X

ആരാധനാ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം

ബ്രാഹ്മാണാധിപത്യത്തിനെതിരെ പിന്നാക്കക്കാരന്റെ വിശ്വാസ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ കേരളത്തിന്റെ നവോത്ഥാന നായകന്റെ പിന്‍മുറക്കാരില്‍ ഒരുവിഭാഗത്തിനെതിരെ ആരാധന സ്വാതന്ത്ര്യത്തിനായി മറ്റൊരു ജനവിഭാഗത്തിന് പ്രക്ഷോഭം നടത്തേണ്ടി വന്നതിന് മതേതര കേരളം സാക്ഷിയായി.

അവര്‍ണനെന്നതിന്റെ പേരില്‍ ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ട സമുദായത്തിനായി സ്വന്തം നിലയില്‍ ക്ഷേത്രം പണിത ശ്രീനാരായണ ഗുരുവിന്റെ ആശയ പ്രചാരകരെന്ന് സ്വയം ഭാവിക്കുന്ന ചിലരാണ് മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ വിശ്വാസ സ്വാതന്ത്ര്യത്തെ കാവല്‍ക്കാരനെവച്ച് തടഞ്ഞത്. ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് പഠിപ്പിച്ച ഗുരുവിന്റെ ദര്‍ശനങ്ങളെ കാവിയില്‍ പൊതിഞ്ഞ് അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണയാവുകയാണ് ഇത്തരം നീക്കങ്ങള്‍. മതത്തിന്റെയും സമുദായത്തിന്റെയും പേരില്‍ വാങ്ങിയെടുക്കുന്ന കോളജിലാണ് ഇത്തരം ഹീനമായ പ്രവൃത്തികള്‍ അരങ്ങേറിയത് എന്നതാണ് ഏറ്റവും ലജ്ജാകരം. ശ്രീനാരായണ ഗുരു ഉയര്‍ത്തിയ മാനവ സൗഹാര്‍ദ്ദ നിലനില്‍പ്പിനായി മുസ്‌ലിം സ്റ്റുഡന്‍സ് ഫെഡറേഷന്‍ നടത്തിയ പോരാട്ടങ്ങള്‍ ഒടുവില്‍ കഴിഞ്ഞ ദിവസം വിജയതീരം അണയുകയായിരുന്നു.

എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പേരില്‍ കായംകുളം കട്ടച്ചറിയില്‍ പ്രവര്‍ത്തിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ കോളജ് ഓഫ് എഞ്ചിനിയറിങിലാണ് മതേതര കേരളത്തിന് തന്നെ അപമാനമായി മാറിയ സംഭവങ്ങള്‍ അരങ്ങേറിയത്. എട്ട് വര്‍ഷത്തോളമായി മാനേജ്‌മെന്റ് ഇവിടെത്തെ കുട്ടികളെ ജുമുഅ നമസ്‌കാരം നിര്‍വഹിക്കാനായി വെള്ളിയാഴ്ചകളില്‍ കോളജിന് പുറത്തേക്ക് അയച്ചിട്ട്. പ്രതിഷേധിക്കുന്നവരെ മാര്‍ക്കിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്ത് വരാനും തയ്യാറാകുന്നില്ല.

ഏകദേശം ഒരു മാസം മുമ്പാണ് കട്ടച്ചിറ കോളജ് വീണ്ടും ചര്‍ച്ചയില്‍ വന്നത്. ഒരു സംഘം വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റിന്റെ ഒത്താശയോടെ ഇരുട്ട് മുറിയിലിട്ട് മര്‍ദ്ദിച്ചു എന്ന് ആരോപിച്ച് കോളജില്‍ സമരം ആരംഭിക്കുകയായിരുന്നു. ഈ സമരം ശക്തമായ ഘട്ടത്തിലാണ് ജുമുഅ നമസ്‌കാര വിവാദം ഉയര്‍ന്നുവന്നത്. സമരത്തിന്റെ ആദ്യഘട്ടത്തില്‍ മുന്നില്‍ എത്തിയ എസ്.എഫ്.ഐ മാനേജ്‌മെന്റിനെതിരെ സമരം പ്രഖ്യാപിച്ചു. ഇതിനെ തുടര്‍ന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താജെറോം കോളജില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തു. എന്നാല്‍ ഉന്നത സി.പി.എം നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് എസ്.എഫ്.ഐക്കാര്‍ മുന്നറിയിപ്പില്ലാതെ സമര മുഖത്ത് നിന്ന് അപ്രത്യക്ഷമായി. ഇതിന് കാരണമായി സാമ്പത്തിക, ജോലി വാഗ്ദാനങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നുവരികയും ചെയ്തു. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികളുടെ അവകാശങ്ങളെ ഹനിക്കില്ലെന്ന് ഉറപ്പ് നല്‍കിയെന്ന് കാട്ടി പ്രസ്താവന നടത്തിയ എസ്.എഫ്.ഐക്കാര്‍ സമരം അവസാനിപ്പിച്ചെങ്കിലും നിലപാടില്‍ മാറ്റം വരുത്താതെ മാനേജ്‌മെന്റ് മുന്നോട്ട് പോയി.

സവര്‍ണ ബാധയേറ്റ കോളജ് മാനേജ്‌മെന്റ് അധികൃതരുടെ മനസ്സ് ഇളക്കാന്‍ കോളജ് കവാടത്തില്‍ ജുമുഅ നമസ്‌കാരം നടത്തേണ്ട അവസ്ഥയിലെത്തി പിന്നിട് വിദ്യാര്‍ത്ഥികള്‍. സാംസ്‌കാരികവും വിശ്വാസപരവുമായി ഉന്നതിയില്‍ നില്‍ക്കുന്ന കേരളത്തില്‍ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിനായി പ്രാര്‍ത്ഥന നടത്തി പ്രതിഷേധിക്കേണ്ടിവന്നത് സാക്ഷര കേരളത്തില്‍ കേട്ട് കേള്‍വി പോലും ഇല്ലാത്ത സംഭവമായിരുന്നു. കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നടത്തിയ നമസ്‌കാരത്തില്‍ കോളജില്‍ നിന്നുള്ള മുഴുവന്‍ മുസ്‌ലിം കുട്ടികളും പങ്കെടുത്തു. എന്നിട്ടും കോളജ് മാനേജ്‌മെന്റ് കണ്ണ് തുറക്കാന്‍ തയ്യാറായില്ല.

മാനേജ്‌മെന്റുമായി നിരവധി തവണ ചര്‍ച്ച നടത്തിയ ശേഷമാണ് എം.എസ്.എഫ് സമരവുമായി രംഗത്ത് എത്തിയത്. എം.എസ്.എഫ് ജില്ലാ കമ്മിറ്റി കോളജിലേക്ക് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് മാനേജ്‌മെന്റ് നടത്തിയ ചര്‍ച്ചയില്‍ നമസ്‌കാരത്തിന് ഉപാധികളില്ലാതെ വിടാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

ഇത് അന്വേഷിക്കാന്‍ തൊട്ടടുത്ത വെള്ളിയാഴ്ച കോളജ് കവാടത്തില്‍ എത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെ പൊലീസിനെ ഉപയോഗിച്ച് ക്രൂരമായി തല്ലിച്ചതച്ചാണ് കോളജ് അധികൃതര്‍ ‘വാക്ക് പാലിച്ചത്’. വിദ്യാര്‍ത്ഥികള്‍ കോളജില്‍ നിന്നും പുറത്തേക്ക് വരുന്നതും കാത്ത് 11.30 മുതല്‍ കോളജ് കവാടത്തില്‍ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉണ്ടായിരുന്നു. ഉച്ചക്ക് 1.30 ആയപ്പോള്‍ കുറച്ച് കുട്ടികള്‍ കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തേക്ക് വരികയും മാനേജ്‌മെന്റ് നല്‍കിയ വാക്കുകള്‍ ലംഘിച്ചിരിക്കുന്നുവെന്നും ആരേയും ജുമുഅക്ക് വിടില്ലെന്നും അറിയിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ജുമുഅക്ക് ശേഷം മടങ്ങിയെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകരെയാണ് യാതൊരു പ്രകോപനവും കൂടാതെ വള്ളികുന്നം എ.എസ്.ഐയും സംഘവും കോളജ് കവാടത്തില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചത്. എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഇപ്പോഴും ചികിത്സയിലാണ്. സമര രംഗത്ത് നിന്നും പിന്മാറാതെ എം.എസ്.എഫ് പ്രതിഷേധങ്ങളും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ഘട്ടത്തിലാണ് നിലാപാട് മയപ്പെടുത്താനും വിദ്യാര്‍ത്ഥികളെ നമസ്‌കാരത്തിന് അയക്കാനും മാനേജ്‌മെന്റ് തയാറായത്.

പലപ്പോഴും ജുമുഅക്ക് വിടാന്‍ തടസ്സമില്ലെന്ന് പ്രസ്താവനയിറക്കുകയും എന്നാല്‍ അതിന് വിരുദ്ധമായി നടപടി സ്വീകരിക്കുകയും ചെയ്യുന്ന പ്രവണതായാണ് കോളജ് അധികൃതര്‍ സ്വീകരിച്ച് പോന്നിരുന്നത്. ഓരോ തവണയും ഓരോ ഉപാധികളാണ് ഇതിനായി മുന്നോട്ട് വെക്കുന്നത്. എട്ട് വര്‍ഷമായി അനുവദിക്കാത്ത കാര്യം ഇനി എന്തിന് അനുവദിക്കണമെന്ന നിലപാട് മാനേജിമെന്റിലെ ചില കേന്ദ്രങ്ങള്‍ തന്നെ പ്രചരിപ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യരക്ഷാധികാരിയായ കോളജില്‍, മകനും ബി.ഡി.ജെ.എസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ചെയര്‍മാന്‍. ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവാണ് കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇക്കാരണത്താല്‍ സര്‍ക്കാരോ, ഉന്നത അധികൃതരോ വിഷയത്തില്‍ ഇടപെടാതെ ഒളിച്ചുകളിക്കുകയായിരുന്നു.

1888ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്താന്‍ കാരണമായ സാഹചര്യം 2016ലും നിലനില്‍ക്കുകയാണ്. ആരാധന സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയവരുടെ പിന്‍മുറക്കാരെന്ന് അഭിമാനിക്കുന്ന സംഘടനയുടെ ഉത്തരവാദപ്പെട്ടവര്‍ തന്നെയാണ് ഈ അവകാശ നിഷേധത്തിന് കൂട്ടുനിന്നത്. ഇവരെ തിരുത്തി ശ്രീനാരായണ ഗുരു പകര്‍ന്ന് നല്‍കിയ ആരാധന അവകാശം സ്ഥാപിച്ചെടുക്കാനായി എന്നതാണ് കട്ടച്ചറിയിലെ അവകാശസമര പോരാട്ടത്തിന്റെ വിജയം.

chandrika: