X

അന്തര്‍സര്‍വകലാശാലാ ഫുട്‌ബോളില്‍ സംഘാടകരെയും റഫറിയെയും തോല്‍പ്പിച്ച് കാലിക്കറ്റ്

മിഡ്‌നാപ്പൂര്‍: റഫറിയും സംഘാടകരും പരമാവധി ശ്രമിച്ചു, പക്ഷേ കാലിക്കറ്റ് വാഴ്‌സിറ്റിയെ വീഴ്ത്താന്‍ അവര്‍ക്കൊന്നുമായില്ല. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് ഫൈനലില്‍ പ്രവേശിച്ചു. മിഡ്‌നാപൂര്‍ വിദ്യാസാഗര്‍ സര്‍വകലാശാലാ ക്യാമ്പസില്‍ നടന്ന സെമിയില്‍ ആതിഥേയരെ ഏകപക്ഷികമായ ഒരു ഗോളിനാണ് കാലിക്കറ്റ് പരാജയപ്പെടുത്തിയത്. കളിയുടെ 89-ാം മിനിറ്റില്‍ മഞ്ചേരി എന്‍.എസ്.എസ് കോളജിലെ സിയാദ് നെല്ലിപറമ്പനാണ് നിര്‍ണ്ണായ ഗോള്‍ നേടിയത്. ആവേശകരമായിരുന്നു മല്‍സരം. കാലിക്കറ്റ് വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ആതിഥേയര്‍ക്കായി റഫറി പോലും നിയമം വിട്ട് കളിക്കാന്‍ തുടങ്ങി. മല്‍സര നിരീക്ഷകനായി മിഡ്‌നാപ്പൂരിലുണ്ടായിരുന്ന കാലിക്കറ്റ് വാഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ.സക്കീര്‍ ഹുസൈനെ സാക്ഷി നിര്‍ത്തിയായിരുന്നു സംഘാടകരുടെ വഴി വിട്ട നീക്കങ്ങള്‍. കാലിക്കറ്റിനെ തോല്‍പ്പിക്കാന്‍ ഒരു വേള ഇല്ലാത്ത പെനാല്‍ട്ടി കിക്ക് വിദ്യാസാഗറിന് നല്‍കി. കാലിക്കറ്റിന്റെ താരങ്ങള്‍ പ്രതിഷേധിച്ചുവെങ്കിലും റഫറി വഴങ്ങിയില്ല. പക്ഷേ കാണികളുടെ ആകാംക്ഷക്കിടെ വിദ്യാസാഗറിന്റെ കിക്ക് പുറത്തേക്കായിരുന്നു. സമനിലയില്‍ മുന്നേറിയ മല്‍സരത്തിന്റെ അവസാനത്തില്‍ സിയാദ് നെല്ലിപ്പറമ്പന്‍ കാലിക്കറ്റിന് വേണ്ടി ഗോള്‍ നേടിയപ്പോള്‍ റഫറി ഓഫ് സൈഡ് വിസില്‍ മുഴക്കി. കാലിക്കറ്റിനെ തോല്‍പ്പിക്കാന്‍ സംഘാടകരും ശ്രമിക്കവെ മല്‍സരാവസാനത്തില്‍ സിയാദിന്റെ സോളോ നീക്കം സുന്ദര ഗോളായി മാറിയപ്പോള്‍ റഫറിക്ക് ഗോള്‍ അനുവദിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല. പിന്നിടുളള നിമിഷങ്ങളില്‍ വലിയ സമ്മര്‍ദ്ദത്തിലായിരുന്നു കാലിക്കറ്റിന്റെ താരങ്ങള്‍. സതീവന്‍ ബാലന്‍ പരിശീലിപ്പിക്കുന്ന ടീം പക്ഷേ പതറിയില്ല. ഇന്ന്് ഉച്ചക്ക് നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്‍മാരായ പഞ്ചാബ് സര്‍വകലാശാലയാണ് കാലിക്കറ്റിന്റെ എതിരാളികള്‍.

chandrika: