X

എസ്.പി- കോണ്‍ഗ്രസ് സഖ്യ സാധ്യത വര്‍ധിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സമാജ്്‌വാദി പാര്‍ട്ടിയും തമ്മിലുള്ള സഖ്യത്തിന് സാധ്യത വര്‍ധിച്ചു. എസ്.പിയിലെ ആഭ്യന്തര കലഹത്തിന് ഒത്തുതീര്‍പ്പ് ഫോര്‍മുല രൂപപ്പെട്ടു വരുന്നതിനിടെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യ സാധ്യത സംബന്ധിച്ച ചിത്രവും തെളിയുന്നത്.

സീറ്റു വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് നേരത്തെ സഖ്യ ചര്‍ച്ചകള്‍ പൊളിയാന്‍ കാരണം. കോണ്‍ഗ്രസിന് 60 സീറ്റു മാത്രമേ നല്‍കാനാവൂ എന്ന നിലപാടിലായിരുന്നു എസ്.പി. 75 സീറ്റു വേണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. സഖ്യനീക്കം സമാജ്് വാദി പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നം രൂക്ഷമാക്കുകയും പാര്‍ട്ടി പിളര്‍പ്പിന്റെ വക്കില്‍ വരെ എത്തുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ്, ജെ.ഡി.യു എന്നിവയുമായി സഖ്യമുണ്ടാക്കുന്നതിനെ മുഖ്യമന്ത്രി അഖിലേഷ് യാദവ് അനുകൂലിച്ചതും ശിവപാല്‍ യാദവ് എതിര്‍ത്തതുമാണ് എസ്.പിയിലെ പ്രശ്‌നം വഷളാക്കിയത്. എസ്.പിയിലെ ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായിത്തന്നെയാണ് കോണ്‍ഗ്രസുമായുള്ള സഖ്യ നീക്കവും വീ ണ്ടും സജീവമാകുന്നത്.

മുലായംസിങ് യാദവും അഖിലേഷ് യാദവും ഇന്നലെ ജെ. ഡി.യു നേതാവ് ശരദ് യാദവുമായി ഫോണില്‍ സംസാരിച്ചതാണ് സഖ്യ നീക്കങ്ങള്‍ക്ക് വീണ്ടും ചൂടു പകര്‍ന്നത്. കോണ്‍ഗ്രസിന് 70 സീറ്റു വരെ നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലേക്ക് എസ്.പി എത്തിയതും സമവായ സാധ്യത വര്‍ധിപ്പിച്ചു.

2012ല്‍ 28 സീറ്റിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഒറ്റക്ക് മത്സരിക്കുന്നത് ഗുണം ചെയ്യില്ലെന്നും 2012ലെ അത്രപോലും സീറ്റ് ലഭിക്കില്ലെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.

എസ്.പിയുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ നിലവിലെ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്ന നിര്‍ദേശമാണ് യു.പി തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ പോള്‍ സ്ട്രാറ്റജിസ്റ്റ് ആയ പ്രശാന്ത് കിഷോര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.

chandrika: