X
    Categories: MoreViews

ഇടമലയാറില്‍ ജലനിരപ്പ് ഉയരുന്നു: ഒരു ഷട്ടര്‍ കൂടി തുറന്നു

തൊടുപുഴ: നീരൊഴുക്ക് ശക്തമായതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിലെ ഒരു ഷട്ടര്‍ കൂടി തുറന്നു. കനത്ത മഴയില്‍ അണക്കെട്ടിലെ ജലനിരപ്പ് 168.99 മീറ്ററായി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഷട്ടര്‍ തുറന്നത്. നിലവില്‍ രണ്ടു ഷട്ടറുകള്‍ ഒരു മീറ്റര്‍ തുറന്നുവെച്ചാണ് വെളളം ഒഴുക്കിവിടുന്നത്. 169 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണശേഷി.

അതേസമയം ഇടുക്കി ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നു. നിലവില്‍ 2400.26 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ജലനിരപ്പ് 2400 അടിയില്‍ എത്തിയാലും തത്കാലം ഷട്ടര്‍ അടയ്ക്കില്ല. എന്നാല്‍ പുറത്തേയ്ക്ക ഒഴുക്കുന്ന വെളളത്തിന്റെ അളവ് കുറയ്ക്കുന്നതിന്റെ സാധ്യത പരിശോധിച്ചുവരുകയാണ്.

നിലവില്‍ 5,76,000 ലിറ്റര്‍ വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തുറന്ന അഞ്ചു ഷട്ടറുകള്‍ വഴി 7,50,000 ലിറ്റര്‍ വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. 1,15,000 ലിറ്റര്‍ വെള്ളം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കുന്നു. നീരൊഴുക്ക് 120 ക്യുമെക്സ് എത്തുന്നതുവരെ അണക്കെട്ട് തുറക്കുന്നതിനാണു നിലവില്‍ തീരുമാനം. കനത്ത മഴ ഇനി ഉണ്ടായില്ലെങ്കില്‍ നാലോ അഞ്ചോ ദിവസത്തിനകം സാഹചര്യങ്ങള്‍ പൂര്‍വ സ്ഥിതിയിലാകുമെന്നാണു പ്രതീക്ഷ.

ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന അളവായ 2401.76 അടിയില്‍ വെള്ളമെത്തിയ ശേഷം ജലനിരപ്പ് കുറയുകയാണ്. ഒഴുകിയെത്തുന്നതിനേക്കാള്‍ കൂടുതല്‍ വെളളം പുറത്തേക്കു കൊണ്ടുപോവുന്നുണ്ട്. ജലനിരപ്പ് കുറഞ്ഞെങ്കിലും മഴയടക്കം സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷമേ ഷട്ടര്‍ അടക്കുന്ന കാര്യം തീരുമാനിക്കൂ. ചെറുതോണി ബസ് സ്റ്റാന്റിനും പാലത്തിനുമുണ്ടായ നാശങ്ങളൊഴിച്ചാല്‍ മറ്റ് അനിഷ്ട സംഭവങ്ങളില്ല.

chandrika: