X

അസാധു നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ പുതിയ നിയന്ത്രണം

അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഇതനുസരിച്ച് 5000 രൂപക്കു മുകളിലുള്ള അസാധു നോട്ട് ഡിസംബര്‍ 30 വരെ ഒറ്റത്തവണ മാത്രമേ നിക്ഷേപിക്കാനാകൂ. എന്തുകൊണ്ട് ഇത്രയും നാള്‍ പണം നിക്ഷേപിച്ചില്ല എന്നതു സംബന്ധിച്ച വിശദീകരണവും നല്‍കണം.

പണം നിക്ഷേപിക്കുന്നതിന് ബാങ്കുകളില്‍ വിശദീകരണം എഴുതി നല്‍കണമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വിശദീകരണം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ബാങ്കുകള്‍ നിക്ഷേപം സ്വീകരിക്കൂ. രണ്ടോ അതില്‍ കൂടുതലോ ജീവനക്കാര്‍ ഒരുമിച്ചിരുന്ന് മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ. ഉപഭോക്താക്കള്‍ എഴുതി നല്‍കുന്ന വിശദീകരണം ബാങ്കുകള്‍ ഫയല്‍ ചെയ്യണം. ഇവ പിന്നീട് ഓഡിറ്റിന് വിധേയമാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഡിസംബര്‍ 30 വരെ അസാധു നോട്ടുകള്‍ പരിധിയില്ലാതെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാമെന്നായിരുന്നു നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പ്. ഈ നിലപാടാണ് ഇന്നലെ മാറ്റിയത്. ബാങ്ക് അക്കൗണ്ടുകളിലൂടെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വന്നതെന്നാണ് വിശദീകരണം.

എന്നാല്‍ പിഴയടച്ച് കള്ളപ്പണം നിയമവിധേയമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയില്‍ നിക്ഷേപിക്കുന്നതിന് നിയന്ത്രണം ബാധകമല്ലെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.

കെ.വൈ.സി മാനദണ്ഡങ്ങള്‍ പാലിച്ച അക്കൗണ്ടുകളില്‍ മാത്രമേ, 5000 രൂപക്കു മുകളിലുള്ള നിക്ഷേപത്തിന് മുഴുവന്‍ തുകയും ക്രഡിറ്റ് ചെയ്യാവൂ എന്നാണ് മറ്റൊരു ഉപാധി. കൈ.വൈ.സി പാലിച്ചിട്ടില്ലാത്ത അക്കൗണ്ടുകളില്‍ ഉപാധികള്‍ക്ക് വിധേയമായി 50,000 രൂപ വരെ ക്രഡിറ്റു ചെയ്യാം. അതില്‍ കൂടിയ തുക നിക്ഷേപമായി സ്വീകരിക്കാമെങ്കിലും മുഴുവന്‍ തുകയും അക്കൗണ്ടില്‍ ക്രഡിറ്റു ചെയ്യാനാവില്ല. തേര്‍ഡ് പാര്‍ട്ടി അക്കൗണ്ടുകളില്‍ ഉടമസ്ഥന്റെ അംഗീകാര പത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്കും ഈ നിയന്ത്രണം ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ പറയുന്നു.

അസാധു നോട്ടുകള്‍ നിക്ഷേപിക്കാന്‍ ഡിസംബര്‍ 30 വരെ സാവകാശമുണ്ടെന്ന് കരുതി കാത്തിരുന്നവരാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിലൂടെ വെട്ടിലാവുക. നോട്ട് പിന്‍വലിക്കല്‍ തിരുമാനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറും റിസര്‍വ്ബാങ്കും അടിക്കടി നിലപാടുകള്‍ മാറ്റുന്നത് നേരത്തെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അസാധു നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവും നേരത്തെ കേന്ദ്രം വെട്ടിക്കുറ ച്ചിരുന്നു.

chandrika: