X

ഇസ്തംബൂള്‍ ഭീകരാക്രമണം: കൊലയാളിയെ തിരിച്ചറിഞ്ഞു

ഇസ്തംബൂള്‍: തുര്‍ക്കിയിലെ ഇസ്തംബൂളില്‍ നിശാക്ലബ്ബില്‍ കയറി 39 പേരെ വെടിവെച്ചു കൊലപ്പടുത്തിയ അക്രമിക്കുവേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി. ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 12 പേരെ അറസ്റ്റുചെയ്തിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ അക്രമിയെ കണ്ടെത്താനായിട്ടില്ല. ഇസ്തംബൂളില്‍ വ്യാപക റെയ്ഡ് തുടരുകയാണ്.

കൊലയാളിയുടെ വിരലടയാങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. അക്രമി അധികം വൈകാതെ വലയിലാകുമെന്ന് തുര്‍ക്കി ഉപപ്രധാനമന്ത്രി നൂമാന്‍ കുര്‍തുല്‍മുസ് പ്രത്യാശിച്ചു. പുതുവത്സര ദിനത്തില്‍ റെയ്‌ന നിശാക്ലബ്ബിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഏറ്റെടുത്തിട്ടുണ്ട്. കൊലയാളിയെ അധികാരികള്‍ തിരിച്ചറിഞ്ഞതായും പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും ചില തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നു.

അക്രമിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയുടെ പുതിയ ഫോട്ടോകള്‍ പൊലീസ് പുറത്തുവിട്ടു. ഇയാള്‍ ഉസ്‌ബെക്കിസ്താനില്‍നിന്നോ കിര്‍ഗിസ്താനില്‍നിന്നോ വന്നതായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. നവംബറില്‍ ഭാര്യയോടും രണ്ട് മക്കളോടുമൊപ്പമാണ് അക്രമി തുര്‍ക്കിയില്‍ എത്തിയതെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് തുര്‍ക്കി മാധ്യമങ്ങള്‍ പറയുന്നു.

അറസ്റ്റിലായവരില്‍ അക്രമിയുടെ കുടുംബാംഗങ്ങളും പെടുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജൂണില്‍ ഇസ്തംബൂളിലെ അത്താതുര്‍ക്ക് വിമാനത്താവളത്തില്‍ ആക്രമണം നടത്തിയ ഐ.എസ് സംഘത്തില്‍ ഇയാളുണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

സിറിയയിലെ സൈനിക നടപടിയില്‍ പങ്കെടുക്കുന്നതിന് പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഐ.എസ് പറയുന്നു.
എന്നാല്‍ രാജ്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തെ തടയാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കില്ലെന്ന് തുര്‍ക്കി ഭരണകൂടം വ്യക്തമാക്കി.

chandrika: