X

ഏകാധിപത്യത്തിലേക്കോ മോദിയുടെ ഇന്ത്യ

  • കെപി ജലീല്‍

നരേന്ദ്രമോദിയുടെ കീഴില്‍ മഹത്തായ ജനാധിപത്യ ഇന്ത്യ ഏകാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് ആശങ്കപ്പെടാന്‍ തക്ക ഒട്ടേറെ സാഹചര്യങ്ങളാണ് രാജ്യത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ മുഴച്ചുനില്‍ക്കുന്നത്. 2014ല്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനുമുമ്പുതന്നെ ഹിന്ദുത്വശക്തികളുടെ മേല്‍ക്കൈയില്‍ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയെക്കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. 545ല്‍ ഒറ്റക്ക് ഭരിക്കാനുള്ള 282 സീറ്റുകളുടെ ഭൂരിപക്ഷം ലഭിച്ച ബി.ജെ.പിയുടെ തനിനിറം പുറത്തുവരാനിരിക്കുന്നുവെന്നാണ് പലരും പ്രവചിച്ചത്. മിതഭാഷിയായ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് തന്റെ കാലാവധിയുടെ അവസാന വാര്‍ത്താസമ്മേളനത്തില്‍ നല്‍കിയ മുന്നറിയിപ്പ് ഇത്തരുണത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. മോദി പ്രധാനമന്ത്രിയാകുന്നത് രാജ്യത്ത് ദുരന്തമാകുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഗുജറാത്ത് മുഖ്യമന്ത്രിയും ആര്‍.എസ്്.എസുകാരനുമായ നരേന്ദ്രമോദിയെ പ്രഖ്യാപിച്ച സമയമായിരുന്നു അത്. സത്യപ്രതിജ്ഞയില്‍ വിവിധ രാഷ്ട്രനേതാക്കളെ ക്ഷണിച്ചപ്പോള്‍ പലരും കരുതിയത് അയല്‍പക്ക-അന്താരാഷ്ട്ര ബന്ധങ്ങള്‍ മോദിയുടെ കീഴില്‍ സുരക്ഷിതമായിരിക്കുമെന്നായിരുന്നു. കരുത്തനായ ഭരണാധികാരി എന്ന തോന്നലിന് ഇതിടയാക്കി. വിവിധ രാജ്യങ്ങളില്‍ മോദി നടത്തിയ സന്ദര്‍ശനപരമ്പരകള്‍ ഇതാണ് തെളിയിച്ചതെങ്കിലും ഫലം മറിച്ചായിരുന്നു. അദ്ദേഹം അംഗമായ ആര്‍.എസ്.എസിന്റെ നിഷ്‌കാസിത നയങ്ങളോട് കൂറുള്ളയാളതിനാലാവാം പലപ്പോഴും മോദിയുടെ സ്വരത്തിലും പ്രവൃത്തിയിലും ശരീരഭാഷയില്‍ പോലും ഈ ഏകാധിപത്യത്തിന്റെ തികട്ടലുകള്‍ കാണുന്നത്. പല വിധ സൂചനകളുണ്ടായെങ്കിലും നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടാണ് ഈ സ്വേഛാധിപത്യവാഞ്ഛ ഉച്ഛൈസ്തരം തികട്ടിവരുന്നത്. ജനങ്ങള്‍ അധ്വാനിച്ചതിന്റെ പ്രതിഫലം ബാങ്കുകളില്‍ നിന്ന് പൂര്‍ണമായും തിരിച്ചുകിട്ടില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. പിന്‍വലിച്ച 15.4 ലക്ഷം കോടി മൂല്യം വരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ക്ക് പകരം അതിന്റെ നാല്‍പത് ശതമാനം ( 6.5 ലക്ഷം കോടി) മാത്രമേ അച്ചടിക്കുകയുള്ളൂവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നതിന്റെ അര്‍ഥമെന്താണ് ?

ഗുജറാത്ത്് മുഖ്യമന്ത്രിയായിരിക്കെ സഹാറ, ബിര്‍ള എന്നീ കുത്തകവ്യവസായികളില്‍ നിന്ന് 65 കോടി രൂപ കോഴ വാങ്ങിയെന്ന തനിക്കെതിരായ ആരോപണത്തെക്കുറിച്ച് അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിക്കുന്നതിനുപകരം ആരോപണം ഉന്നയിച്ച നേതാവിനെ രൂക്ഷമായി പരിഹസിക്കുന്ന പ്രധാനമന്ത്രിയെയാണ് രാജ്യം ഇന്നലെ കണ്ടത്. പ്രസംഗിക്കാന്‍ പഠിച്ചതില്‍ സന്തോഷമുണ്ടെന്നാണ് മോദി രാഹുല്‍ ഗാന്ധിക്കെതിരെ ഉതിര്‍ത്ത പരിഹാസം. മോദി പ്രധാനമന്ത്രിയാകാനൊരുങ്ങുമ്പോഴും ശേഷവും രാജ്യത്ത് രണ്ടാമതൊരു അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍ ശ്രമം നടക്കുന്നുവെന്ന ഊഹാപോഹം പരക്കെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ ഡല്‍ഹിയില്‍ പ്രധാനപ്രതിപക്ഷ പാര്‍ട്ടിയുടെ പ്രമുഖനേതാവും ഡല്‍ഹി മുഖ്യമന്ത്രിയും അറസ്റ്റ് ചെയ്യപ്പെട്ടത് അവര്‍ സമരത്തിന് നേതൃത്വം നല്‍കി എന്ന പേരിലായിരുന്നു. രാജ്യതലസ്ഥാനത്ത് പ്രധാനമന്ത്രിയുടെ മൂക്കിന് കീഴെയാണ് രാഹുല്‍ ഗാന്ധി രണ്ടുദിവസത്തിനിടെ മൂന്നുതവണ പൊലീസ് കസ്റ്റഡിയിലായത്. വണ്‍റാങ്ക് വണ്‍ പെന്‍ഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ആത്മാഹുതി ചെയ്തയാളുടെ ബന്ധുക്കളെയും പൊലീസ് വെറുതെ വിട്ടില്ല. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പല വിഷയങ്ങളിലും ജനാധിപത്യസംവിധാനത്തെയാകെ ലജ്ജിപ്പിക്കുന്ന തരത്തിലുള്ള നടപടികളാണ് മോദി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്നതിന്റെ തെളിവാണ് ധാക്കയിലെ ഒരു പത്രത്തില്‍ വന്ന വാര്‍ത്തയുടെ ചുവടുപിടിച്ച് പതിറ്റാണ്ടുകളായി ഇന്ത്യയുടെ അഭിമാനമായി ലോകത്താകമാനം പ്രവര്‍ത്തിക്കുന്ന മുംബൈയിലെ ഡോ. സാക്കിര്‍ നായിക്കിന്റെ ഇസ്്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുനേരെയുണ്ടായിരിക്കുന്ന കേന്ദ്രമന്ത്രിസഭയുടെ നിരോധന നടപടി. ന്യൂനപക്ഷങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് ഏകസിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവും കടുത്ത വിമര്‍ശനവിധേയമായിരിക്കയാണ്.

രണ്ടര വര്‍ഷത്തിനിടെ ഭരണത്തില്‍ എന്തെല്ലാം സ്വേഛാധിപത്യനടപടികളാണ് മോദി സ്വീകരിച്ചത്. അധികാരത്തിലേറി ആദ്യം തന്നെ ബി.ജെ.പിയുടെ തലമുതിര്‍ന്ന എല്‍.കെ.അഡ്വാനി, മുരളി മനോഹര്‍ ജോഷി, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിംഹ് എന്നിവരെ മൂലക്കിരുത്തി. പാര്‍ലമെന്റ് മന്ദിരത്തിലെ അഡ്വാനിയുടെ മുറി പോലും ഇല്ലാതാക്കിയതോടെ പാര്‍ട്ടിയുടെ പൂര്‍വസൂരികളോട് മോദി എന്തുനിലപാടാണെടുക്കുക എന്നത് വ്യക്തമായിരുന്നു. പാക്കിസ്താനുമായി കഴിഞ്ഞ 15 വര്‍ഷത്തിനുമുന്നിലെ അവസ്ഥയിലേക്ക് സ്ഥിതിഗതികള്‍ പോയി. പ്രതിപക്ഷത്തിന് പ്രതിപക്ഷ നേതൃപദവി നല്‍കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ലെന്നുമാത്രമല്ല, പ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന്റെയും സ്വന്തം പാര്‍ട്ടിയുടെയും വരെ നേതാക്കളോട്് തികഞ്ഞ ധാര്‍ഷ്ട്യത്തോടെയും പരിഹാസത്തോടെയുമാണ് മോദി സംസാരിച്ചത്. ഇപ്പോഴും അതങ്ങനെ തന്നെ. മോദിയുടെ യഥാര്‍ഥ മുഖം കണ്ടത് വലിയ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനം സ്വയം നടത്തിയതും അതിനെതുടര്‍ന്നുണ്ടായ രാജ്യത്താകമാനം അരാജകത്വം നടമാടിയപ്പോഴും തുടരുന്ന ധാര്‍ഷ്ട്യത്തിന്റെ മനോഭാവമാണ്. നവംബര്‍ എട്ടിന് രാജ്യത്തോട് നടത്തിയ ടെലിവിഷന്‍ പ്രഖ്യാപനം രാജ്യത്തെ ഉന്നത ബാങ്കായ റിസര്‍വ് ബാങ്കിനെയും ധനകാര്യവകുപ്പിനെയും മറികടന്നുകൊണ്ടുള്ളതായിരുന്നു. ഇക്കാര്യത്തില്‍ ഉന്നത സാമ്പത്തിക വിദഗ്ധരെ പോലും അദ്ദേഹം മുഖവിലക്കെടുത്തില്ലെന്നതിന്റെ സൂചനയാണ് പിന്നീട് രായ്ക്കുരാമാനം മാറിമാറി പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍.

നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്ത് അടിയന്തരാവസ്ഥക്കു തുല്യമായ സ്ഥിതി സംജാതമാക്കുമ്പോഴും പ്രധാനമന്ത്രി ജപ്പാനില്‍ പോയി സംഗീതം ആലപിക്കുകയും ജപ്പാന്‍കാര്‍ നടത്തിയ ത്യാഗത്തെക്കുറിച്ച് ഓര്‍മിപ്പിക്കുകയുമായിരുന്നു. പാര്‍ലമെന്റ് സമ്പ്രദായം മാ്റ്റി പ്രസിഡന്‍ഷ്യല്‍ രീതി വേണമെന്നും രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് മതിയെന്നുമുള്ള സര്‍ക്കാര്‍ തലത്തിലെ ചര്‍ച്ചകളും രാജ്യം ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകളാണ് നല്‍കുന്നത്. പണം നിക്ഷേപിക്കാന്‍ ചെല്ലുന്നയാളോട് ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരണം ചോദിക്കാനുള്ള തീരുമാനം പിന്‍വലിച്ചെങ്കിലും ഇതും വിരല്‍ ചൂണ്ടുന്നത് മോദിയുടെ നേര്‍്ക്കാണ്.

വിവാഹം കഴിച്ചിട്ടും ഭാര്യയെ കൂടെത്താമസിപ്പിക്കാത്ത മോദി 97 വയസ്സുള്ള സ്വന്തം മാതാവിനെപോലും പ്രതിച്ഛായക്കുവേണ്ടി പ്രധാനമന്ത്രി ബാങ്കിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ജനങ്ങള്‍ സഹിക്കണമെന്ന് കല്‍പിക്കുകയും ചെയ്തു. ഓരോ ദിവസവും മാറിമാറി ഉത്തരവുകള്‍ വരുമ്പോഴും മുഖ്യമന്ത്രിമാര്‍ കാണാന്‍ അവസരം അവസരം ചോദിക്കുമ്പോഴും അതിനൊന്നും കൂട്ടാക്കാതെ വിദേശ പര്യടനത്തിലും തെരഞ്ഞെടുപ്പുപര്യടനത്തിലുമായിരുന്നു അദ്ദേഹം. ഏറ്റവും വലിയ സ്വേഛാധിപത്യം ദര്‍ശിച്ചത് ശീതകാല പാര്‍ലമെന്റ് സമ്മേളനം രണ്ടുദിവസമൊഴികെ 22 ദിവസവും മുടങ്ങിയിട്ടും ഒരു പ്രസ്താവന പോലും പാര്‍ലമെന്റിനകത്ത് നടത്താന്‍ തയ്യാറാകാത്ത മോദിയുടെ ധാര്‍ഷ്ട്യമായിരുന്നു. ചരിത്രത്തിലില്ലാത്ത വിധം ഭരണകക്ഷിക്കാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുമ്പോള്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങളില്‍ പൊതുയോഗങ്ങളിലായിരുന്നു. ഇത്രയും വലിയ പ്രതിസന്ധി രാജ്യം അഭിമുഖീകരിക്കുമ്പോഴായിരുന്നു ഇതെന്നത് ഞെട്ടിപ്പിക്കുന്നു. പ്രധാനമന്ത്രി വരുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയിട്ടും അതുണ്ടായില്ലെന്നു മാത്രമല്ല, താന്‍ ജനങ്ങളോട് നേരിട്ട് സംസാരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ തീട്ടൂരം.
ജനപ്രതിനിധി സഭയെ ജനാധിപത്യത്തില്‍ ഇത്രയും അവഹേളിച്ച സംഭവം മുമ്പൊരു പ്രധാനമന്ത്രിയില്‍ നിന്നും ഉണ്ടായിട്ടില്ല. അടിയന്തരിവാസ്ഥക്കാലത്തൊഴികെ. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും മാധ്യമപ്രവര്‍ത്തകരെ ഔദ്യോഗികമായി കാണുകയോ സംസാരിക്കുകയോ ചെയ്യാത്തയാളാണ് മോദി.
താരതമ്യേന നിഷ്പക്ഷ നിലപാടുള്ള ഹിന്ദി ചാനലായ എന്‍.ഡി.ടി.വി ഇന്ത്യക്കെതിരെയും കേന്ദ്രസര്‍ക്കാരിന്റെ രംഗത്തുവന്നു. വാര്‍ത്ത മാത്രമല്ല, ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്യത്തെ തന്നെ സര്‍ക്കാര്‍ വിലക്കുകയാണോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. പുതുവര്‍ഷ ദിനങ്ങളില്‍ നടന്ന പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ എന്‍.ഡി.ടി.വി ഇന്ത്യ സംപ്രേഷണം ചെയ്ത വാര്‍ത്തയാണ് അവരുടെ ഒരു ദിവസത്തെ സംപ്രേഷണം നിര്‍ത്തിവെക്കാന്‍ കാരണമായത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനദിവസമാണ് സംപ്രേഷണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടത് എന്നത് യാദൃശ്ചികതയാവില്ല. കേന്ദ്ര ബി.ജെ.പി മന്ത്രിസഭയുടെ വിവിധ മന്ത്രാലയങ്ങളടങ്ങുന്ന സമിതിയാണ് ഈ വിലക്ക് പ്രഖ്യാപിച്ചത്. ഇതിനെ ചെറുക്കാനുള്ള വിദ്യകളാണ് രാജ്യത്തെ മാധ്യമസമൂഹവും മതേതരജനാധിപത്യപ്രവര്‍ത്തകരും ആരായേണ്ടത്. എന്‍.ഡി.ടി.വി മുന്നോട്ടുവെച്ച ആശയങ്ങളെ പിന്തുണക്കുന്ന എല്ലാവര്‍ക്കും അവരുടെ കൂടെ നില്‍ക്കാനുള്ള ധാര്‍മികമായ ബാധ്യതയുണ്ട്.

1975ല്‍ നടപ്പാക്കിയ അടിയന്തിരാവസ്ഥയുടെ തിക്തഫലം നാടും പിന്നിട് ആ കക്ഷിയും അനുഭവിച്ചതാണ്. ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളാണ് ഇതിലൂടെ പൗരന് തഴയപ്പെട്ടത്. നരേന്ദ്രമോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വദേശീയ വാദക്കാര്‍ ഉന്നയിക്കുന്നതും ഏതാണ്ട് സമാനമായ സ്ഥിതിയാണ്. രാജ്യത്തെ മുസ്്‌ലിംകളും ദലിതുകളുമടക്കമുള്ളവരുടെ അഭിപ്രായ-മതവിശ്വാസ സ്വാതന്ത്ര്യം പോലും ഹനിക്കുന്ന രീതിയാണ് രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഭക്ഷണത്തെപോലും തങ്ങളുടെ തീട്ടൂരത്തിന് ഇരയാക്കുന്നു. ഇതുകൊണ്ടായിരിക്കണം എഡിറ്റേഴ്‌സ് ഗില്‍ഡ് അടിയന്തിരാവസ്ഥയെക്കുറിച്ച് കത്തില്‍ പ്രധാനമന്ത്രിയോട് ആരാഞ്ഞത്. കഴിഞ്ഞ മാസം മുംബൈയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് സ്ഥാപകന്‍ രാംനാഥ് ഗോയങ്കയുടെ പേരിലുള്ള മാധ്യമ അവാര്ഡുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍, പ്രധാനമന്ത്രിയോട് ഇന്ത്യന്‍ എക്‌സ്പ്രസ് ചീഫ് എഡിറ്റര്‍ രാജ്കമല്‍ ഝാ ഉന്നയിച്ച ചോദ്യങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്. ഭരണാധികാരിയെ പേടിപ്പെടുത്തുന്നതും അനിഷ്ടപ്പെടുത്തുന്നതുമാണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തനമെന്ന് മോദിയെ ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം .അധികാരിയുടെ അപ്രീതിക്ക് പാത്രമാകുന്നവനാണ് യഥാര്‍ഥ മാധ്യമപ്രവര്‍ത്തകന്‍ എന്നായിരുന്നു ഗോയങ്കയുടെ നയമെന്ന് അദ്ദേഹം മോദിക്കുനേരെ തുറന്നടിച്ചു. പലപ്പോഴും ബി.ജെ.പിക്ക് അനുകൂലമായ നിലപാടെടുത്തിട്ടുള്ള മാധ്യമമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് എന്നോര്‍ക്കണം. പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ് നാരായണന്‍ ആശങ്കപ്പെടുന്നതുപോലെ ഇന്ത്യ മോദിയുടെ കീഴില്‍ ഫാസിസത്തില്‍ അധിഷ്ഠിതമായ ഏകാധിപത്യത്തിലേക്ക് പോകുമെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഇനിയത് എപ്പോഴെന്ന് മാത്രമേ വ്യക്തമാകാനുള്ളൂ.

chandrika: