X

ദില്‍കുഷ് നഗര്‍ സ്‌ഫോടനം: യാസീന്‍ ഭട്കല്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് വധശിക്ഷ

ഹൈദരാബാദ്: ദില്‍കുഷ് നഗര്‍ സ്‌ഫോടനക്കേസില്‍ യാസീന്‍ ഭട്കല്‍ ഉള്‍പ്പെടെ ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ അഞ്ചു പ്രതികളെ വിചാരണക്കോടതി വധശിക്ഷക്കു വിധിച്ചു. അഹമ്മദ് സിദ്ദിബാപ്പ സറാര്‍ എന്ന യാസീന്‍ ഭട്കല്‍, അസദുല്ല അക്തര്‍ എന്ന ഹാദി, സിയാഉര്‍റഹ്്മാന്‍ എന്ന വഖാസ്, മുഹമ്മദ് തഹ്്‌സീന്‍ അക്തര്‍ എന്ന ഹസ്സന്‍, അജാസ് ഷെയ്ഖ് എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. കേസിലെ മുഖ്യപ്രതി മുഹമ്മദ് റിയാസ് എന്ന റിയാസ് ഭട്കല്‍ ഒളിവിലാണ്. സ്‌ഫോടനക്കേസുകളില്‍ രാജ്യത്ത് ഇന്ത്യന്‍ മുഹാദീന്‍ പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ ലഭിക്കുന്ന ആദ്യ കേസാണിത്.

2013 ഫെബ്രുവരി 21നായിരുന്നു 21 പേരുടെ മരണത്തിനും 107 പേര്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ ദില്‍കുഷ്‌നഗര്‍ ഇരട്ട സ്‌ഫോടനം. പ്രതികള്‍ കുറ്റക്കാരാണെന്ന് ഈ മാസം 13ന് ഹൈദരാബാദിലെ പ്രത്യേക എന്‍.ഐ. എ കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ശിക്ഷ വിധിച്ചത്. എല്ലാ പ്രതികളും ഹൈദരാബാദിലെ ചെറാപ്പള്ളി സെന്‍ട്രല്‍ ജയിലിലാണ്. ജയിലിനകത്ത് സജ്ജീകരിച്ച പ്രത്യേക കോടതിയിലാണ് കേസിന്റെ വാദം നടന്നത്. ശിക്ഷാ വിധിയിന്മേലുള്ള വാദം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ഇന്നലെ വിധി പ്രസ്താവനത്തിനായി കേസ് പരിഗണിക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ ഒന്നും പറഞ്ഞില്ല. പ്രതികളുടെ ബന്ധുക്കളാരും കോടതിയില്‍ എത്തിയിരുന്നുമില്ല. പൗരന്റെ ജീവിക്കാനുള്ള അവകാശമാണ് പ്രതികള്‍ കവര്‍ന്നതെന്നും ആയതിനാല്‍ പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. വൈകീട്ട് 4.45നാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്.

ദില്‍കുഷ് നഗറിലെ 107ാം നമ്പര്‍ ബസ് സ്റ്റോപ്പിലായിരുന്നു ആദ്യ സ്‌ഫോടനം. ഭയചകിതരായ ജനം ചിതറിയോടുന്നതിനിടെ ഏതാനും മീറ്റര്‍ മാത്രം അകലെ എ.1 മിര്‍ച്ചി സെന്ററില്‍ മറ്റൊരു സ്‌ഫോടനവും അരങ്ങേറി. ആദ്യ സ്‌ഫോടനം നടന്ന സ്ഥലം മലക്‌പേട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലും രണ്ടാമത്തെ സ്‌ഫോടനം നടന്ന സ്ഥലം സരൂര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലും ആയതിനാല്‍ വെവ്വേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്താണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതില്‍ ആദ്യ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലാണ് ഇന്നലെ ശിക്ഷ വിധിച്ചത്. 18 പേരാണ് ഇവിടെ മരിച്ചത്. മൂന്നുപേര്‍ മരിച്ചത് രണ്ടാമത്തെ സ്‌ഫോടനത്തിലായിരുന്നു.

തുടക്കത്തില്‍ ഹൈദരാബാദ് പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറി. ട്രാഫിക് പൊലീസിന്റെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ബോംബ് സ്ഥാപിച്ചയാളെക്കുറിച്ച് തുമ്പ് ലഭിച്ചത്. ഇയാളെ ചോദ്യം ചെയ്തതോടെ ഗൂഢാലോചനയുടെ ചുരുള്‍ നിവരുകയായിരുന്നു. യാസീന്‍ ഭട്കല്‍, അസദുല്ല അക്തര്‍ എന്നിവരെ 2013 ആഗസ്റ്റില്‍ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍നിന്നാണ് പൊലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ ഇരുവരും സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നതായി കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

chandrika: