ന്യൂഡല്‍ഹി: ധാരാളം മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും ഭൂമിയാണ് ഇന്ത്യ. വൈവിധ്യവും ബഹുസ്വരതയുമാണ് രാജ്യത്തിന്റെ മുദ്രവാക്യം. പരസ്പരം ബഹുമാനിച്ച് മുമ്പോട്ടു പോകുന്ന ജനമാണ് ഇന്ത്യയുടെ കാതല്‍. അത്തരമൊരു കാഴ്ച കാണാനായി ഡല്‍ഹിയിലെ കര്‍ഷക പ്രതിഷേധത്തില്‍ നിന്ന്.

പ്രതിഷേധത്തിനെത്തിയ മുസ്‌ലിംകള്‍ നമസ്‌കരിക്കുമ്പോള്‍ അവര്‍ക്ക് നിന്നു കൊണ്ട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന സിഖുകാരുടെ ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.

യൂട്യൂബില്‍ ഡെക്കാല്‍ ഡൈജസ്റ്റ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഈ മനോഹര ദൃശ്യം പുറംലോകത്തെത്തിച്ചത്. പ്രതിഷേധ ഭൂമിയില്‍ നമസ്‌കാരം നടക്കുന്ന സ്ഥലത്ത് കാവല്‍ പോലെ നില്‍ക്കുകയാണ് സിഖ് സമൂഹം.

മാധ്യമ പ്രവര്‍ത്തക റാണ അയ്യൂബ് അടക്കമുള്ളവര്‍ ഈ വീഡിയോ പങ്കുവച്ചു. ഇതെന്നെ വികാരഭരിതയാക്കി എന്നാണ് അവര്‍ കുറിച്ചത്. ജാതി-മത ഭേദമെന്യേ ലക്ഷക്കണക്കിന് കര്‍ഷകരാണ് കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ സമരമിരിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസിലെ പ്രവീണ്‍ ഖന്ന പകര്‍ത്തിയ ചിത്രം

പ്രതിഷേധത്തിന് നാള്‍ക്കുനാള്‍ പിന്തുണ വര്‍ധിച്ചു വരികയാണ്. സര്‍ക്കാര്‍ ഈയിടെ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍. സര്‍ക്കാറുമായി കര്‍ഷക സംഘടനാ പ്രതിനിധികള്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല.