Connect with us

india

ഫലസ്തീന്‍ പരിഹാരത്തിന് ഇന്ത്യക്ക് നിര്‍ണായക പങ്ക്

ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

Published

on

അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്

ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.

? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.

– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.

? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.

– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.

? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല

– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.

? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു

– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.

? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു

– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.

? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും

– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.

? ഓസ്‌ലോ കരാറിന്റെ പ്രസക്തി

– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.

? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ

– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.

? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു

– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.

? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു

– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.

? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?

– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.

ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.

india

‘ഇന്ധന ഒഴുക്ക് നിയന്ത്രിക്കുന്ന സ്വിച്ച് ഓഫ് ആയി’; അഹമ്മദാബാദ് വിമാന അപകടത്തില്‍ കണ്ടെത്തലുമായി AAIB

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) പ്രഥമിക റിപ്പോർട്ട് പുറത്ത്. ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായതാണ് അപകട കാരണം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. വിമാനം പറന്നുയർന്ന ഉടനെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡ‍ുകൾ മാത്രമാണെന്നും 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് AAIB സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്യുന്നുണ്ട്.

എഞ്ചിൻ 1, എഞ്ചിൻ 2 എന്നിവയിലേയ്ക്കുള്ള ഇന്ധനം കട്ട്ഓഫ് ചെയ്യുന്ന രണ്ട് സ്വിച്ചുകളും ഒരു സെക്കൻഡിനുള്ളിൽ RUN-ൽ നിന്ന് CUTOFF-ലേക്ക് മാറുകയും ഇന്ധന വിതരണം തടസ്സപ്പെടുകയും ചെയ്തു എന്നാണ് റിപ്പോർ‌ട്ട്. ഇതോടെ രണ്ട് എഞ്ചിനുകളും വിമാനം പറന്നുയർന്നതിന് പിന്നാലെ ഓഫ് ആവുകയും വായുവിൽ വെച്ച് എഞ്ചിനുകളുടെ ത്രസ്റ്റ് നഷ്ടപ്പെടാൻ കാരണമാവുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. രണ്ട് എഞ്ചിനുകൾക്കും ഒരേസമയം ത്രസ്റ്റ് നഷ്ടപ്പെടുന്നതിന് മുമ്പ് വിമാനം 180 നോട്ട് വേഗതയിലെത്തിയിരുന്നു. ഇന്ധന സ്വിച്ചുകൾ ഫ്ലിപ്പ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് വേഗതയും ഉയരവും പെട്ടെന്ന് നഷ്ടപ്പെട്ടുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നുണ്ട്. വിമാനം പറന്നുയർന്ന ഉടൻ തന്നെ ‘റാം എയർ ടർബൈൻ’ (RAT) പ്രവർത്തിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഊർജ്ജ തടസ്സം സംഭവിക്കുമ്പോൾ RAT സാധാരണയായി സജീവമാകാറുണ്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പറന്ന് ഉയരുന്നതിനിടെ ഓഫായി എന്നത് ഇത് സ്ഥിരീകരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.

ഓഫായതിന് പിന്നാലെ രണ്ട് ഇന്ധന സ്വിച്ചുകളും RUN-ലേക്ക് തിരികെ മാറ്റി. ഇതിന് പിന്നാലെ ഒരു എഞ്ചിൻ താൽക്കാലികമായി സ്ഥിരത കൈവരിച്ചുവെന്നും പക്ഷേ മറ്റൊന്നിന് പ്രവർത്തന ശേഷി വീണ്ടെടുക്കാനായില്ലെന്നും റിപ്പോർട്ട് പറയുന്നു. എഞ്ചിൻ 2 പ്രവർത്തന ശേഷി വീണ്ടെടുക്കുന്നതിൻ്റെ ലക്ഷണങ്ങൾ കാണിച്ചു, പക്ഷേ എഞ്ചിൻ 1 സ്ഥിരത കൈവരിക്കുന്നതിൽ പരാജയപ്പെട്ടു, ത്രസ്റ്റ് വീണ്ടെടുക്കാൻ കഴിഞ്ഞില്ല എന്നാണ് റിപ്പോർട്ട് പറയുന്നത്. വിമാനത്തിന്റെ ഫോർവേഡ് എക്സ്റ്റെൻഡഡ് എയർഫ്രെയിം ഫ്ലൈറ്റ് റെക്കോർഡർ (EAFR) വീണ്ടെടുക്കുകയും വിജയകരമായി ഡൗൺലോഡ് ചെയ്യുകയും ചെയ്തുവെന്നാണ് റിപ്പോർട്ടിലുള്ളത്. വ്യവസ്ഥാപിത മാർഗങ്ങളിലൂടെ ഡാറ്റ വീണ്ടെടുക്കാൻ കഴിയാത്തത്ര ​ഗുരുതരമായ കേടുപാടുകൾ പിൻഭാഗത്തെ EAFR-ന് സംഭവിച്ചുവെന്നും റിപ്പോർ‌ട്ടിലുണ്ട്.

Continue Reading

india

കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ്‍ അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.

എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്‌സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ്‍ തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.

എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്‍കുന്നതില്‍ പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന്‍ എട്ട് അംഗ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

Continue Reading

india

ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

Published

on

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.

ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.

രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.

ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന്‍ പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.

വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള്‍ മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.

കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള്‍ ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.

Continue Reading

Trending