News

ഗസ്സയില്‍ കനത്ത മഴ; ഖാന്‍ യൂനിസിലെ ടെന്റ് ക്യാമ്പുകള്‍ വെള്ളത്തില്‍ മുങ്ങി

By webdesk17

November 16, 2025

ഗസ്സ: കനത്ത മഴയും ശീതക്കാറ്റും തുടര്‍ന്നതോടെ ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ കുടിയിറക്കപ്പെട്ട ഫലസ്തീനികള്‍ താമസിക്കുന്ന ടെന്റ് ക്യാമ്പുകള്‍ ദുരിതത്തിലായി. പടിഞ്ഞാറന്‍ ഖാന്‍ യൂനിസിലെ അഭയാര്‍ഥി ക്യാമ്പുകളിലെ നിരവധി ടെന്റുകള്‍ വെള്ളത്തില്‍ മുങ്ങിയതായി ഗസ്സ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് ശക്തമായ മഴയും കാറ്റും പ്രദേശത്ത് തുടങ്ങിയത്. ഇതിനോടകം തന്നെ ഇസ്രാഈല്‍ ആക്രമണത്തില്‍ ഭവനരഹിതരായ ഏകദേശം 1.5 മില്യണ്‍ പേരുടെ ജീവിതം കാലാവസ്ഥ കൂടി വഷളാക്കി.

കാലാവസ്ഥാ വ്യതിയാനവും യുദ്ധം സൃഷ്ടിച്ച വ്യാപക നാശനഷ്ടങ്ങളും കാരണം ഗസ്സയിലെ പുറന്തള്ളപ്പെട്ട ജനങ്ങള്‍ ഉപയോഗിക്കുന്ന 135,000 ടെന്റുകളില്‍ 125,000 എണ്ണം താമസയോഗ്യമല്ലെന്ന് ഗസ്സ ഗവണ്‍മെന്റ് മാധ്യമങ്ങളോട് അറിയിച്ചു.

മഴക്കെടുതിയെത്തുടര്‍ന്ന് ക്യാമ്പുകളില്‍ ശുദ്ധജലത്തിനും ഭക്ഷണത്തിനും തണുപ്പില്‍ നിന്നും സംരക്ഷണത്തിനുമായി അടിയന്തര സഹായം ആവശ്യമായ സാഹചര്യമാണിപ്പോള്‍. ഗസ്സയില്‍ ഇതിനകം നിലനില്‍ക്കുന്ന മനുഷ്യാവകാശ പ്രതിസന്ധി കാലാവസ്ഥ കൂടി കൂടുതല്‍ ഗുരുതരമാക്കുന്ന സാഹചര്യമാണുണ്ടായത്.