X

ഇന്ത്യയും ജപ്പാനും ആണവ കരാറില്‍ ഒപ്പിട്ടു

ടോക്കിയോ: ആറ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും ജപ്പാനും സുപ്രധാന ആണവോര്‍ജ്ജ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിലാണ് നാളുകളായി പല കാരണങ്ങളാല്‍ നീണ്ടു പോവുകയും, മുടങ്ങുകയും ചെയ്ത ആണവ കരാര്‍ ധാരണയായത്. കരാറോടെ ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും ഇന്ധനവും ആണവ സാങ്കേതിക വിദ്യയും കൈമാറും. നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും സിവില്‍ ന്യൂക്ലിയര്‍ കരാറില്‍ ഒപ്പിട്ടതോടെ ആണവോര്‍ജ്ജ രംഗത്തെ പുതിയൊരു അധ്യായത്തിന് തുടക്കമായി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലാത്ത ഒരു രാജ്യത്തിനൊപ്പം ഇതാദ്യമായാണ് ജപ്പാന്‍ ആണവ ഉടമ്പടിയില്‍ ധാരണയാകുന്നത്.

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി വ്യാവസായിക ആണവോര്‍ജ്ജ കൈമാറ്റത്തിനും ഉപയോഗത്തിനും സഹായിക്കുന്നതാണ് കരാര്‍. മികച്ച ഊര്‍ജ്ജ മേഖലയിലെ പങ്കാളിത്തത്തിനുള്ള ചരിത്ര ചുവടുവെയ്പായാണ് കരാറിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. കരാര്‍ അനുസരിച്ച് ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും, ഇന്ധനവും, സാങ്കേതിക വിദ്യയും കൈമാറും. ടോക്കിയോ ആണവ കരാറില്‍ ഒപ്പിടുന്ന എന്‍.പി.ടി(ആണവ നിര്‍വ്യാപന കരാര്‍) ഒപ്പുവെയ്ക്കാത്ത ആദ്യ രാജ്യമാണ് ഇന്ത്യ. ആണവോര്‍ജ്ജ സാങ്കേതിക വിദ്യ രംഗത്തേയും വിപണിയിലേയും പ്രധാന കേന്ദ്രമെന്നിരിക്കെ ജപ്പാനുമായുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള കരാര്‍ ഇന്ത്യക്ക് ഗുണം ചെയ്യും.

കഴിഞ്ഞ ഡിസംബറില്‍ ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ആണവോര്‍ജ്ജം സംബന്ധിച്ച് കരാറില്‍ വാക്കാല്‍ ധാരണയായിരുന്നെങ്കിലും പിന്നീട് ജപ്പാനിലെ എതിര്‍പ്പിനെ തുടര്‍ന്ന് കരാര്‍ പ്രാവര്‍ത്തികമായിരുന്നില്ല. ലോകത്തിലെ ആണവാക്രമണത്തിന് ഇരയായ ഏക രാജ്യമെന്നിരിക്കെ ആണവ കരാര്‍ സംബന്ധിച്ച് വലിയ എതിര്‍പ്പുകളാണ് ജപ്പാനില്‍ എപ്പോഴും ഉയരുന്നത്. ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ 2011ലെ അപകടവും ആണവോര്‍ജ്ജത്തിനെതിരെ ജപ്പാനില്‍ വലിയ വികാരമാണ് ഉയര്‍ത്തുന്നത്.

ഇക്കാരണത്താല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയുമായി ആണവ കരാറിന് ജപ്പാന് വലിയ കൂടിയാലോചനകളുടെ ആവശ്യം വന്നിരുന്നു. ഒടുവില്‍ ആണവ പരീക്ഷണങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്ത്യയില്‍ നിന്ന് ഉറപ്പ് കിട്ടിയതോടെയാണ് കരാറിന് മുന്നിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയത്. 1998ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനും ചൈനയും ആണവായുധം കൈവശമുള്ള രാജ്യങ്ങളായതിനാല്‍ ഈ ആശങ്കയെ തുടര്‍ന്ന് ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ആണവോര്‍ജ്ജ രംഗത്തെ അതികായന്‍മാരായ ജപ്പാനുമായുള്ള കരാര്‍ അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ്ഹൗസ്, ജി.ഇ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവോര്‍ജ്ജ പ്ലാ ന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ എളുപ്പത്തിലാക്കും.

ജപ്പാനീസ് കമ്പനിയായ തോഷിബയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റിങ്ഹാസ് കമ്പനിയുമായി ആണവ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആറ് ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

chandrika: