ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.
അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ /
ലുഖ്മാന്‍ മമ്പാട്
ലോക ഫലസ്തീന്‍ ദിനത്തില്‍ സ്വന്തം നാട് പോലെ പ്രിയപ്പെട്ടൊരിടമാണ് അദ്‌നാന്‍ മുഹമ്മദ് ജാബിര്‍ അബുഹൈജ തേടിയത്. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ കേരളത്തിലേക്ക് വരുമ്പോള്‍ സാന്ത്വനതീരമാവാന്‍ ഒട്ടേറെ കാരണങ്ങളുണ്ട്; ഇസ്രാഈല്‍ തീമഴ പെയ്യിക്കുമ്പോള്‍ പ്രത്യേകിച്ചും. ഫലസ്തീനിലെ അതിജീവനം സയണിസം ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ കണ്ണുനനഞ്ഞും തൊണ്ടയിടറിയും അതിലേറെയൊരു പോരാളിയായും അദ്ദേഹം ചന്ദ്രികയോട് മനസു തുറക്കുന്നു.
? എന്താണ് യഥാര്‍ത്ഥത്തില്‍ ഗസ്സയില്‍ നടക്കുന്നത്.
– ആധുനിക നാഗരിക സമൂഹത്തിന് ഒരിക്കലും ഊഹിക്കാന്‍ കഴിയാത്ത ചെയ്തികളാണ് ഗസ്സയില്‍ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്. ഫലസ്തീന്റെ അവശേഷിക്കുന്ന ഭൂമിയും സ്വത്തും സ്വന്തമാക്കാനാണ് നീക്കം. അതിന് ആക്കംകൂട്ടുന്ന ഒട്ടേറെ രാഷ്ട്രീയ കാരണങ്ങളുമുണ്ട്. കാര്യമായ ഭരണ നേട്ടമില്ലാതെ ജനങ്ങളുടെമുന്നില്‍ പരുങ്ങലിലാവുമ്പോള്‍ ഫലസ്തീകളുടെ ചോരകൊണ്ട് വിജയം രചിക്കാമെന്നാണവരുടെ വ്യാമോഹം. മനുഷ്യത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നു. ആയിരക്കണക്കിന് പേര്‍ മരിച്ചു. അതിന്റെ എത്രയോ ഇരട്ടി പരിക്കേറ്റ് ചികിത്സപോലും ലഭിക്കാതെ ജീവശ്വാസത്തിനായി കേഴുന്നു. വെള്ളവും ഭക്ഷണവും മരുന്നും വെളിച്ചവുമില്ലാതെ (വിതുമ്പുന്നു), ഭൂമിയിലെ നരകമാക്കുകയാണവിടെ. ഫലസ്തീനില്‍ ഇടതടവില്ലാതെ മാരക ബോംബുകള്‍ വര്‍ഷിക്കുന്നു. ഗസ്സയില്‍ 70 ശതമാനം വരുന്ന ജനത ദാരിദ്ര്യത്തിലായിരുന്നു. ഇപ്പോഴത് നൂറു ശതമാനമായി.
? ഇസ്രാഈല്‍ പട്ടാളം മാധ്യമങ്ങളെയും ലക്ഷ്യംവെക്കുന്നു. ഫലസ്തീനില്‍ നിന്ന് ശരിയായ വിവരം ലോകത്തിന് ലഭിക്കുന്നില്ലേ.
– ശരിയായ ചിത്രം ലോകത്തിന്മുമ്പില്‍ മറച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോഴും എക്‌സിലൂടെയും മറ്റു സോഷ്യല്‍ മീഡിയയിലൂടെയും പലതും ലോകത്തിന്മുമ്പില്‍ വെളിപ്പെടുന്നുണ്ടല്ലോ. അല്‍ജസീറ മാത്രമാണ് ശരിയായ വാര്‍ത്തകള്‍ പുറംലോകത്തെത്തിക്കാന്‍ കഷ്ടപ്പെടുന്നത്. അവരുടെ ഓഫീസ് തകര്‍ത്തു. ഗസ്സയിലെ അല്‍ജസീറ ചീഫിന്റെ കുടുംബത്തെ ഉന്മൂലനം ചെയ്തു. 66 മാധ്യമപ്രവര്‍ത്തകരാണ് ഇതുവരെ കൊലചെയ്യപ്പെട്ടത്. വംശഹത്യ ചെയ്യുമ്പോള്‍ ലോകമറിയാതെ ചെയ്യാമെന്നതിനൊപ്പം കള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ച് എല്ലാ ക്രൂരതയെയും ന്യായീകരിക്കാനും ശ്രമിക്കുന്നു.
? ഇസ്രാഈലിന്റെ മനുഷ്യരഹിതമായ കൂട്ടക്കുരുതി ലോകത്തിന് ബോധ്യപ്പെട്ടു. പക്ഷേ, അവരെ തടയാനാവുന്നില്ല
– അങ്ങനെ നിരാശപ്പെടാനൊന്നുമില്ല. പുണ്യഭൂമിയും മസ്ജിദുല്‍ അഖ്‌സയും മോചിപ്പിച്ചല്ലാതെ, സ്വതന്ത്ര ഫലസ്തീന്‍ യാഥാര്‍ത്ഥ്യമായാലല്ലാതെ ഞങ്ങള്‍ അടങ്ങില്ല. മുക്കാല്‍ നൂറ്റാണ്ടായി ഞങ്ങള്‍ പൊരുതുകയാണ്. ആത്മാഭിമാനം വീണ്ടെടുക്കാനുള്ള പരിശ്രമത്തെ അത്രവേഗമൊന്നും തളര്‍ത്താനാവില്ലെന്നതല്ലേ ചരിത്രം. ഇസ്രാഈല്‍ ഭരണകൂടം രാഷ്ട്രീയം കളിക്കുകയാണ്. സാധാരണക്കാരെയാണ് യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത്. ഇസ്രാഈല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ പോലെ പ്രതിരോധ മന്ത്രിയും ആ സ്ഥാനത്തിന് യോഗ്യനല്ല. ഫലസ്തീനികളെ മനുഷ്യ മൃഗങ്ങള്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ഒരു ജനാധിപത്യ സര്‍ക്കാറിന്റെ ഭാഗമാണെന്ന് അവകാശപ്പെടുന്നവരാണ് അവരൊക്കെയെന്നതാണ് ഏറെ അപഹാസ്യം. ഫാഷിസ്റ്റ് സയണിസ്റ്റ് ഭരണകൂടമാണ് ഇസ്രാഈലിലേതെന്ന് ഇപ്പോള്‍ ഏതാണ്ട് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.
? ഹമാസിനെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി കാരണം മെനയുന്ന ഇസ്രാഈല്‍ ഫലസ്തീനികളെ ഒന്നടങ്കം വംശഹത്യ ചെയ്യുന്നു
– ഹമാസിനെ യുദ്ധം ബാധിക്കില്ല. അതിന്റെ നേതാക്കളുടെ കുടുംബങ്ങളെയും അംഗങ്ങളെയും കൊലപ്പെടുത്താന്‍ ഇസ്രാഈലിന് കഴിഞ്ഞേക്കും. പക്ഷേ, തോല്‍പ്പിക്കാനാവില്ല. ഫലസ്തീന്‍ സ്വാതന്ത്ര്യസമര പോരാളികളായ ഹമാസ് ഒരിക്കലും ഭീകര സംഘടനയല്ല. ഗതികെട്ട് നടത്തുന്ന ചെറുത്തുനില്‍പ്പുകളെ ഒറ്റതിരിഞ്ഞ് കുറ്റപ്പെടുത്തി വംശഹത്യ നടത്തുന്നത് തിരിച്ചറിയാന്‍ ലോക സമൂഹത്തിനാവും. ഹമാസിന്റെ സ്വാധീന മേഖലയല്ലാത്ത വെസ്റ്റ് ബാങ്കില്‍ എന്തിനാണ് ഇസ്രാഈല്‍ കൂട്ടക്കുരുതി നടത്തുന്നത്. ജനിച്ചമണ്ണില്‍ നിന്ന് ആട്ടിയിറക്കപ്പെട്ട, കുടിയേറ്റക്കാരായി മാറിയവരായി ഞങ്ങള്‍. യുക്രെയ്ന്‍ വിഷയത്തിലും ഫലസ്തീന്റെ കാര്യത്തിലും അമേരിക്ക ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് ഇരട്ടത്താപ്പാണ്.
? ഇന്ത്യ പരമ്പരാഗതമായി ഫലസ്തീനൊപ്പമായിരുന്നു. പുതിയ നയംമാറ്റത്തെ എങ്ങനെ കാണുന്നു
– ഇന്ത്യ-ഫലസ്തീന്‍ ബന്ധത്തില്‍ വലിയ മാറ്റമുണ്ടായി, ഞങ്ങളെ കയ്യൊഴിഞ്ഞു എന്നൊന്നും തോന്നുന്നില്ല. ഫലസ്തീനെ പോലെ ഇസ്രാഈലിനെയും സുഹൃത്താക്കി എന്നതാണ് വ്യത്യാസം. ഐക്യരാഷ്ട്ര സഭയില്‍ ഇസ്രാഈലില്‍ ആക്രമണം അവസാനിപ്പിക്കണമെന്ന പ്രമേയം ഇന്ത്യ അനുകൂലിച്ച് വോട്ടു ചെയ്തതൊക്കെ കാണണം. അമേരിക്കക്കും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുമുപരി ഫലസ്തീന്‍ വിഷയത്തില്‍ ഇന്ത്യക്ക് ഏറെ ചെയ്യാനാവും. ഫലസ്തീന് നൂറ്റാണ്ടുകളായി ഇന്ത്യയുമായുള്ള ശക്തമായ ബന്ധമുണ്ട്. ഞങ്ങള്‍ അതിനെ വിലമതിക്കുന്നു. ഇസ്രാഈലില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശക്തിയും സ്വാധീനവും തീര്‍ച്ചയായും ഇന്ത്യക്കുണ്ട്. പ്രധാനമന്ത്രി മോദിജി, നെതന്യാഹുവിനെ വിളിച്ച് സംസാരിച്ച് ഇടപെടല്‍ നടത്തിയാല്‍ ഫലസ്തീന്റെ സമാധാനത്തിന് അതൊരു മുതല്‍കൂട്ടാവും. ഇന്ത്യ ഞങ്ങളെ കൈവിടില്ലെന്നും ഇസ്രാഈലിന് സല്‍ബുദ്ധി ഉപദേശിച്ച് നേരെയാക്കുമെന്നും വലിയ പ്രതീക്ഷയിലാണ്.
? പൈശാചികമായ ഇസ്രാഈല്‍ ആക്രമണം എങ്ങനെ അവസാനിപ്പിക്കാനാവും
– 1948ല്‍ യു.എന്‍ മുന്‍കൈയെടുത്ത് ഫലസ്തീന്‍ വിഭജിച്ച് ഇസ്രാഈല്‍ സ്ഥാപിച്ചപ്പോള്‍ ഇങ്ങനെ പര്യവസാനിക്കുമെന്ന് നിനച്ചിട്ടുണ്ടാവില്ല. വിഭജന കരാറിനെതുടര്‍ന്ന് ഫലസ്തീനില്‍ ഇസ്രാഈല്‍ രാഷ്ട്രം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അറബ് രാഷ്ട്രങ്ങള്‍ ആക്രമണം നടത്തിയെന്ന കാരണമുണ്ടാക്കി സ്വതന്ത്ര ഫലസ്തീന്‍ പ്രഖ്യാപിക്കാതെ വഞ്ചിക്കുകയായിരുന്നു. 1967ല്‍ സായുധ കയ്യേറ്റത്തിലൂടെ വെസ്റ്റ്ബാങ്ക്, ഗസ്സ എന്നിവ ഇസ്രാഈല്‍ പിടിച്ചെടുത്തതോടെയാണ് അന്തിമ വിജയത്തിനായി ഫലസ്തീന്‍ ഉണര്‍ന്നത്. ഇസ്രാഈല്‍ പട്ടാളമോ പൗരന്മാരോ കടന്നെത്തി നിരന്തരം ഫലസ്തീനികളുടെ വീടും കൃഷിയിടവും അവരുടേതാണെന്ന് പ്രഖ്യാപിച്ച് ഞങ്ങളെ ഇറക്കിവിടും. അങ്ങനെയങ്ങനെ ഞങ്ങള്‍ അഭയാര്‍ത്ഥികളെ പോലെ നിന്ദ്യരാവണമെന്നാണോ. ഓസ്‌ലോ കരാരില്‍ പറയുംപോലെ 1967 ജൂണ്‍ നാലിലെ അതിര്‍ത്തികളും കിഴക്കന്‍ ജറുസലേം തലസ്ഥാനവുമായി സ്വതന്ത്ര പരമാധികാര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെട്ടാല്‍ അതോടെ എല്ലാം നേരെയാവും.
? ഓസ്‌ലോ കരാറിന്റെ പ്രസക്തി
– ജറൂസലേം ആസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കാമെന്ന ഇസ്രാഈലിന്റെ നിര്‍ദേശം അംഗീകരിച്ചിട്ട് എത്ര വര്‍ഷമായി. അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദവും ഫലസ്തീനികളുടെ ചെറുത്തുംനില്‍പ്പും മൂലമാണെങ്കിലും ഇസ്രാഈല്‍ അംഗീകരിച്ചതാണല്ലോ അത്. രണ്ടു രാഷ്ട്രങ്ങള്‍ സ്ഥാപിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാമെന്ന ഒത്തുതീര്‍പ്പ് തീവ്ര ജൂത വിഭാഗത്തിന്റെ പിന്തുണക്കായി നെതന്യാഹു അട്ടിമറിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും യാസര്‍ അറഫാത്തുമായി നോര്‍വെയില്‍ ചര്‍ച്ച നടത്തി 1967ലെ യുദ്ധത്തില്‍ ഇസ്രാഈല്‍ കയ്യേറിയ സ്ഥലങ്ങളില്‍നിന്നും പിന്മാറി ഗസ്സയും വെസ്റ്റ്ബാങ്കും ചേര്‍ത്ത് ഫലസ്തീന്‍ രാഷ്ട്രം രൂപീകരിക്കുമെന്ന ഓസ്‌ലോ ഉടമ്പടി 1993 ലാണല്ലോ. പാതിവഴിയില്‍ വഴിമുട്ടിയപ്പോള്‍ രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും ഈജിപ്തില്‍ വെച്ച് ഇസ്രാഈല്‍ സര്‍ക്കാരും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും തമ്മിലുണ്ടാക്കിയ ഓസ്‌ലോ ഉടമ്പടി പുതുക്കിയതും നമുക്കറിയാം. (1995 സെപ്തംബര്‍ 28 ന് വാഷിംഗ്ടണ്‍ ഡിസിയില്‍) യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെയും റഷ്യ, ഈജിപ്ത്, ജോര്‍ദാന്‍, നോര്‍വേ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ഇസ്ഹാഖ് റബിനും പി.എല്‍.ഒ ചെയര്‍മാന്‍ യാസര്‍ അറഫാത്തും രണ്ടാം ഓസ്‌ലോ കരാര്‍ അംഗീകരിച്ചത്. പക്ഷേ, കാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും അധിനിവേശം തുടരുന്ന ഇസ്രാഈല്‍ എല്ലാ അന്താരാഷ്ട്ര നിയമങ്ങളും കാറ്റില്‍പറത്തുകയാണ്.
? നിയമങ്ങള്‍ കാറ്റില്‍പറത്തി പ്രകോപനവും ആക്രമണവും തുടരുകയാണോ
– 1967 അടിസ്ഥാനമാക്കി ദ്വിരാഷ്ട്രമെന്ന ഓസ്‌ലോ ഉടമ്പടി ലംഘിച്ചെന്ന് മാത്രമല്ല, പുരാതന ഫലസ്തീന്റെ ഭൂപടം എടുത്തുപയോഗിച്ച്, ഫലസ്തീന് ഇടമില്ലാത്ത സമ്പൂര്‍ണ ഇസ്രാഈല്‍ രാഷ്ട്രമെന്ന് ധ്വനിപ്പിക്കുന്ന രീതിയിലാണ് അവരുടെ നീക്കങ്ങള്‍. പരിശുദ്ധമായ ബൈത്തുല്‍ മുഖദ്ദസില്‍ പ്രാര്‍ത്ഥനക്ക് പോകുന്ന സ്ത്രീകളെപ്പോലും അക്രമിക്കുകയും അപമാനിക്കുകയുമാണ്. അന്താരാഷ്ട്ര നിയമമനുസരിച്ച് വെസ്റ്റ് ബാങ്കില്‍ ഇസ്രാഈല്‍ പട്ടാള സാന്നിധ്യം പോലും നിയമവിരുദ്ധമാണ്. നിശ്ചയിച്ച സമയത്ത് മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടഞ്ഞ് പ്രശ്‌നം സൃഷ്ടിച്ച് നിഷ്ഠൂരമായി കൊലപ്പെടുത്തുന്നു. ഒന്നും രണ്ടുമല്ല, നിരന്തരം ഇതു ചെയ്യുന്നു. അല്‍ അഖ്സ മസ്ജിദ് ഉള്‍പ്പെടുന്ന ടെമ്പിള്‍ മൗണ്ട് മേഖലയില്‍ ഇസ്രാഈലിന്റെ സ്വാധീനം വിപുലമാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. അവസാന ശ്വാസം വരെ പോരാടി ഖുദ്‌സിന്റെ സമ്പൂര്‍ണ മോചനം സാധ്യമാക്കും.
? കേരളത്തില്‍ മുസ്്‌ലിംലീഗ് വലിയ ഐക്യദാര്‍ഢ്യ റാലി നടത്തി, ലോകത്താകെ ഫലസ്തീന്‍ അനുകൂല ശബ്ദങ്ങള്‍ ഉയരുന്നതിനെ എങ്ങനെ കാണുന്നു
– ഇതെല്ലാം ആശ്വാസത്തോടെയും പ്രത്യാശയോടെയുമാണ് നോക്കിക്കാണുന്നത്. അന്താരാഷ്ട്ര ഫലസ്തീന്‍ ദിനത്തില്‍തന്നെ കേരളത്തിലെ എന്റെ പ്രിയപ്പെട്ടവരുടെ അടുത്തുവരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ശിഹാബ് തങ്ങള്‍ എന്ന വലിയ മനുഷ്യനെ ഞങ്ങള്‍ ആദരവോടെയാണ് കണ്ടിരുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള പരിപാടിക്കായി ഈ ദിവസം തന്നെ എത്താനായത് നിയോഗം. പരസ്പരം പ്രാര്‍ത്ഥിച്ചും ചേര്‍ത്തുപിടിച്ചും ഒന്നായി അതിജീവിക്കും. നീതിക്കായുള്ള പോരാട്ടമാണിത്. വൈകിയാലും ക്ലേശം സഹിച്ചാലും, അന്തിമ വിജയം സത്യത്തിനും നീതിക്കുമാവുമല്ലോ.
? ഇ അഹമ്മദ് സാഹിബുമായുള്ള ആത്മബന്ധം എങ്ങനെയായിരുന്നു
– പറഞ്ഞറിയിക്കാനാവാത്ത ഹൃദയബന്ധമാണുണ്ടായിരുന്നത്. എനിക്ക് മാത്രമല്ല. ഫലസ്തീലെ എല്ലാവര്‍ക്കും. അഹമ്മദ് സാഹിബിനെ പരിചയപ്പെടാനും ഒന്നിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞത് ഭാഗ്യമാണ്. അദ്ദേഹം വിദേശകാര്യ മന്ത്രിയായപ്പോള്‍ ഞങ്ങള്‍ക്ക് ചെയ്ത സേവനം ചെറുതല്ല. ഫലസ്തീല്‍ പലവട്ടം വന്ന് ഞങ്ങള്‍ക്ക് ആശ്വാസവും അത്മവിശ്വാസവും പകര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗ ശേഷം കണ്ണൂരിലെത്തി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ അനുശോചന സന്ദേശം കൈമാറിയിരുന്നു. അദ്ദേഹത്തിന്റെ ഖബറിടത്തില്‍ പ്രാര്‍ത്ഥിച്ചത് എന്റെ മനസ്സില്‍ എപ്പോഴും ഓര്‍മകളായുണ്ട്.
? ഫലസ്തീനിലുള്ള താങ്കളുടെ കുടുംബത്തിന്റെ അവസ്ഥയെന്താണ്?
– ജറൂസലേമിലാണിപ്പോള്‍ കുടുംബമുള്ളത്. ഏതൊരു ഫലസ്തീനികളുടെയും പോലെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് പറയാനാവില്ല. പേടിച്ചോടാനോ കീഴടങ്ങാനോ ഞങ്ങളില്ല. ഫലസ്തീനില്‍ നിന്നുള്ള സന്തോഷ വാര്‍ത്ത കേള്‍ക്കാന്‍ പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കാം. അതു വേഗം സാധ്യമാകുക തന്നെ ചെയ്യും.
ഹോട്ടലിലെ സൗകര്യത്തെകുറിച്ച് തിരക്കിയ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജുവിനോട് തൊട്ടടുത്ത സോഫ ചൂണ്ടി അദ്ദേഹം പറഞ്ഞു; എനിക്ക് അതുതന്നെ ധാരാളം. ചോരയിലും കണ്ണീരിലും അഭയാര്‍ത്ഥി ക്യാമ്പിലും കഴിയുന്നവരെ ഓര്‍ക്കുമ്പോള്‍ എങ്ങനെ ഉറങ്ങും. ഡല്‍ഹിയിലേക്ക് തിരിച്ചു വിമാനം കയറുമ്പോള്‍ ജേതാവിനെപ്പോലെ ഒരിക്കല്‍ വീണ്ടും വരുമെന്ന് ആമുഖത്തെ ആത്മവിശ്വാസം വിളിച്ചുപറയുന്നുണ്ടായിരുന്നു.
മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്.
ഷാര്‍ജ: വിവര്‍ത്തനം ഫോട്ടോകോപ്പിയല്ലെന്നും, ഒരു കൃതി മറ്റൊരു ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ പരിഭാഷകന്‍ കൂടി രചയിതാവിന്റെ തലത്തിലേക്ക് ഉയരുകയാണെന്നും പ്രമുഖ നിരൂപകനും നോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ അജയ് പി.മങ്ങാട്ട്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ബുക് ഫോറത്തില്‍ ‘പരിഭാഷയും അിന്റെ സാധ്യതകളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ പല പുസ്തകങ്ങളും വിവര്‍ത്തനം ചെയ്യാനാവില്ല എന്ന വെറുംപറച്ചില്‍ ഒരു തരം ജാതീയ ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്. ഒരു ജാതിയിലുള്ളവര്‍ അതില്‍ തന്നെ നില്‍ക്കുകയും ഇടപഴകല്‍ നടത്താതിരിക്കുകയും ചെയ്യുമ്പോഴുള്ള ഷെയര്‍ ചെയ്യാത്ത അവസ്ഥ കൊണ്ടാണങ്ങനെ സംഭവിക്കുന്നത്. ഭാഷാന്തരത്തിന് പറ്റുന്നതല്ല പല രചനകളും എന്നത് തിയറി മാത്രമാണ്. ബഷീറിന്റെ കൃതികള്‍ വിവര്‍ത്തനത്തിന് പറ്റാത്തതാണെന്ന് നിരന്തരം പറഞ്ഞ ആളുകളുണ്ട്. എന്നാല്‍, മലയാളിയല്ലാത്ത ആര്‍.ഇ ആഷര്‍ ആണ് ഇംഗ്‌ളീഷിലേക്കത് ഭാഷാന്തരപ്പെടുത്തിയത്. നമ്മള്‍ ചെയ്യാതിരുന്നത് ആഷര്‍ ചെയ്തു കാണിച്ചു തന്നു.
പരിഭാഷയിലൂടെ മറ്റൊരു വായനാനുഭവം സമ്മാനിക്കപ്പെടണം. പരിഭാഷ പകര്‍ത്തിയെഴുത്തല്ലാതിരിക്കുന്നതിലൂടെയാണത് സാധിക്കുക. പരിഭാഷ സംസ്‌കാരങ്ങളെ കടന്നു പോകുന്ന പാലമായി വര്‍ത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പരിഭാഷകള്‍ക്ക് വലിയ സ്വാധീനമുണ്ടാക്കാനാകുമെന്നതിന് എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും സാഹിത്യ ചരിത്രത്തില്‍ നിന്നും എടുത്തുദ്ധരിക്കാനാകും. വളരെ പ്രശസ്തനായ, നൊബേലിന് പല തവണ സാധ്യതാ പട്ടികയിലിടം പിടിച്ച ഇസ്മായില്‍ കാദറെ എന്ന അല്‍ബേനിയന്‍ സാഹിത്യകാരന്റെ കാര്യം തന്നെയെടുക്കാം. അദ്ദേഹത്തെ ശക്തമായി സ്വാധീനിച്ച പുസ്തകം ഷേക്‌സ്പിയറിന്റെ ‘മാക്‌ബെത്’ ആണ്.
14 വയസുള്ളപ്പോഴാണ് ഇസ്മായില്‍ കാദറെ അതിന്റെ അല്‍ബേനിയന്‍ വിവര്‍ത്തന കൃതി വായിച്ചത്. താന്‍ മുതിര്‍ന്നിട്ടും മാക്‌ബെത്ത് ഇംഗ്‌ളീഷ് മൂല കൃതി വായിച്ചില്ലെന്നും തന്റെ എല്ലാ പുസ്തകങ്ങളിലും മാക്‌ബെത്തിന്റെ ഇംപാക്റ്റുണ്ടെന്നും അദ്ദേഹം പറയുമ്പോള്‍, ആ സ്വാധീനം മനസ്സിലാക്കാനാകും. ഇംഗ്‌ളീഷില്‍ നിന്നും ഫ്രഞ്ചിലേക്ക് വിവര്‍ത്തനം ചെയ്ത മാക്‌ബെത്തിന്റെ അല്‍ബേനിയന്‍ പരിഭാഷ വായിച്ച കാദറെ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ടു. എത്ര ഭാഷകള്‍ സഞ്ചരിച്ചാണ് ആ കൃതി കാദറെയിലെത്തിയതെന്ന് നോക്കൂ.
പരിഭാഷയുടെ അനുഭവ തലമാണിത്. മലയാളി ചുറ്റുപാടില്‍ നിന്നും മാറി മറ്റൊരിടത്ത് പോയി പഠിച്ച്, ജീവിതാനുഭവങ്ങളുണ്ടായി തിരിച്ചെത്തിയ കുമാരാനാശാന്‍ ‘നളിനി’യും ‘ലീല’യും എഴുതിയപ്പോള്‍ വ്യത്യസ്ത രീതി കൊണ്ട് ഭാവന അതിര്‍ത്തികള്‍ കടന്നത് നാം അനുഭവിച്ചു. തന്റെ തന്നെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ ഡോ. കാതറീന്‍ തങ്കം ഇംഗ്‌ളീഷിലേക്ക് വിവര്‍ത്തനം ചെയ്തപ്പോള്‍ അവരെടുത്ത അധ്വാനമുണ്ടതില്‍. തന്റെ പുസ്തകം അവരുടെ കൂടി പുസ്തകമായി മാറിയ അനുഭവമാണ് അതെന്നാണ് തനിക്ക് അടിവരയിടാനുള്ളതെന്നും അജയ് വ്യക്തമാക്കി.
അജ് പി.മങ്ങാട്ടിന്റെ 25 പതിപ്പുകളിറങ്ങിയ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’, ‘മൂന്നു കല്ലുകള്‍’ തുടങ്ങിയ കൃതികളെ കുറിച്ചും അദ്ദേഹം സദസ്സുമായി സംവദിച്ചു. റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റര്‍ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു. വായനക്കാര്‍ക്ക് ഗ്രന്ഥകാരന്‍ പുസ്തകങ്ങള്‍ ഒപ്പിട്ടു നല്‍കി.
കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മലയാളിയുടെ കയ്യടി നേടി സര്‍വ്വീസില്‍ വരവറിയിച്ച ഐ.എ.എസുകാരി
പി. ഇസ്മായില്‍
കേരളത്തിന്റെ പച്ചപ്പ് നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ മലയാളിയുടെ കയ്യടി നേടി സര്‍വ്വീസില്‍ വരവറിയിച്ച ഐ.എ.എസുകാരി. സ്‌റ്റെതസ്‌കോപ്പുമായി സിവില്‍ സര്‍വ്വീസ് പടവുകളിലേക്ക് ഒന്നാമൂഴത്തില്‍ തന്നെ രണ്ടാം റാങ്കിന്റെ തിളക്കവുമായി നടന്നുകയറിയ പ്രതിഭ. എറണാകുളം അസിസ്റ്റന്റ് കലക്ടര്‍, തൃശൂര്‍ സബ്കലക്ടര്‍, ദേവീകുളം സബ് കലക്ടര്‍, കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം അസിസ്റ്റന്റ് സെക്രട്ടറി, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്‍, നഗരകാര്യ വകുപ്പ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍, ആലപ്പുഴ, എറണാകുളം, വയനാട് ജില്ലകളില്‍ കലക്ടര്‍.
സിവില്‍ സര്‍വീസ് പരീക്ഷ ഒരു യാത്രയായി മാറുന്നത്?
ജൂണില്‍ ആരംഭിക്കുന്ന പ്രിലിമിനറിയും ഡിസംബര്‍ ജനുവരി മാസങ്ങളിലായി നടക്കുന്ന മെയിന്‍സും ഏപ്രില്‍ മെയ് മാസങ്ങളിലെ അഭിമുഖവും ജൂലൈയിലെ റിസള്‍ട്ടും വരെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധഘട്ടങ്ങളിലെ പരീക്ഷാ തയ്യാറെടുപ്പുകള്‍ കൗതുകകരമായ ഒരു യാത്രയാണ്. യാത്രയില്‍ പോകേണ്ട സ്ഥലങ്ങളെകുറിച്ചും സഞ്ചരിക്കേണ്ട വഴികളെ കുറിച്ചും കൃത്യമായ ധാരണ ആവശ്യമാണ്. ലക്ഷ്യത്തിലേക്കുള്ള ഏറ്റവും അനുയോജ്യവും സുഗമവുമായ വഴി തെരഞ്ഞെടുക്കാനായാലേ യാത്ര യഥാസമയത്ത് ലക്ഷ്യസ്ഥാനത്തെത്തൂ. പലയിടങ്ങളിലും വഴി ചോദിക്കേണ്ട സാഹചര്യത്തില്‍ മുന്‍നടന്നവരുടെ അനുഭവങ്ങള്‍ നമുക്ക് വഴികാട്ടിയാവും. സിവില്‍ സര്‍വീസിനെ കുറിച്ച് അറിവുള്ളവരും മുമ്പ് ആ വഴിയില്‍ സഞ്ചരിച്ചവരോടുമാണ് ഉപദേശം തേടേണ്ടത്. കൃത്യമായ വഴിയറിയാത്തവര്‍ നല്‍കുന്ന വിവരങ്ങള്‍ നമ്മുടെ വഴി തെറ്റിച്ചേക്കും. അതുപോലെ തന്നെയാണ് സിവില്‍ സര്‍വ്വീസ് പരീക്ഷയും. കൃത്യമായ തയ്യാറെടുപ്പുകളുമായി നടത്തുന്ന യാത്ര പോലെയാണത്. വ്യക്തമായ ലക്ഷ്യബോധം സിവില്‍ സര്‍വീസ് പരീക്ഷക്ക് അനിവാര്യമാണ്. യാത്ര രസകരമാക്കുന്നത് മനോഹരമായ കാഴ്ചകളും അനുഭവങ്ങളുമാണ്. യാത്രയിലേതുപോലെ പുതിയ അറിവുകളും സൗഹൃദങ്ങളും പ്രദാനം ചെയ്യുനതിനാലാണ് സിവില്‍ സര്‍വീസ് പരീക്ഷയും യാത്രയായി മാറുന്നത്.
വിജയ രഹസ്യം?
കൂടുതല്‍ സമയം പഠിക്കുന്നത് കൊണ്ട് സിവില്‍ സര്‍വീസ് പരീക്ഷ പാസാവണമെന്നില്ല. ചിട്ടയായ തയ്യാറെടുപ്പാണ് പ്രധാനം. സൂര്യന് കീഴിലെ എല്ലാ വിഷയങ്ങളും പഠിക്കുകയെന്നത് സാധ്യമല്ല. ഗ്രാജുവേഷന്‍ കഴിഞ്ഞ ഒരാള്‍ക്ക് പരമാവധി ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് പരീക്ഷക്കൊരുങ്ങാന്‍ സമയം ലഭിക്കുക. ഈ സമയത്തിനുള്ളില്‍ എന്ത് പഠിക്കണം എന്ന് കൃത്യമായി മനസ്സിലാക്കി അതില്‍ ഫോക്കസ് ചെയ്യണം. ഹാര്‍ഡ് വര്‍ക്കിനെക്കാളും സ്മാര്‍ട്ട് വര്‍ക്കാണ് ഗുണം ചെയ്യുക. പരീക്ഷക്ക് സമാനമായി എഴുതി പഠിക്കുന്നതും അഭിമുഖത്തിന് മുന്നൊരുക്കമായി മോക് ഇന്റര്‍വ്യൂവില്‍ പങ്കാളികളാവുന്നതും വഴി എളുപ്പമാക്കും. പഠിക്കുന്നതിനും വായിക്കുന്നതിനുമപ്പുറം ഏത് വിഷയത്തിലും സ്വന്തമായ കാഴ്ചപാടുകള്‍ വളര്‍ത്തി എടുക്കുന്നതും സിവില്‍ സര്‍വീസിലേക്കുളള ദൂരം കുറയ്ക്കും.
ഐഛിക വിഷയം മലയാളമായതിന് പിന്നില്‍?
സിവില്‍ പരീക്ഷ എഴുതിയത് ഇംഗ്ലീഷിലാണെങ്കിലും ഐഛിക വിഷയമായി തെരഞ്ഞെടുത്തത് മലയാളമായിരുന്നു. ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നതിനാല്‍ മലയാളം കൂടുതലായി പഠിക്കാന്‍ അവസരം കുറവായിരുന്നു. പത്താം തരം വരെ ഒരു വിഷയം മാത്രമാണ് മലയാളത്തില്‍ പഠിച്ചത്. പ്ലസ്ടുവില്‍ ഹിന്ദിയാണ് തെരഞ്ഞെടുത്തത്. എം.ബി.ബി.എസില്‍ ഭാഷാപഠനം ആവശ്യവുമുണ്ടായിരുന്നില്ല. എന്നാലും ഈ പരിമിതികളെ മറികടക്കാനായത് ചെറുപ്പം മുതലേ തുടര്‍ന്നുപോന്നിരുന്ന മലയാള പുസ്തകങ്ങളോടുള്ള ചങ്ങാത്തമാണ്. നല്ല വായനയും ചെറിയ രീതിയില്‍ എഴുത്തും വശമുണ്ടായിരുന്നതിനാല്‍ നന്നായി ശോഭിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം കൊണ്ടാണ് മലയാളം തെരഞെടുത്തത്.
പത്രവായന ശീലിച്ചതും ഉപകരിച്ചതും?
പത്രം മുഴുവനായും കൃത്യമായും മുടങ്ങാതെയും വായിക്കുന്ന ശീലം അച്ഛനുണ്ടായിരുന്നു. അമ്മയും പുസ്തകങ്ങളും ലേഖനങ്ങളും വായിക്കാറുണ്ടായിരുന്നു. പത്രം വായിക്കാന്‍ ഇരുവരും പ്രോത്സാഹിപ്പിച്ചിരുന്നു. സ്‌കൂള്‍ തലത്തില്‍ പഠിക്കുമ്പോള്‍ സാധാരണ രീതിയിലുള്ള വായനയാണ് നടന്നിരുന്നത്. കോളജില്‍ എത്തിയതിന് ശേഷമാണ് ആഴത്തിലുള്ള പത്രവായന ശീലിച്ചത്. ചുറ്റുപാടുകളും നടക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അടിസ്ഥാന ധാരണ പത്രവായനയില്‍ നിന്ന് ലഭിച്ചിരുന്നു. ഇംഗ്ലീഷ് – മലയാളം പത്രങ്ങളിലെ എഡിറ്റോറിയലുകളും ലേഖനങ്ങളും പരീക്ഷക്ക് ഉപകരിച്ചിട്ടുണ്ട്. സിവില്‍ സര്‍വീസ് തയ്യാറെടുപ്പില്‍ പത്രവായനക്ക് വലിയ പ്രാധാന്യമുണ്ട്. ലോക്കല്‍ ന്യൂസുകളോ സെന്‍സേഷനല്‍ വാര്‍ത്തകളോ അത്തരം ചിത്രങ്ങളോ സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് പ്രധാനപ്പെട്ടവയല്ല. സര്‍ക്കാരിന്റെ വിവിധ പോളിസികള്‍, പ്രോജക്ടുകള്‍, സാമൂഹിക ചലനങ്ങള്‍, രാഷ്ട്രങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് പത്രവായനയില്‍ ശ്രദ്ധിക്കേണ്ടത്.
അഭിമുഖം; അനുഭവം?
ചോദ്യവും ഉത്തരവും എന്ന ശൈലിയിലുള്ള മറ്റു ഇന്റര്‍വ്യൂകളില്‍ നിന്നും വിഭിന്നമാണ് സിവില്‍ സര്‍വീസിലെ അഭിമുഖം. പ്രിലിംസ് – മെയിന്‍സ് പരീക്ഷകളില്‍ നമ്മുടെ അറിവ് പരീക്ഷിച്ചു കഴിഞ്ഞതിനാല്‍ ഇന്റര്‍വ്യൂവില്‍ നമ്മുടെ വ്യക്തിത്വമാണ് അളക്കപെടുക. ചെറിയ പ്രായത്തില്‍ തന്നെ സമൂഹത്തിലെ വലിയ പദവിയിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യരാണോ എന്നാണ് യു.പി.എസ്.സി പരിശോധിക്കുന്നത്. അത് കൊണ്ട് തന്നെ പക്വതയും സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍ പെട്ടവരോടും നിഷ്പക്ഷമായി ഇടപെടാന്‍ കഴിവുണ്ടോയെന്നും പ്രതിസന്ധി ഘട്ടത്തില്‍ മികച്ച പരിഹാരം നിര്‍ദേശിക്കാനുള്ള കാര്യശേഷിയുണ്ടോ എന്നുമാണ് പരീക്ഷാ ബോര്‍ഡ് അംഗങ്ങള്‍ നോക്കാറുളളത്. ചോദ്യങ്ങള്‍ മനസിലാക്കി ഉത്തരങ്ങള്‍ പറയാനാണ് ശ്രമിക്കേണ്ടത്. അറിയില്ല എന്ന് പറയുന്നതിന് പകരം വിഷയത്തെക്കുറിച്ച് അറിയുമെന്ന പ്രകടനപരത തിരിച്ചടിയാവും. സത്യസന്ധമായി ചോദ്യങ്ങളോട് പ്രതികരിക്കുക എന്നത് പ്രധാനമാണ്. മുക്കാല്‍ മണിക്കൂര്‍ മാത്രം നീളുന്ന ഒരു അഭിമുഖത്തില്‍ വലിയ ഉത്തരവാദിത്വം നിര്‍വ്വഹിക്കാനുള്ള പ്രാപ്തി നമുക്കുണ്ടോ എന്നതാണ് പ്രധാനമായും പരിഗണിക്കുക. എന്നെ സംബന്ധിച്ച് അഭിമുഖം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു.
ബയോഡാറ്റയില്‍ നിന്നുള്ള ചോദ്യസാധ്യതകള്‍?
ഇന്റര്‍വ്യൂ ബോര്‍ഡിന് മുന്നിലുള്ള ബയോഡാറ്റയാണ് പരീക്ഷാര്‍ത്ഥിയെക്കുറിച്ചുള്ള പ്രാഥമികമായ വിവരം. ഉദ്യോഗാര്‍ത്ഥി യു.പി.എസ്.സി ബോര്‍ഡിന് സമര്‍പ്പിക്കുന്ന ഈ ബയോഡാറ്റയുടെ അടിസ്ഥാനത്തില്‍ നിന്നാണ് പ്രധാനമായും ചോദ്യങ്ങള്‍ തുടങ്ങുന്നത്. പരീക്ഷാര്‍ത്ഥിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം സത്യസന്ധമായി വേണം ബയോഡാറ്റയില്‍ ഉള്‍ക്കൊള്ളിക്കാന്‍. പഠിച്ച വിദ്യാലയങ്ങള്‍, കോളജുകള്‍, തെരഞ്ഞെടുത്ത വിഷയം, ഹോബികള്‍, കുടുംബം, ആഗ്രഹങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ കൃത്യമായി വിവരിക്കണം. നല്‍കിയ വിവരങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യാവശ്യമാണ്. മറ്റൊരു പ്രധാനപ്പെട്ട കാര്യം ബയോഡാറ്റ നൂറുശതമാനം സത്യസന്ധമായിരിക്കണം. ഇല്ലാത്ത കാര്യങ്ങളെപറ്റി എഴുതിയാല്‍, അതേക്കുറിച്ചുള്ള ആഴത്തിലുള്ള ചോദ്യങ്ങളെ നേരിടാന്‍ എത്ര മുന്‍കരുതലെടുത്താലും നമുക്ക് കഴിയാതെ വരും.
എസ്സേ പേപ്പര്‍ മികവുറ്റതാക്കാനുള്ള മാര്‍ഗങ്ങള്‍?
എസ്സേ എഴുത്ത് ഒരു കലയാണ്. പരീക്ഷാര്‍ത്ഥിയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള വൈദഗ്ധ്യത്തിന് പ്രാധാന്യം ലഭിക്കുന്ന പേപ്പര്‍ കൂടിയാണിത്. നേരത്തേ 250 മാര്‍ക്കിനുള്ള എസ്സേക്ക് ഒരു വിഷയമാണ് ഉണ്ടായിരുന്നത്. ചില വര്‍ഷങ്ങളില്‍ രണ്ടോ മൂന്നോ വിഷയങ്ങളായി വിഭജിക്കാറുണ്ട്. ചോദ്യം കണ്ടാലുടന്‍ എഴുതുന്നതിന് പകരം ചോദ്യത്തെക്കുറിച്ച് അപഗ്രഥനം ചെയ്ത് മനസ്സില്‍ ഒരാശയം രൂപപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. കുറേയേറെ എഴുതിയത് കൊണ്ട് കൂടുതല്‍ മാര്‍ക്ക് കിട്ടണമെന്നില്ല. അടുക്കും ചിട്ടയോടും ഓരോ പാരഗ്രാഫാക്കി ആശയങ്ങളുടെ തുടര്‍ച്ച ചോരാതെ വേണം എഴുതാന്‍. ഒരു കഥ വായിക്കും പോലെ നാമെഴുതുന്നത് വായിക്കുന്നയാള്‍ക്ക് കാര്യങ്ങള്‍ ഗ്രാഹ്യമാവുന്ന രീതിയില്‍ എഴുതേണ്ടത് പ്രധാനമാണ്. ഇംഗ്ലീഷില്‍ പരന്ന വായനയും എഴുതാനുള്ള കഴിവും വളര്‍ത്തിയെടുക്കുന്നത് എസ്സേ എളുപ്പമാക്കും.
സിവില്‍ സര്‍വീസില്‍ മലയാളി മുന്നേറ്റം?
മുന്‍വര്‍ഷങ്ങളില്‍ വിരലിലെണ്ണാവുന്ന മലയാളികള്‍ മാത്രം ജയിച്ചിരുന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ആദ്യ റാങ്കുകളടക്കം നേടുന്ന അവസ്ഥയിലേക്കുള്ള മാറ്റമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ജനസംഖ്യയും ഭൂവിസ്തൃതിയും താരതമ്യാടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ മലയാളികളുടെ നേട്ടം ബോധ്യമാവും. അതേ സമയം ഭൂരിപക്ഷം പേരും അഭിമുഖത്തിലാണ് തട്ടിത്തടഞ്ഞുവീഴുന്നത്. നല്ല അറിവുണ്ടെങ്കിലും കൃത്യമായ ആശയവിനിമയത്തിന്റെ പോരായ്മയാണ് കൂടുതല്‍ പേര്‍ക്കും വിനയാവുന്നത്. ഒരേസമയം പല പരീക്ഷകള്‍ക്കും വേണ്ടിയുള്ള തയ്യാറെടുപ്പും പ്രതികൂലമാവും. ഈ പോരായ്മകള്‍ പരിഹരിക്കാനായാല്‍ മലയാളികള്‍ക്ക് ഇതിലും മികച്ച മുന്നേറ്റം സാധ്യമാവും.
സിവില്‍ സര്‍വീസ് പരീക്ഷയും മറ്റു പരീക്ഷകളും തമ്മിലുള്ള വ്യത്യാസം?
ഒരേ വിഷയമാണെങ്കില്‍ പോലും യൂനിവേഴ്‌സിറ്റി – സിവില്‍ സര്‍വ്വീസ് പരീക്ഷകളിലെ ചോദ്യങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ടാവും. നേരിട്ടൊരു ചോദ്യവും ഉത്തരവും എന്ന രീതിയില്‍ ഒരിക്കലും സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ചോദ്യങ്ങളുണ്ടാവില്ല. ആദ്യ നോട്ടത്തില്‍ ഒരേ ചോദ്യമാണെന്ന് തോന്നുമെങ്കിലും രണ്ടാംവായനയില്‍ വ്യത്യാസം മനസ്സിലാവും. നമ്മളില്‍ നിന്ന് കുറേ വിവരങ്ങളല്ല, മറിച്ച് ഒരു വിഷയത്തില്‍ നമ്മളില്‍ നിന്നും അപഗ്രഥനവും കാഴ്ചപ്പാടുമാണ് ചോദ്യമായി വരുന്നത്. ചോദ്യങ്ങള്‍ മനസ്സിലാക്കാതെ എത്ര ഗംഭീരമായി ഉത്തരമെഴുതിയാലും മാര്‍ക്ക് ലഭിക്കാതെ വരും. യൂനിവേഴ്‌സിറ്റി പരീക്ഷയില്‍ ചോദ്യവുമായി ബന്ധപ്പെട്ട ഏകദേശ വിവരങ്ങള്‍ക്ക് ആനുപാതികമായി മാര്‍ക്ക് ലഭിക്കുന്നിടത്ത്, സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വ്യക്തമായ ഉത്തരമല്ലെങ്കില്‍ യാതൊരു മാര്‍ക്കും കിട്ടില്ല. മറ്റ് പരീക്ഷകളെല്ലാം ദിവസങ്ങള്‍ക്കകം അവസാനിക്കുമെങ്കിലും സിവില്‍ സര്‍വ്വീസ് പരീക്ഷ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്നതിനാല്‍ അതിന്റെ ഒരു ഘട്ടത്തിലും പരീക്ഷയോടുള്ള താല്‍പര്യം കുറഞ്ഞ് പിന്‍മാറാന്‍ കഴിയില്ല. മറ്റെല്ലാ പരീക്ഷകളിലും ഒരു നിയതമായ മാര്‍ക്കുണ്ടെങ്കില്‍ വിജയിക്കും. എന്നാല്‍ സിവില്‍ സര്‍വ്വീസ് എലിമിനേഷന്‍ സ്ട്രാറ്റജിയിലുള്ള പരീക്ഷയായതിനാല്‍ നിശ്ചിത ആളുകളുടെ എണ്ണം തികഞ്ഞാല്‍ മറ്റെല്ലാവരും പുറത്താക്കപ്പെടും.
പഠനത്തിന് സോഷ്യല്‍ മീഡിയകള്‍ മാത്രം മതിയാവുമോ?
മാതാ പിതാ ഗൂഗിള്‍ ദൈവം എന്നാണല്ലോ ന്യുജന്‍ ആപ്തവാക്യം. എന്നാല്‍ പഠനകാര്യത്തില്‍ സോഷ്യല്‍ മീഡിയക്ക് വളരെ ചെറിയ ഒരു റോള്‍മാത്രമാണുള്ളത്. സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകളും മറ്റും ശരിയാണന്നതിന് യാതൊരു തെളിവുമില്ല. അതേസമയം പുസ്തകങ്ങളും, പത്രങ്ങളും മാസികകളും ഇപ്പോഴും വിവരശേഖരണത്തിനുള്ള പ്രധാനപ്പെട്ട മാര്‍ഗങ്ങളാണ്. അതോടൊപ്പം ഇന്റര്‍നെറ്റ് നല്ലരീതിയില്‍ സഹായകമാവും. സിവില്‍ സര്‍വ്വീസ് കേന്ദ്രീകരിച്ച് വരുന്ന മികച്ച ബ്ലോഗുകളും വലിയ ജേണലുകളുടെ ഓണ്‍ലൈന്‍ പതിപ്പുകളും വായിക്കാന്‍ കിട്ടും. ഇവ പരീക്ഷയെ നല്ല രീതിയില്‍ സഹായിക്കും. പരീക്ഷക്കൊരുങ്ങുന്നവരുമായി ആശയവിനിമയത്തിന് മാത്രം സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നതായിരിക്കും ഉചിതം.
ഹിമവാനെ തൊട്ടപ്പോള്‍..
മസൂറി അക്കാദമിയിലെ ഏറ്റവും ആകര്‍ഷകമായ ഒന്നാണ് ഹിമാലയന്‍ ട്രക്കിംഗ്. സിംപിള്‍, ഡിഫിക്കല്‍റ്റ് ട്രക്കിംഗ് എന്നിങ്ങനെയുള്ള രണ്ട് തരത്തിലുള്ള ട്രക്കില്‍ ഞാന്‍ തെരഞ്ഞെടുത്തത് ഡിഫിക്കല്‍റ്റ് ട്രക്കാണ്. വലിയ ട്രക്കിംഗിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി ചെറിയ ട്രക്കിംഗുകള്‍ നേരത്തേ നടക്കും. പങ്കെടുക്കുന്നവരുടെ ശാരീരിക ക്ഷമതക്കനുസരിച്ചാണ് ട്രക്കിംഗ് തെരഞ്ഞെടുക്കാറുള്ളത്. പത്ത് ദിവസത്തോളം നീളുന്നതാണ് ഹിമാലയന്‍ ട്രക്ക്. 19 പേരടങ്ങുന്ന എന്റെ ഗ്രൂപ്പ് പ്രധാനമായും കേദാര്‍നാഥ്, ഗംഗോത്രി എന്നിവിടങ്ങളിലേക്ക് നടന്നുകയറിയത്. മഞ്ഞുമലയില്‍ നിന്നുരുകി ഗംഗയുല്‍ഭവിക്കുന്നയിടമാണ് ഗംഗോത്രി. ജീവിതത്തിലെ ഏറ്റവും സാഹസികം നിറഞ്ഞ ഈ യാത്ര നല്‍കിയ ആത്മവിശ്വാസം വലുതായിരുന്നു. ഹിമാലയം മഞ്ഞില്‍പൊതിഞ്ഞിരുന്ന നവംബറിലായിരുന്നു യാത്ര.
മക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
മുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
സഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
സൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം