Connect with us

kerala

ഇന്ത്യന്‍ ‘അട്രാക്ടീവ്’ സര്‍വ്വീസ് ; എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ് സംസാരിക്കുന്നു

എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്

പ്രളയത്തിലെ മലവെള്ളപ്പാച്ചിലും ബ്രഹ്മപുരത്തെ തീച്ചൂടും മെയ്‌വഴക്കത്തോടെ നേരിട്ട ഇലക്ട്രിക് എഞ്ചിനയറായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. 2015 ഐ.എ.എസ് ബാച്ച്. പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍, വയനാട് സബ് കലക്ടര്‍, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്‍, ഇന്‍ഡസ്ര്ടിയില്‍ ഡവലെപ്‌മെന്റ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ എറണാകുളം ജില്ലാ കലക്ടര്‍.

Published

on

എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്

പ്രളയത്തിലെ മലവെള്ളപ്പാച്ചിലും ബ്രഹ്മപുരത്തെ തീച്ചൂടും മെയ്‌വഴക്കത്തോടെ നേരിട്ട ഇലക്ട്രിക് എഞ്ചിനയറായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍. 2015 ഐ.എ.എസ് ബാച്ച്. പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍, വയനാട് സബ് കലക്ടര്‍, ചീഫ് സെക്രട്ടറി സ്റ്റാഫ് ഓഫീസര്‍, ഇന്‍ഡസ്ര്ടിയില്‍ ഡവലെപ്‌മെന്റ് കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍. നിലവില്‍ എറണാകുളം ജില്ലാ കലക്ടര്‍.

എന്‍.എസ്.കെ ഉമേഷ് ഐ.എ.എസ്/
പി. ഇസമായില്‍

സിവില്‍ സര്‍വ്വീസ് യാത്ര?

2010ല്‍ എഞ്ചിനീയറിംഗിനു പഠിക്കുന്ന സമയത്ത് ഹോസ്റ്റലില്‍ എന്റെ സീനിയറായ അരുണ്‍ കുമാറില്‍ നിന്നാണ് സിവില്‍ സര്‍വീസ് പരീക്ഷയെകുറിച്ച് അറിയുന്നത്. പ്രയാസമേറിയ ഇലക്ട്രോണിക് എഞ്ചിനീയറിങ് പഠി ക്കുന്ന കൂട്ടത്തില്‍ ജോഗ്രഫിയും ഹിസ്റ്ററിയും പഠിക്കുന്ന അരുണ്‍ കുമാറിനെ കണ്ടപ്പോള്‍ എനിക്ക് ആശ്ചര്യം തോന്നി. അരുണ്‍ സിവില്‍ സര്‍വീസ് പരീക്ഷക്കുള്ള തയ്യാറെടുപ്പിലായിരുന്നു. സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ചും സിലബസിനെ സംബന്ധിച്ചും മനസിലായപ്പോള്‍ എനിക്കും എഴുതണമെന്നു തോന്നി. ജോലിയെക്കുറിച്ചല്ല സിവില്‍സര്‍വ്വീസ് പരീക്ഷയെക്കുറിച്ചായിരുന്നു അപ്പോള്‍ ചിന്തിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ഹിസ്റ്ററിയും പൊളിറ്റിക്സും എനിക്ക് ഇഷ്ടമായിരുന്നു. സിലബസ് പരിശോധനയില്‍ ആ വിഷയങ്ങളുടെ പ്രാധാന്യം തിരിച്ചറിയുകയും ചെയ്തു. കോളജില്‍ വെച്ച് ക്യാമ്പസ് ഇന്റര്‍വ്യു നടക്കുന്ന സമയത്തായിരുന്നു ഇത്. ആ സമയത്ത് തന്നെ നിര്‍ണായകമായ ഒരു തീരുമാനം എനിക്ക് എടുക്കേണ്ടിവന്നു. കൂട്ടുകാരെല്ലാം ക്യാമ്പസ് ഇന്റര്‍വ്യുവില്‍ പങ്കെടുത്തു ജോലി തരപ്പെടുത്തിയപ്പോള്‍ സിവില്‍സര്‍വ്വീസ് പരീക്ഷ എഴുതാനായിരുന്നു എന്റെ തീരുമാനം.

കുടുംബത്തിന്റെ പിന്തുണ

ക്യാമ്പസ് ഇന്റര്‍വ്യു അറ്റന്‍ഡ് ചെയ്താല്‍ ഉറപ്പായും കിട്ടുമായിരുന്ന ജോലി വേണ്ടന്നു വെച്ചാണ് ഞാന്‍ സിവില്‍ സര്‍വീസ് പരീക്ഷയുടെ തയ്യാറെടുപ്പ് തുടങ്ങിയത്. 2011ലും 2012ലും പരീക്ഷയില്‍ പരാജയപെട്ടു. കൂട്ടുകാരാണെങ്കില്‍ വലിയ ജോലി നേടി യൂറോപ്പിലേക്കും അമേരിക്കയിലേക്കും കൂടുമാറി. പക്ഷെ അപ്പോഴും എന്റെ മാതാപിതാക്കള്‍ പൂര്‍ണ്ണമായും എന്നോടൊപ്പം നിന്നു. ആ പിന്തുണ കൊണ്ടാണ് ജോലി ഇല്ലാതെ മൂന്ന് കൊല്ലം പരീക്ഷക്കൊരുങ്ങാന്‍ എനിക്ക് കഴിഞ്ഞത്. ഒരു ഘട്ടത്തിലും അവര്‍ ജോലിയെ കുറിച്ച് ചോദിച്ചു സമ്മര്‍ദം ഉണ്ടാക്കിയിട്ടില്ല. ബാങ്ക് ജോലിക്കാരായ അച്ഛനും അമ്മയ്ക്കും ഐ.എ.എസിന്റെ മഹത്വം അറിയാമായിരുന്നു. സിവില്‍ എഞ്ചിനീയറായ മൂത്ത സഹോദരന്‍ ഓംകാറും കൂടെ നിന്നു. അവര്‍ അനുവദിച്ച സ്വാതന്ത്രവും എന്നില്‍ അര്‍പ്പിച്ച വിശ്വാസവും വിജയത്തില്‍ നിര്‍ണായകമായിട്ടുണ്ട്.

റിസള്‍ട്ട് ദിവസത്തെ അനുഭവങ്ങള്‍

റിസള്‍ട്ട് വരുന്ന ദിവസം സഹോദരനും അദ്ദേഹത്തിന്റെ ഭാര്യക്കുമൊപ്പം കോയമ്പത്തൂരിലായിരുന്നു. അന്ന് ഉച്ചക്ക് ഫലം പ്രഖ്യാപിക്കുമെന്ന് രാവിലെ വെബ്‌സൈറ്റില്‍ നിന്നും അറിഞ്ഞു. ഫലം വന്നപ്പോള്‍ ദേശീയതലത്തില്‍ 77ാം റാങ്കോടെ പാസായിരിക്കുന്നു. മൂന്ന് കൊല്ലത്തെ തൊഴില്‍ രഹിതനെ സംബന്ധിച്ചു ജയം എല്ലാം കൊണ്ടും വലിയ ആശ്വാസമായിരുന്നു. 2015 ജൂലൈ നാലിനായിരുന്നു അത്. പത്രങ്ങളില്‍ വലിയ വാര്‍ത്ത വന്നു. എന്റെ അഛനുമമ്മയും ആ സമയം മധുരയിലായിരുന്നു. മധുരയില്‍ നിന്ന് അക്കൊല്ലം ഐ.എ.എസ് നേടിയ രണ്ടുപേരാണുണ്ടായിരുന്നത്. പിറ്റേന്ന് പത്രത്തില്‍ എന്റെ ഫോട്ടോയോട് ചേര്‍ന്നു ജയിച്ച വിഘ്‌നേശ്വരിയുടെ ഫോട്ടോയും കൂടെ ഉണ്ടായിരുന്നു. ജീവിത യാത്രയില്‍ അവള്‍ എന്റെ ഭാര്യയായി (നിലവില്‍ കോട്ടയം ജില്ലാ കലക്ടറാണ് വിഘ്‌നേശ്വരി). ഫലം വന്ന ഉടനെ സിവില്‍ സര്‍വ്വീസ് ലോകത്തേക്ക് പ്രചോദനമായ അരുണ്‍ കുമാറിനെ വിളിച്ചു. എന്റെ കാര്യത്തില്‍ അരുണിന് എന്നെക്കാളും വിശ്വാസമായിരുന്നു. അവനിപ്പോള്‍ ബെംഗലൂരുവില്‍ ഐ.ആര്‍.എസുകാരനായി സേവനമനുഷ്ടിക്കുകയാണ്.

മസൂറി ഇന്ത്യയായി മാറുന്ന അനുഭവം.

മസൂറിയില്‍ ഫൗണ്ടേഷന്‍ കോഴ്‌സ് ആണ് നടക്കാറുള്ളത്. ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ സര്‍വീസിലേക്ക് തെരഞ്ഞെടുക്കപെട്ട 350 പേരായിക്കും ആദ്യഘട്ട പരിശീലനത്തിലുണ്ടാവുക. പിന്നീട് ഐ.എ.എസുകാര്‍ക്ക് മാത്രമായി പരിശീലനം മാറും. ഭാഷയിലും വേഷത്തിലും ഭക്ഷണത്തിലും ഏറെ വ്യത്യാസം പുലര്‍ത്തുന്ന കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള സ്ഥലങ്ങളില്‍ നിന്ന് വരുന്നവരാണ് മൂന്ന് മാസം ഒന്നിച്ചു ജീവിക്കുന്നത്. ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെ ആളുകളല്ല. നമ്മള്‍ എല്ലാവരും ഇന്ത്യക്കാരാണ് എന്ന അവബോധം പകരല്‍ കൂടിയാണ് പരിശീലനത്തിന്റെ ലക്ഷ്യം.

കേരളത്തോടുള്ള ഇഷ്ടം

കേരളവും തമിഴ്‌നാടും തമ്മില്‍ ഹൃദയബന്ധമുള്ള സംസ്ഥാനങ്ങളാണ്. കേരളത്തിന്റെ കുറെ ഭാഗങ്ങള്‍ നേരത്തെ തമിഴ്‌നാടിനൊപ്പം ആയിരുന്നു. മലയാളം ഭാഷയുടെ വേര് തമിഴാണ്. കേരളത്തിന്റെ സംസ്‌കാരവും ടൂറിസവും ഭക്ഷണവും നേരത്തെ ഇഷ്ടമാണ്. വയനാട്ടില്‍ ജോലി ചെയ്യുമ്പോഴാണ് കേരളീയരുടെ സ്‌നേഹവും കൂട്ടായ്മയും കൂടുതലായി അറിഞ്ഞത്. എല്ലാകാര്യങ്ങളും പഠിച്ച് ചെയ്യുന്ന, നല്ല പെരുമാറ്റവും സൗഹൃദമനോഭാവവുമുള്ളവരാണ് കേരളീയര്‍. ഭാര്യ വിഘ്‌നേശ്വരി ഉത്തര്‍പ്രദേശ് കേഡറില്‍ ആയിരുന്നു. വെവ്വേറെ കേഡറുകളിലുള്ള ഐ.എ.എസ് ദമ്പതികള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാറാനുള്ള അവസരമുണ്ട്. എനിക്ക് വേണമെങ്കില്‍ യു.പി യിലേക്ക് പോകാമായിരുന്നു. പകരം ഭാര്യ കേരള കേഡറിലേക്ക് വരാന്‍ കാരണം രണ്ടു പേര്‍ക്കും കേരളത്തോടുള്ള ഇഷ്ടം കൊണ്ടാണ്.

കളക്ടറുടെ മറ്റ് പദവികള്‍

ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കുന്ന ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറി, എം.എ.എല്‍മാരുടെ പദ്ധതി വിലയിരുത്തുന്ന ജില്ലാ വികസന സമിതി കണ്‍വീനര്‍, പി.ഡബ്ല്യൂ.ഡി ഇപ്ലിമെന്റേഷന്‍ കമ്മിറ്റി ചെയര്‍മാന്‍, ജില്ലാ നിര്‍മിതി കേന്ദ്രം ചെയര്‍മാന്‍, വേസ്റ്റ് മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍, ഡിജിറ്റല്‍ സര്‍വേ ചെയര്‍മാന്‍, കാപ്പ കമ്മിറ്റി മെമ്പര്‍ തുടങ്ങിയ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടെ തലവന്‍ കളക്ടര്‍ ആയിരിക്കും.

ഐ.എ.എസുകാര്‍ പണി മുടക്കാറുണ്ടോ?

സര്‍ക്കാരിന്റെ നയരൂപീകരണത്തില്‍ മുഖ്യപങ്കുവഹിക്കുന്നവരാണ് ഐ.എ.എസുകാര്‍. ഡോക്ടര്‍മാരും മറ്റു സര്‍വീസില്‍ ജോലി ചെയ്യുന്നവരും ഒരേ സര്‍വീസില്‍ ജോലി ചെയ്യുന്നവരാണ്. ഐ എ എസുകാര്‍ വിവിധ ഡിപ്പാര്‍ട്ടുമെണ്ടുകളിലായി ജോലി ചെയ്യുന്നവരാണ്. സര്‍ക്കാരുമായി ഏറ്റുമുട്ടുന്നതിനു പകരം ചീഫ് സെക്രട്ടറി മുഖാന്തരം കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുകയാണ് ചെയ്യാറുള്ളത്. അതിനപ്പുറം മറ്റ് മേഖലകളിലേതുപോലെ പണി മുടക്കോ സമരമോ ചെയ്യാറില്ല. ഐ.എ.എസുക്കാര്‍ക്ക് അസോസിയേഷന്‍ ഉണ്ട്. ഓണ്‍ലൈന്‍ മുഖാന്തരമാണ് ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്.

സംതൃപ്തിയാണ് ശമ്പളം.

ശമ്പളമല്ല, മറിച്ചു ജോലിയിലെ വ്യതിരിക്തതയാണ് ഐ.എ.എസിന്റെ സവിശേഷത. അതുകൊണ്ടാണ് വലിയ തുക ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ പോലും രാജിവെച്ച് സിവില്‍ സര്‍വ്വീസ് തെരഞ്ഞെടുക്കുന്നത്. ഒരു സിവില്‍ സര്‍വ്വന്റ് സര്‍വീസില്‍ നിന്നും വിരമിക്കുന്നതിന് മുന്‍പ് പല തസ്തികകളില്‍ ജോലി ചെയ്യും. സാധാരണ ഒരു പ്രൊഫഷണലിലെ എല്ലാ ജോലിക്കും സാലറി മാത്രമാണുള്ളത്. ഐ.എ.എസിനു അത് രണ്ടാണ്. സാലറിയും കൂടെ സമൂഹത്തിന് വേണ്ടി ചെയ്യുന്ന സേവനങ്ങളിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയും.
ഏഴാം ശമ്പള കമ്മീഷന്‍ അനുസരിച്ച് സിവില്‍ സര്‍വീസിലെ തുടക്കകാരന് ലഭിക്കുന്ന കുറഞ്ഞ വേതനം 56,100 രൂപയാണ്. ജൂനിയര്‍ സ്‌കെയില്‍, സീനിയര്‍ ടൈം സ്‌കെയില്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് തുടങ്ങിയ ഗ്രേഡില്‍ എത്ര വര്‍ഷത്തെ സര്‍വീസ് എന്നത് കണക്കാക്കി ഒന്നര ലക്ഷം വരെ തുക ഉയരും. സൂപ്പര്‍ ടൈം സ്‌കെയിലിലേക്ക് ഉയരുമ്പോള്‍ രണ്ട് ലക്ഷം വരെയാവും. അപ്പെക്‌സ് സ്‌കെയില്‍ കാബിനറ്റ് സെക്രട്ടറി നിലയിലേക്ക് എത്തുമ്പോള്‍ രണ്ടര ലക്ഷം രൂപ വരെ മാസശമ്പളം ലഭിക്കും.

ഐ.എ.എസ് ആകര്‍ഷണയീമാകുന്നത്?

ഐ.എ.എസുകാര്‍ സര്‍ക്കാരിന്റെ പോളിസി മേക്കര്‍മാരാണ്. ഉദാഹരണമായി ടൂറിസം എടുത്താല്‍ ഒരു പദ്ധതിയുടെ ആശയരൂപീകരണത്തില്‍ പങ്ക് വഹിക്കുന്ന ടൂറിസം സെക്രട്ടറിയും പദ്ധതി നടപ്പിലാക്കുന്ന ഡയറക്ടറും മോണിറ്ററിംഗ് ചെയ്യുന്ന കളക്ടറും ഐ.എ.എസുകാരാണ്. ജനപ്രതിനിധികള്‍ കഴിഞ്ഞാല്‍ ജനങ്ങള്‍ക്കൊപ്പം നിന്ന് ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നവര്‍ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസാണ്. അടയാളപെടുത്തലുകള്‍ നടത്തിയ ഐ.എ.എസുകാര്‍ പുതിയ തലമുറയെ സിവില്‍ സര്‍വ്വീസിലേക്ക് ആകര്‍ഷിക്കുന്നുണ്ട്. ഡോക്ടര്‍, അധ്യാപകന്‍, എഞ്ചിനീയര്‍, അഭിഭാഷകന്‍ ഉള്‍പ്പെടെ മറ്റ് മേഖലകളില്‍ ജോലിചെയ്യുന്നവര്‍ വിരമിക്കുന്നത് വരെ അതേ മേഖലയില്‍ തന്നെ തുടരുന്നവരാണ്. അതേസമയം ഒരു ഐ.എ.എസുകാരന് അണിയാനുള്ളത് വിവിധ വേഷങ്ങളാണ്. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഐ.എ.എസുകാരുമായി ഇടപഴകാനും നവമാധ്യമങ്ങളിലൂടെ അവരെ കൂടുതല്‍ അറിയാന്‍ കഴിയുന്നതും സിവില്‍ സര്‍വ്വീസിനെ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസില്‍ നിന്ന് അട്രാക്റ്റീവ് സര്‍വ്വീസിലേക്ക് മാറ്റാന്‍ സഹായിച്ചിട്ടുണ്ട്.

വിദ്യാലയങ്ങളുടെ അവധി

സ്‌കൂളുകള്‍ക്ക് അവധി നല്‍കാന്‍ സ്‌കൂള്‍ ഡയരക്ടര്‍, ഡി.ഡി.ഇ, ഡി ഇ ഒ എന്നിവര്‍ക്ക് അധികാരമില്ല. കലക്ടരുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് അവധി പ്രഖ്യപിക്കുന്നത്. ദുരന്ത നിവാരണ ലഘൂകരണത്തില്‍ സ്വീകരിക്കേണ്ട നടപടിയുടെ ഭാഗമായാണ് അവധി നല്‍കാറുള്ളത്. സ്‌കൂളുകളില്‍ നേരത്തേ ഷെഡ്യൂള്‍ ചെയ്ത പരീക്ഷകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ സ്‌കൂള്‍ ഡയറക്ടരുമായി അവധി കൊടുക്കും മുമ്പേ ആശയവിനിമയം നടത്താറുണ്ട്.

വി.വി.ഐ.പി പ്രോട്ടോകോള്‍

ഇന്ത്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി പോലെയുള്ള വി.വി.ഐ.പികളും വി.ഐ.പികളും വരുന്ന ജില്ലയില്‍ അവരെ സ്വീകരിക്കേണ്ട പ്രോട്ടോകോള്‍ ചുമതല ജില്ലാ കളക്ടര്‍ക്കാണ്. സെക്യൂരിറ്റി, താമസം, ഭക്ഷണം, ഭക്ഷണ പരിശോധന, ഉച്ചഭാഷിണി തുടങ്ങിയ കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്നതും കലക്ടറാണ്. പ്രധാന മന്ത്രി വരുന്ന സ്ഥലത്ത് താത്കാലിക ഓഫിസ് സംവിധാനം ഒരുക്കണം. ഓഫിസില്‍ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങിയവ ഉറപ്പു വരുത്തണം. അടിയന്തര ഘട്ടത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഓഫീസ് സംവിധാനം ഒരുക്കുന്നത്.

പ്രളയകാലത്തെ മറക്കാനാവാത്ത അനുഭവം

ഉരുള്‍ പൊട്ടലില്‍ 17 മനുഷ്യരുടെ ജീവന്‍ നഷ്ടപ്പെട്ട പുത്തുമലയില്‍ വയനാട് സബ് കലക്ടര്‍ എന്ന നിലയില്‍ ചിലവഴിച്ച ഇരുപത് ദിവസം എനിക്ക് മറക്കാനാവില്ല. മണ്ണിനടിയില്‍ കുടുങ്ങിയ മൃതദേഹങ്ങള്‍ക്കായി ദിവസങ്ങള്‍ നീണ്ട തിരച്ചിലുകള്‍. ഉറ്റവരില്‍ നിന്നും കിടപ്പാടമടക്കം നഷ്ടപെട്ടവരില്‍ നിന്നും ക്ഷമയുടെ ആഴം പഠിച്ചു. ഇന്നും മറക്കാനാവാത്ത പേരുകളിലൊന്നാണ് ദുരന്തത്തില്‍ കാണാതായ അണ്ണയ്യന്‍. ദുരന്തം നടന്ന് പത്താംനാള്‍ പുത്തുമലയില്‍ നിന്നും ആറു കിലോമീറ്റര്‍ മാറി സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും ഒരു പുരുഷന്റെ മൃതദേഹം ലഭിച്ചു. തിരിച്ചറിയാന്‍ പാകത്തില്‍ കാര്യമായൊന്നുമില്ലാത്ത, മണ്ണില്‍ പൂണ്ടൊട്ടിയ മനുഷ്യശരീരാവശിഷ്ടങ്ങള്‍. സാധ്യതകള്‍ പ്രകാരം അത് കര്‍ണാടക സ്വദേശിയും പുത്തുമല എസ്റ്റേറ്റിലെ ജീവനക്കാരുനുമായ അണ്ണയ്യന്റെതാണെന്ന് മകന്‍ സുനിലും സഹോദരന്‍ ഗൗരിങ്കനും അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു.
സന്ധ്യയോടെ മേപ്പാടി മാരിയമ്മന്‍ ക്ഷേത്ര വക ശ്മശാനത്തില്‍ അവസാനവട്ട പൂജകളും പ്രാര്‍ത്ഥനകളും കഴിഞ്ഞ് മൃതദേഹം ചിതയിലേക്കെടുക്കാന്‍ നേരമാണ് മൃതദേഹത്തെക്കുറിച്ച് അവകാശവാദവുമായി അപകടത്തില്‍ കാണാതായ തമിഴ്‌നാട് സ്വദേശി ഗൗരീശങ്കറിന്റെ ബന്ധുക്കള്‍ എത്തുന്നത്. ഇതോടെ മൃതദേഹം ആരുടേതെന്നറിയാന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്തേണ്ടിവന്നു. ആത്മസംഘര്‍ഷങ്ങളുടെ എട്ടുനാളുകള്‍ക്ക് ശേഷം ഫലം വന്നത് ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ക്ക് അനുകൂലമായായിരുന്നു. അതോടെ മൃതദേഹം ഗൗരിശങ്കറിന്റെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. അത് വരെ പ്രാര്‍ത്ഥനയോടെ കാത്തുനിന്നിരുന്ന അണ്ണയ്യന്റെ ഭാര്യ യശോദയുടെയും മകന്റെയും മുഖം ഇന്നും നോവോര്‍മ്മയായി മനസ്സിലുണ്ട്.

kerala

പാലക്കാട് ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു

Published

on

പാലക്കാട് ജില്ലയില്‍ ഉഷ്ണതരംഗം സ്ഥിരീകരിച്ച് കാലാവസ്ഥാവകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് ഉഷ്ണതരംഗം സ്ഥിരീകരിക്കുന്നത്. ജില്ലയില്‍ നേരത്തെ തന്നെ ഉഷ്ണതരംഗ മുന്നറിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് നല്‍കിയിരുന്നു. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. 29 വരെ ജില്ലയില്‍ ഈ താപനില ഉയരുമെന്നും മുന്നറിപ്പ് നല്‍കിയിട്ടുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതവും സൂര്യാതാപവും ഏല്‍ക്കാനുളള സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലെക്ക് വരെ നയിച്ചേക്കാം. കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേര്‍ കുഴഞ്ഞു വീണ് മരിച്ചിരുന്നു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ് മുന്നിലുള്ളത്.

Continue Reading

kerala

കോഴിക്കോട് ബസ് മറിഞ്ഞ് ഒരു മരണം; 18 പേര്‍ക്ക് ഗുരുതര പരിക്ക്

ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്

Published

on

കോഴിക്കോട്: തിരുവനന്തപുരത്ത് നിന്ന് ഉടുപ്പിയിലേക്ക് പുറപ്പെട്ട സ്ലീപ്പര്‍ ബസ് താഴ്ചയിലേക്കു മറിഞ്ഞ് കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം.അപകടത്തില്‍ 18 പേര്‍ക്ക് പരിക്കേറ്റു. കൊല്ലം കൊട്ടുകല്‍ ആലംകോട് മനു ഭവനില്‍ മോഹന്‍ദാസിന്റെ മകന്‍ അമല്‍ (28) ആണ് മരിച്ചത്. കടലുണ്ടി മണ്ണൂര്‍ പഴയ ബാങ്കിന് സമീപം ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ കോഹിനൂര്‍ എന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

27 യാത്രക്കാരും 3 ജീവനക്കാരുമായിരുന്നു ബസ്സില്‍ ഉണ്ടായിരുന്നത്. ഡിവൈഡറില്‍ കയറിയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് പ്രഥമിക റിപ്പോര്‍ട്ട്. അപകടത്തില്‍ പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.

Continue Reading

kerala

വോട്ടെടുപ്പിനിടെ പലയിടത്തായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെടുപ്പിനിടെ പലയിടങ്ങളിലായി കുഴഞ്ഞുവീണ് മരിച്ചത് 7 പേര്‍. മരിച്ചവരില്‍ 32വയസായ യുവാവും ഉള്‍പ്പെടുന്നു.

കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്‍റിന്‍റേതായിരുന്നു. കോഴിക്കോട് ടൗൺ ബൂത്ത് നമ്പർ 16ലെ എൽഡിഎഫ് ബൂത്ത് ഏജന്‍റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവൺമെന്‍റ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടിൽ എസ്എൻവി ടിടിഐയിൽ വോട്ട് ചെയ്യാൻ എത്തിയ സോമരാജൻ(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോൾ തളർന്നുവീഴുകയായിരുന്നു.

പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രൻ, തേൻകുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രൻ മരിച്ചത്. പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.

മലപ്പുറത്ത് തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

വൈകീട്ടോടെ വടകരയില്‍ നിന്നും സമാനമായ വാര്‍ത്തവന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മൽ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്കൂളിലെ 63ാം നമ്പർ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഏറ്റവും ഒടുവിലായി ഇടുക്കി മറയൂർ ഗവൺമെൻറ് സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് വന്നത്. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹൻ (50 ) ആണ് മരിച്ചത്.

Continue Reading

Trending