X

എ.പി മുഹമ്മദ് മുസ്‌ല്യാര്‍ക്ക് ജനസഹസ്രങ്ങളുടെ യാത്രാമൊഴി

ഇസ്‌ലാമിക വിജ്ഞാന മേഖലയില്‍ ജീവിതം സമര്‍പ്പിച്ച പണ്ഡിത തേജസ് കുമരംപുത്തൂര്‍ എ. പി മുഹമ്മദ് മുസ്‌ല്യാര്‍ (78) ഇനി ദീപ്തസ്മരണ. ഇന്നലെ പുലര്‍ച്ചെ 12.45ഓടെ അന്തരിച്ച മുഹമ്മദ് മുസ്‌ലിയാരുടെ ഖബറടക്കം വൈകീട്ട് 4.15ന് കുമരംപുത്തൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

വ്യക്തിജീവിതത്തിലും സാമൂഹ്യ രംഗത്തും അപൂര്‍വ്വവും മാതൃകാസമ്പന്നവുമായ ശൈലിക്ക് ഉടമയായിരുന്ന എ.പി ഉസ്താദ് അറിവിന്റെ അനന്തമായ സാധ്യതകള്‍ ശിഷ്യഗണങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയാണ് യാത്രയായത്. പ്രിയപ്പെട്ട ഉസ്താദിനെ ഒരുനോക്കു കാണുവാനും അന്തിമോപചാരം അര്‍പ്പിക്കാനും പണ്ഡിതര്‍, രാഷ്ട്രീയ നേതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി നാനാതുറകളിലുള്ള പതിനായിര ങ്ങളാണ് ഒഴുകിയെത്തിയത്. കുമരംപുത്തൂരിലെ പുരാതന പണ്ഡിത കുടുംബാംഗമായ മുഹമ്മദ് മുസ്‌ല്യാരുടെ വിയോഗത്തിലൂടെ ആമ്പാടത്ത് പുന്നപ്പാടത്ത് തറവാട്ടിലെ കാരണവരെ മാത്രമല്ല, കേരളത്തിലെ പണ്ഡിത സമൂഹത്തിന്റെ കാരണവരെ കൂടിയാണ് നഷ്ടമായത്. ദീര്‍ഘകാലം സമസ്ത കേന്ദ്ര മുശാവറ അംഗവും, സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മുഹമ്മദ് മുസ്‌ലിയാര്‍ 2016 ജൂണ്‍ ഒന്നിനാണ് സമസ്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 22 വര്‍ഷമായി പട്ടിക്കാട് ജാമിഅ നൂരിയ അറബിക് കോളജില്‍ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു.

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മുഹമ്മദ് മുസ്‌ലിയാരെ ചൊവ്വാഴ്ച ഉച്ചയോടെയാണ് തച്ചമ്പാറ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. മരണ സമയത്ത് ഭാര്യയും മക്കളുമടങ്ങുന്ന കുടുംബം സമീപത്തുണ്ടായിരുന്നു. തച്ചമ്പാറ ആസ്പത്രിയില്‍ കെ.സി അബൂബക്കര്‍ ദാരിമിയുടെ കാര്‍മികത്വത്തില്‍ ജനാസ നമസ്‌കാരം നിര്‍വഹിച്ച ശേഷം രാവിലെ ആറ് മണിയോടെ വീട്ടിലും പിന്നീട് കുമരംപുത്തൂര്‍ മിസ്ബാഹുല്‍ ഹുദാ മദ്‌റസയിലും രാവിലെ എട്ട് മണിയോടെ മണ്ണാര്‍ക്കാട് ദാറുന്നജാത്ത് യതീംഖാന കോംപ്ലക്‌സിലും പൊതുദര്‍ശനത്തിന് വെച്ചു. ആസ്പത്രിയിലും, വീട്ടിലും, പൊതുദര്‍ശനവേദിയിലും പള്ളിയിലുമായി 25 ഓളം തവണകളായി പൂര്‍ത്തിയാക്കിയ ജനാസ നമസ്‌കാരത്തില്‍ പതിനായിരത്തിലധികം പേരാണ് പങ്കെടുത്തത്.

വിവിധ സമയങ്ങളിലായി നടന്ന ജനാസ നമസ്‌കാരത്തിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പ്രൊ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, എം.പി മാരായ ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.

chandrika: