X

സമാധാന നീക്കം: പിന്മാറുമെന്ന് സിറിയന്‍ വിമതര്‍

ദമസ്‌കസ്: സിറിയന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്ന സാഹചര്യത്തില്‍ റഷ്യയും തുര്‍ക്കിയും മുന്‍കൈയെടുത്ത് നടത്തുന്ന സമാധാന ചര്‍ച്ചകളില്‍നിന്ന് പിന്തിരിയുമെന്ന് സിറിയന്‍ വിമതരുടെ ഭീഷണി. വ്യാഴാഴ്ചയാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വന്നത്. ഇത് വിജയകരമായാല്‍ കസഖ്‌സ്താന്‍ തലസ്ഥാനമായ അസ്താനയില്‍ സിറിയന്‍ ഭരണകൂടത്തെയും വിമതരെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് റഷ്യയുടെയും തുര്‍ക്കിയുടെയും തീരുമാനം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഭരണകൂടവും സഖ്യകക്ഷികളും അക്രമം തുടരുകയാണെന്ന് വിമതര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ അസ്താന ചര്‍ച്ചക്കു മുന്നോടിയായി നടക്കുന്ന കൂടിയാലോചനകളില്‍ സഹകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ദമസ്‌കസിന് വടക്കുപടിഞ്ഞാറ് വാദി ബറാദയിലെ വിമത കേന്ദ്രങ്ങളില്‍ സൈന്യവും ഹിസ്ബുല്ല പോരാളികളും വ്യോമാക്രമണം നടത്തുന്നതായി വിമതര്‍ ചൂണ്ടിക്കാട്ടി.

കരാറിന്റെ പരിധിയില്‍ വരാത്ത ഹതഹ് അല്‍ശാം എന്ന വിമത സംഘയുടെ നിയന്ത്രണത്തിലാണ് വാദി ബറാദ. തലസ്ഥാനമായ ദമസ്‌കസിലേക്ക് കുടിവെള്ളമെത്തുന്നത് ഇവിടെനിന്നാണ്. കുടിവെള്ളത്തില്‍ വിമതര്‍ ഡീസല്‍ കലര്‍ത്തിയതായി ഭരണകൂടം ആരോപിക്കുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നുവെന്ന ആരോപണം സിറിയന്‍ സേന നിഷേധിച്ചു. ആറു വര്‍ഷമായി തുടരുന്ന രക്തചൊരിച്ചില്‍ അവസാനിപ്പിക്കുന്നതിന് റഷ്യയും തുര്‍ക്കിയും നടത്തുന്ന ശ്രമങ്ങള്‍ക്ക് യു.എന്‍ രക്ഷാസമിതി പിന്തുണ നല്‍കിയിട്ടുണ്ട്. ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്), ഫതഹ് അല്‍ശാം, കുര്‍ദിഷ് വൈപിജി മിലീഷ്യ തുടങ്ങിയ സംഘടനകള്‍ വെടിനിര്‍ത്തല്‍ കരാറിന്റെ പരിധിയില്‍നിന്ന് പുറത്താണ്. അമേരിക്കയുടെ പിന്തുണയുള്ള വൈപിജിയെ തുര്‍ക്കി ഭീകരസംഘടനയായാണ് കാണുന്നത്.

chandrika: