X
    Categories: Views

അമ്മയെ കൈവിടാതെ ജര്‍മനി

German Chancellor and leader of the Christian Democratic Union CDU Angela Merkel votes in the general election (Bundestagswahl) in Berlin, Germany, September 24, 2017. REUTERS/Kai Pfaffenbach TPX IMAGES OF THE DAY

 
ബെര്‍ലിന്‍: ജര്‍മനിയുടെ ഉരുക്കു വനിത അംഗല മെര്‍ക്കല്‍ നാലാമതും രാജ്യത്തിന്റെ ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു. ജര്‍മന്‍കാര്‍ സ്‌നേഹത്തോടെ അമ്മയെന്ന് വിളിക്കുന്ന മെര്‍ക്കലിന്റെ വിജയത്തിന് പക്ഷെ, നവനാസികളുടെ പാര്‍ലമെന്റ് അരങ്ങേറ്റത്തില്‍ തിളക്കം കുറഞ്ഞു. ആറു പതിറ്റാണ്ടിനുശേഷം ആദ്യമായാണ് തീവ്രവലതുപക്ഷമായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എ.എഫ്.ഡി) പാര്‍ലമെന്റിന്റെ പടികയറുന്നത്.
ജര്‍മനിയുടെ കരുത്തുറ്റ മൂന്നാമത്തെ പാര്‍ട്ടിയെന്ന പദവിയും എ.എഫ്.ഡി സ്വന്തമാക്കിയിരിക്കുകയാണ്. ഇസ്്‌ലാമിനെ കടന്നാക്രമിച്ചും കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചും വോട്ടു ചോദിച്ച പാര്‍ട്ടിയുടെ മുന്നേറ്റം ജനാധിപത്യവാദികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നാലാം തവണയും ജര്‍മന്‍ ചാന്‍സലറാകുന്ന നേതാവായി ചരിത്രം കുറിച്ചെങ്കിലും മെര്‍ക്കലിന്റെ പാര്‍ട്ടിയായ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(സി.ഡി.യു)യുടെ ജനപിന്തുണ ഇടിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. 33 ശമതാനം വോട്ടുനേടിയ പാര്‍ട്ടിക്ക് 2013ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വോട്ടിങ് വിഹിതത്തില്‍ ഒമ്പത് ശതമാനം ഇടിവുണ്ടായിട്ടുണ്ട്. മെര്‍ക്കലിന്റെ പ്രധാന എതിരാളി മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 21 ശതമാനം വോട്ടു മാത്രമാണ് ലഭിച്ചത്. യുദ്ധാന്തര ജര്‍മനിയില്‍ അവര്‍ക്കേറ്റ ഏറ്റവും കനത്ത തിരിച്ചടിയാണ് ഇതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 10.1 ശതമാനം വോട്ടും പരിസ്ഥിതിവാദികളായ ഗ്രീന്‍സ് പാര്‍ട്ടിക്ക് 9.2 ശതമാനവും വോട്ട് ലഭിച്ചു.
ബെര്‍ലിനിലെ പാര്‍ട്ടി ആസ്ഥാനത്ത് അനുയായികളെ അഭിസംബോധന ചെയ്യവെ കൂടുതല്‍ മികച്ച ഫലം പ്രതീക്ഷിച്ചിരുന്നതായി മെര്‍ക്കല്‍ പറഞ്ഞു. അസാധാരണ വെല്ലുവിളി നേരിട്ട ഒരു പോര്‍ക്കളത്തില്‍നിന്നാണ് നാം പുറത്തുവന്നതെന്ന കാര്യം മറക്കാന്‍ പാടില്ലെന്നും അവര്‍ ഓര്‍മിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിയിലും അഭയാര്‍ത്ഥി പ്രവാഹത്തിലും വീര്‍പ്പുമുട്ടിയ യൂറോപ്പില്‍ തുടര്‍ച്ചയായി നാലാം തവണയും തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ സാധിച്ച ഏക നേതാവാണ് മെര്‍ക്കല്‍. പല യൂറോപ്യന്‍ രാജ്യങ്ങളും അഭയാര്‍ത്ഥികളെ അടിച്ചോടിക്കുകയും വാതില്‍ കൊട്ടിയടക്കുകയും ചെയ്തപ്പോള്‍ മെര്‍ക്കല്‍ മാത്രമാണ് അവരെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തത്. 10 ലക്ഷത്തോളം അഭയാര്‍ത്ഥികളെ ജര്‍നി സ്വീകരിച്ചു. ഇതിനെതിരെ പ്രതിഷേധിച്ചാണ് എ.എഫ്.ഡി കരുത്താര്‍ജിച്ചത്.

chandrika: