കോഴിക്കോട്: മലയാളത്തില്‍ പുത്തന്‍മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച ട്രാഫിക് സിനിമ റിലീസ് ചെയ്തിട്ട് ഇന്ന് ഒരുപതിറ്റാണ്ട്. 2011ല്‍ ഇതേദിവസം തിയേറ്ററിലെത്തി തരംഗംതീര്‍ത്ത ട്രാഫിക് നിരവധി വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് തുടക്കംകുറിച്ചത്. അവയവമാറ്റത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ സിനിമ റോഡ്മാര്‍ഗം എത്തിക്കുന്നതിലെ പ്രായോഗികതകൂടി വിവരിച്ചു.

അതുവരെയുള്ള ആഖ്യാനരീതികളെ മാറ്റിമറിയ്ക്കുന്നതായിരുന്നു ഈ സിനിമ. പിന്‍കാലത്ത് റോഡ് മാര്‍ഗം നിരവധി അവയവമാറ്റം സാധ്യമാക്കുന്നതിനും അധികൃതരെ മാറിചിന്തിക്കുന്നതിനുമെല്ലാം ഈ സിനിമ കാരണമായി.
ഒറ്റദിവസം പലജീവിതങ്ങളില്‍ സംഭവിക്കുന്നതെല്ലാം ഒറ്റതന്തുവിലേക്കെത്തിച്ച സംവിധായകന്റെ കൈയടക്കം ട്രാഫിക്കില്‍ പ്രകടമായിരുന്നു. പലഭാഷകളില്‍ പിന്നീട് നിര്‍മിക്കപ്പെട്ട സിനിമ ആസിഫലി അടക്കമുള്ള താരങ്ങളുടെ തിരിച്ചുവരവ് കൂടിയായിരുന്നു.

സിനിമാരംഗം പ്രതിസന്ധി നേരിടുന്ന കാലത്താണ് വമ്പന്‍താരനിരയില്ലാതെ, ആരുംപറയാന്‍ ധൈര്യപ്പെടാത്ത ആഖ്യാനരീതിയുമായി രാജേഷ് പിള്ളയെന്ന സംവിധായകന്‍ മുന്നോട്ട് വന്നത്. അടുത്തകാലത്തായി വ്യത്യസ്ത പുലര്‍ത്തുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ എത്തിയെങ്കിലും ഇതിന്റെയെല്ലാം തുടക്കം ട്രാഫിക്കായിരുന്നു. സിനിമ പത്തുവര്‍ഷം പിന്നിടുമ്പോഴും സംവിധായകന്‍ രാജേഷ് പിള്ളയുടെ വിയോഗം നൊമ്പരമായി നിലനില്‍ക്കുന്നു