X
    Categories: MoreViews

എന്തു കൊണ്ട് ബി.ജെ.പി അണ്ണാഡി.എം.കെയ്ക്കു പിന്നാലെ

ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്‍ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്‍ശെല്‍വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ എന്നതിനേക്കാള്‍ അണ്ണാഡി.എം.കെയുടെ പിന്തുണ ആര്‍ജ്ജിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത ശശികലയ്‌ക്കെതിരെ ഒ പന്നീര്‍ശെല്‍വത്തെ ഇളക്കി വിട്ടതിനു പിന്നിലെ ചേതോവികാരവും ഇതാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ ജൂലൈയില്‍ തെരഞ്ഞെടുക്കാനിരിക്കുന്നതാണ് ബി.ജെ.പിയെ അണ്ണാഡി.എം.കെയ്ക്കു പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്ന ഇലക്ട്രല്‍ കോളീജിയത്തില്‍ ബി.ജെ.പിയ്‌ക്കോ, എന്‍.ഡി.എയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് പാര്‍ട്ടിയെ പ്രാദേശിക രാഷ്ട്രീയ കക്ഷിക്കു പിന്നാലെ നടക്കാന്‍ പ്രേരിപ്പിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷവുമായി ഐക്യത്തിലെത്താത്ത സാഹചര്യമുണ്ടായാല്‍ എന്‍.ഡി.എ സഖ്യത്തിലില്ലാത്ത എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് അതിനിര്‍ണായകമാവും. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ബി.ജെ.പിയ്ക്ക് ഭൂരിപക്ഷത്തിന് 1,70,000 വോട്ടുകളുടെ കുറവാണ് ഉണ്ടാവുക. എന്‍.ഡി.എ സഖ്യത്തിന് 75,000 വോട്ടുകളുടെ കുറവും. അണ്ണാഡി.എം.കെയ്ക്ക് 58,984 വോട്ടുകളുള്ളതിനാല്‍ ഇത് ബി.ജെ.പിയെ സംബന്ധിച്ച് ചെറുതല്ലാത്ത സഹായമാവും. ശശികലയ്‌ക്കെതിരെ പോരിനിറങ്ങും മുമ്പ് പന്നീര്‍ശെല്‍വം കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുടെ പിന്തുണ തേടിയതും ഈ സാഹചര്യത്തിലാണ്. ശശികല പക്ഷത്തെ ഇ പളനി സ്വാമി മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഇനി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതകള്‍ ചൂണ്ടിക്കാട്ടി ശശികല പക്ഷത്തെ ചൂണ്ടയിടാനാവും വരും ദിനങ്ങളില്‍ ബി.ജെ.പി ശ്രമിക്കുക. 2012ല്‍ യു.പി.എ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രണബ് മുഖര്‍ജിക്കെതിരെ പി.എ സാംഗ്മയെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയുമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ബി.ജെ.പി സാംഗ്മയെ പിന്തുണക്കുകയായിരുന്നു.

chandrika: