊണ്ടുവന്ന മാധ്യമങ്ങളാണ്, ഇവയ്‌ക്കെല്ലാം ജീവിതത്തേക്കാള്‍ വലിയതാണ് എന്ന് തോന്നിപ്പിക്കുന്ന ഒരു ആഖ്യാനം പ്രതിഷ്ഠിച്ചുകൊടുക്കുന്നത്. ഇതില്‍ വിശ്വസിച്ചുപോയ മലയാളിയെയാണ് കണ്ണാടിയില്‍ നോക്കിയാല്‍ സ്വയം കാണുക. എന്നാല്‍ അവര്‍ക്ക് കണ്ണാടിയില്‍ നോക്കാനുള്ള ശേഷി ഉണ്ടായിരുന്നെങ്കില്‍ ഈ ആഖ്യാനങ്ങള്‍ക്കു പിറകിലെ അജണ്ടകളും കള്ളത്തരങ്ങളും കാപട്യങ്ങളും എന്നേ മനസ്സിലാകുമായിരുന്നു. പക്ഷെ, ഭൂരിപക്ഷം മലയാളികളും അത് മനസ്സിലാക്കുന്നില്ല. അപ്പോള്‍ അടിസ്ഥാനപരമായി മാധ്യമങ്ങള്‍ക്ക് കീഴടങ്ങി ജീവിക്കുന്ന ഒരു സമൂഹത്തെയാണ് ഞാന്‍ കണ്ണാടിയിലൂടെ കാണുന്നത്.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതാറുണ്ടല്ലോ? എന്തിന്റെ അടിസ്ഥാനത്തിലാണ് രചനകളില്‍ ഭാഷാപരമായ തെരഞ്ഞെടുപ്പ് നടത്തുന്നത്?
പ്രത്യേകമായ ഒരു അജണ്ട വെച്ച് അങ്ങനെയൊരു തെരഞ്ഞെടുപ്പും ഞാന്‍ നടത്താറില്ല. എനിക്ക് അറിവുള്ള ഭാഷയില്‍ ഞാന്‍ എഴുതുന്നു. അത്രമാത്രം. എനിക്ക് ചൈനീസ് ഭാഷ അറിയാമായിരുന്നെങ്കില്‍ അതിലും ഞാന്‍ എഴുതിയേനെ. ഹിന്ദിയോ തമിഴോ അങ്ങനെ മറ്റേതെങ്കിലും ഭാഷ അറിയാമായിരുന്നെങ്കില്‍ അതിലൊക്കെ എഴുതാമായിരുന്നു.
മലയാളത്തിലാണ് ഞാന്‍ എഴുത്ത് ആരംഭിക്കുന്നത്. പിന്നീട് ഇംഗ്ലീഷിനോടുള്ള ഒരു അടുപ്പം വായനയിലൂടെയും അതിന്റെ ഉപയോഗത്തിലൂടെയും വന്നുചേര്‍ന്നു. ഇംഗ്ലീഷില്‍ എഴുതാന്‍ കഴിയുമെന്ന ആത്മവിശ്വാസം തോന്നിയതുകൊണ്ട് ഞാന്‍ ഇംഗ്ലീഷിലുമെഴുതി. ഒരു ഭാഷയെ നമുക്ക് ആസ്വദിക്കാനുള്ള ശേഷി കൈവരുമ്പോഴേ ആ ഭാഷയില്‍ നമുക്ക് സാഹിത്യം രചിക്കാന്‍ സാധിക്കുകയുള്ളൂ.

മലയാളത്തിന്റെ റീച്ച് കുറവാണ് എന്ന ഒരു തോന്നലുകൂടി ഇംഗ്ലീഷിലെഴുതാന്‍ പ്രേരിപ്പിക്കുണ്ടാകില്ലേ?
മലയാളത്തിന്റെ റീച്ച് കുറവാണ് എന്ന തോന്നലൊന്നുമല്ല അതിന് പ്രേരിപ്പിച്ചത്. ലോകമൊട്ടുക്കുമുള്ള മലയാളികള്‍ക്കിടയില്‍ മലയാളത്തിന് റീച്ചുണ്ടല്ലോ. മലയാളത്തിന് പുറത്ത് റീച്ച് ഉണ്ടാകണമെങ്കില്‍ മലയാളത്തെ മാത്രം ആശ്രയിച്ചിട്ട് കാര്യമില്ല എന്നേയുള്ളൂ. അപ്പോള്‍ മറ്റൊരു ഭാഷ കൂടി തെരഞ്ഞെടുക്കേണ്ടി വരും. റീച്ച് കണ്ടുകൊണ്ടുള്ള എഴുത്ത് വളരെ മോശമായ കാര്യമാണ്. നമ്മള്‍ എഴുതുന്നത് മികവുറ്റ ഒരു രചനയാണെങ്കില്‍ അതിന് ഭാഷ ഒരിക്കലും ഒരു തടസ്സമല്ല. ലോകത്തിലെ മറ്റു ഭാഷകളില്‍ എഴുതപ്പെട്ടിട്ടുള്ള മികച്ച രചനകളെക്കുറിച്ച് നമുക്കറിയാമല്ലോ. വിവര്‍ത്തനത്തിലൂടെയാണെങ്കിലും നമുക്കത് വായിക്കാനും സാധിക്കുന്നുണ്ട്. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന് ഏറ്റവും കൂടുതല്‍ വായനക്കാരുള്ളത് കേരളത്തിലാണ് എന്നു പറയാറുണ്ട്. ഒരു ആഗോള ഭാഷയായതുകൊണ്ട് ചില സാധ്യതകള്‍ ഇംഗ്ലീഷ് രചനകള്‍ക്കുണ്ട്. എന്നാല്‍ ഇംഗ്ലീഷിലെഴുതിയാലും ഒരു മോശം രചനയാണെങ്കില്‍ വേണ്ടത്ര വായിക്കപ്പെടണമെന്നില്ല. ഒരു മെറിറ്റ് ഉണ്ടെങ്കില്‍ ലോകമൊട്ടാകെ അത് വായിക്കും. സ്വാഭാവികമാണ്.

ഒരു കലാകാരന്റെ പ്രസക്തിയും അവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധവും?
എഴുത്തുകാരനുള്ള പ്രസക്തി എന്നു പറയുന്നത് സാഹിത്യത്തിനുള്ള പ്രസക്തി മാത്രമാണ്. ഓരോ എഴുത്തുകാരനും വിഭിന്നമായ ജീവിത വീക്ഷണമായിരിക്കും ഉണ്ടാകുക. അതുകൊണ്ടുതന്നെ മനുഷ്യകുലത്തോടും മനുഷ്യബന്ധങ്ങളോടും ലോകത്തോടും ലോകത്ത് നമ്മള്‍ കാണുന്ന വിവിധ പ്രതിഭാസങ്ങളോടും അവര്‍ക്ക് ഓരോരോ സമീപനങ്ങളായിരിക്കും. ആ സമീപനമായിരിക്കും അവരുടെ എഴുത്തിലും പ്രകടമാകുക. അത് രസകരമാണെങ്കില്‍ ആളുകള്‍ വായിക്കും. അത് ഉദാത്തമാണെങ്കില്‍ എക്കാലും നിലനില്‍ക്കും. ചര്‍ച്ച ചെയ്യപ്പെടും. അതാണ് സാഹിത്യത്തിനുള്ള പ്രസക്തി. ആ പ്രസക്തി മാത്രമാണ് ഓരോ എഴുത്തുകാരനുമുള്ളത്.
സാഹിത്യത്തിനുള്ള പ്രസക്തി പോലെ തന്നെ പ്രധാനമാണ് സിനിമ, പെയിന്റിംഗ്, സംഗീതം, ചരിത്രം മുതലായ എല്ലാ വിധത്തിലുള്ള ആത്മാവിഷ്‌കാരങ്ങളും. ഇതൊക്കെ നമുക്ക് പുതിയ അനുഭവങ്ങളും അറിവുകളും സമ്മാനിക്കുന്നവയാണ്. അവ പുതിയ പുതിയ ആശയങ്ങള്‍ തരുന്നു. ജീവസ്സുറ്റ ഒരു ജീവിതം നയിക്കാനുള്ള ഊര്‍ജ്ജം നമുക്ക് പ്രദാനം ചെയ്യുന്നു. മനസ്സിന്റെ ചക്രവാളങ്ങള്‍ വികസിക്കുന്നു. ചില തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. നമ്മെ കൂടുതല്‍ കൂടുതല്‍ മനുഷ്യരാക്കി മാറ്റുന്നു. അതുകൊണ്ട് ഇത്തരം കലകള്‍ തന്നെയാണ് മാനുഷിക മൂല്യങ്ങളെ ഉത്തേജിപ്പിക്കാനുള്ള സിദ്ധൗഷധം. ഒരു കലാകാരന്റെ പ്രസക്തിയും അവന്‍ സ്വയം തീര്‍ക്കുന്ന പ്രതിരോധവും ഈ വിധത്തിലാണ്. വര്‍ഗീയശക്തികളുടെ തോളില്‍ കൈവെച്ച് നടക്കുന്ന മനസ്സുള്ളവരാണെങ്കില്‍ അവര്‍ സാഹിത്യത്തിലും ഇതര കലകളിലും വിഷം പരത്തും. ശ്രദ്ധിക്കേണ്ട കാര്യമാണത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വന്ന അപചയം. ഭൗതികമായ ജീവിതക്രമീകരണങ്ങളില്‍ പോലും ആദര്‍ശവും പ്രത്യയശാസ്ത്രവും പരിഗണിക്കപ്പെടുന്നില്ല. ഈ മൂല്യശോഷണത്തെക്കുറിച്ച്?

എല്ലാ കാലത്തും അങ്ങനെയൊക്കെത്തന്നെയാണ്. സ്വാതന്ത്ര്യാനന്തര കാലശേഷം തന്നെ നമ്മുടെ രാഷ്ട്രീയ മേഖലയില്‍ ഈ മൂല്യശോഷണം വന്ന് തുടങ്ങിയിട്ടുണ്ട്. അതിനു മുമ്പുള്ള കാലവുമായി തട്ടിച്ചുനോക്കുന്നതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. അതിന് മുമ്പുണ്ടായിരുന്നത് രാഷ്ട്രീയമായിരുന്നില്ല. പ്രസ്ഥാനമായിരുന്നു. കോണ്‍ഗ്രസ് ആണ് ആദ്യം രൂപപ്പെട്ട പ്രസ്ഥാനം. ഈ നാടിന്റെ കാര്യങ്ങള്‍ അന്വേഷിക്കാനും നടത്താനും ഇവിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍ അധികാരകേന്ദ്രീകൃതമായി അത് വളര്‍ന്നുവരാന്‍ തുടങ്ങിയപ്പോള്‍ ആര്‍ത്തിയും അഴിമതിയും അധികാര ദുര്‍വിനിയോഗവും സ്വേച്ഛാധിപത്യ മനോഭാവവും ജനാധിപത്യത്തോടുള്ള പുച്ഛവും രൂപപ്പെട്ടുവരാന്‍ തുടങ്ങി. ഇത്തരം ജനാധിപത്യ-മതേതര വിരുദ്ധമായ പ്രവണതകളെ ചോദ്യം ചെയ്യാനുള്ള ശേഷി ജനങ്ങള്‍ക്കില്ലാത്തതുകൊണ്ട് ഇന്നും അത് തുടരുന്നു എന്നുമാത്രം. ലോകത്തെവിടെയുമുള്ള ഏതു രാഷ്ട്രത്തിനും ഇത്തരം പ്രതിലോമകരമായ പ്രവണതകളെ പ്രതിരോധിക്കാനുള്ള ജനാധിപത്യ സംവിധാനം മാധ്യമങ്ങളുടെ കൈയിലാണ്. എന്നാല്‍ ഇന്ത്യയിലെയും കേരളത്തിലെയും മാധ്യമങ്ങള്‍ ഈ പറഞ്ഞ തരത്തിലുള്ള എല്ലാ കാര്യങ്ങളുടെയും ചൂട് പറ്റി അവയെ കണ്ടില്ലെന്ന് നടിച്ച് അവയോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മറ്റൊരു ജീര്‍ണിച്ച പ്രസ്ഥാനമായി മാറി. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. നമുക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. നമ്മുടെ ആളുകള്‍ക്ക് സദ്ബുദ്ധിയുണ്ടാകുന്നതുവരെ ഇത് ഇങ്ങനെ പോയിക്കൊണ്ടിരിക്കും.

കോവിഡ് കാലത്തെ ജീവിതം?
എന്നെ സംബന്ധിച്ചിടത്തോളം കോവിഡ് വലിയ രീതിയിലൊന്നും ബാധിച്ചിട്ടേയില്ല. ഞാന്‍ വീട്ടിലിരുന്ന് രാവിലെ മുതല്‍ വൈകുന്നേരം വരെ ജോലി ചെയ്യുന്ന ആളാണ്. കോവിഡ് കാലത്ത് കുറച്ചുകൂടി നന്നായി ജോലി ചെയ്യാന്‍ സാധിച്ചു. സന്ദര്‍ശനങ്ങളില്ല, യാത്രകളില്ല, പ്രസംഗങ്ങളില്ല -സ്വതന്ത്രമായ സമയം കൈയില്‍ വന്നു.
എന്നാല്‍, എത്രയോ ലക്ഷം ആളുകള്‍ക്ക് അവരുടെ ഉപജീവനം നഷ്ടപ്പെട്ടു. തട്ടുകട നടത്തിയും ഓട്ടോറിക്ഷ ഓടിച്ചുമൊക്കെയാണ് എത്രയോ ആളുകള്‍ ഇവിടെ ജീവിക്കുന്നത്. അവരൊക്കെയും പട്ടിണിയിലായി. ഇവിടയുള്ള സാധാരണക്കാരായ നിരവധി ആളുകളുടെ ജീവിതം പറഞ്ഞറിയിക്കാന്‍ കഴിയാത്ത വിധത്തില്‍ ദുരിതപൂര്‍ണമായി. പല കുടുംബ ബന്ധങ്ങളിലും അസ്വാരസ്യങ്ങളുണ്ടായി. ഡിപ്രഷന്‍ രോഗികള്‍ കൂടി വന്നു. ആത്മഹത്യകള്‍ പെരുകി. നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങള്‍ പലതും നടക്കാതായി. നിരവധി ആഘോഷങ്ങള്‍ക്കും പരിപാടികള്‍ക്കും മുടക്കം വന്നു. ഓരോ ആളുകളുടെയും ജീവിതം വ്യത്യസ്ത തരത്തിലുള്ള പ്രതിസന്ധികളില്‍ ചെന്നുമുട്ടി.

ചില നല്ല ശീലങ്ങള്‍ മലയാളികള്‍ പഠിച്ചില്ലേ?
കോവിഡ് കാലം മലയാളികളില്‍ ഒരു പുതിയ ശീലവും ഉണ്ടാക്കാന്‍ സാധ്യതയില്ല. കോവിഡ് നിയമങ്ങളൊക്കെ താല്‍ക്കാലികമായി പാലിച്ചു പോകാം എന്നു മാത്രമേയുള്ളൂ. പുറത്തുപോയി വന്നാല്‍ കൈ കഴുകണം, പൊതു സ്ഥലങ്ങളില്‍ അകലം പാലിക്കണം തുടങ്ങിയ നിയമങ്ങളൊന്നും പാലിക്കാന്‍പോകുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഈ പ്രത്യേക സാഹചര്യത്തില്‍ അങ്ങനെ ചെയ്യേണ്ടി വരുന്നുണ്ടാകാം. അത് പേടികൊണ്ടാണ്, കോവിഡിനെ മാത്രമല്ല പൊലീസിനേയും. കോവിഡ് എന്ന് പോകുന്നോ അന്നു മുതല്‍ മലയാളികള്‍ പഴയ മലയാളികള്‍ തന്നെയായിരിക്കും. സംശയമില്ല. മറ്റുള്ളവരെ പരിഗണിക്കാനുള്ള സഹിഷ്ണുതയുള്ളവരല്ല മലയാളികള്‍.
സാംസ്‌കാരികമായി ഉയര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങളില്‍ എല്ലാ കാലത്തും പാലിക്കുന്ന നിയമങ്ങള്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ കോവിഡ് നിയമങ്ങളായി വന്നിരിക്കുന്നത്. വിദേശങ്ങളിലൊക്കെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ ഒരാള്‍ മുന്നിലും മറ്റെയാള്‍ പിറകിലുമായി മാത്രമേ നില്‍ക്കുകയുള്ളൂ. ആരും തള്ളിക്കയറാന്‍ ശ്രമിക്കുകയില്ല. ഇവിടെ അത് ചിന്തിക്കാന്‍ സാധിക്കുമോ?

ചന്ദ്രിക വെബ് ഡെസ്‌ക്‌: