X

ഹം ഭോപാല്‍ മേം തടയലില്‍ പെട്ടു ജി

  • ശാരി പി.വി

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപാലില്‍ ആര്‍.എസ്.എസുകാര്‍ തടഞ്ഞുവത്രേ. സംഗതി ഇങ്ങു കേരളത്തില്‍ ബി.ജെ.പിക്കാരെ സി.പി.എമ്മുകാര്‍ തടവുന്നതിനു പകരമാണു പോലും. ബുദ്ധിയുടെ കാര്യത്തില്‍ പണ്ടേ ശ്ശി കൂടുതലാണെന്ന (ധാരണ മാത്രം) ഉള്ള ചാണക സംഘികള്‍ ഇവിടെ മാത്രമല്ല അങ്ങു ഭോപാലിലും ഉണ്ടെന്നു ഇപ്പോ ഏറെക്കുറെ വ്യക്തം. ചെങ്ങന്നൂര്‍ കോളജില്‍ സംഘര്‍ഷത്തില്‍ മരിച്ച വിദ്യാര്‍ത്ഥിയുടെ ഫോട്ടോയും പിടിച്ചായിരുന്നു ഭോപാലുകാരായ സംഘികള്‍ കണ്ണൂരില്‍ അടി..വെട്ട്…. കൊലാ…ന്നും പറഞ്ഞ് തൊണ്ട പൊട്ടിച്ചത്. പക്ഷേ തടയലും മുദ്രാവാക്യം വിളിയുമൊക്കെ മുറപോലെ നടന്നെങ്കിലും ഓടുന്ന ട്രെയിനിന് ഒരു മുഴം മുമ്പേ എന്ന മട്ടില്‍ ഇരട്ടച്ചങ്കന്‍ മുഖ്യന്‍ ആവഴി പോയതുമില്ല. പക്ഷേ സംഘികളുടെ നാട്ടില്‍ (കു) പ്രസിദ്ധി അത്യാവശ്യമുള്ള പൊലീസേമാന്‍മാര്‍ പറയുന്നത് കേരള മുഖ്യനെ തടഞ്ഞില്ല, ടിയാന് ഹിന്ദി അറിയാത്തോണ്ടു സംഭവിച്ചു പോയതാണെന്നാണ്.

ഹിന്ദിയില്‍ തടയല്‍ വേറെ ലവലാണത്രേ. ഇരട്ടച്ചങ്കുണ്ടെന്നേ ഉള്ളൂ നമ്മുടെ മുഖ്യന്‍ ഈ പോളിറ്റ് ബ്യൂറോയ്‌ക്കെല്ലാം ഇടക്കിടെ പോയിട്ടും ഹിന്ദി ചാണക സംഘികളോളം വേണ്ടത്ര വശപ്പെടുത്തിയിട്ടില്ല. അതാണ് കുഴപ്പമായത്. ഹിന്ദി മൊഴിമാറ്റ വിദ്വാനും ഏത് ആരോപണത്തിനും കൈരേഖയുമായി വരുന്ന ആശാനുമായ ഉള്ളി സുരുവിനോടെങ്കിലും ചോദിച്ചു പഠിച്ചാല്‍ മതിയായിരുന്നു. ടിയാനെ പോലെ കോഴിക്കോട് താമരപ്പാര്‍ട്ടിക്കാരുടെ ദേശീയ കൗണ്‍സിലിനു വേണ്ടി ഹിന്ദി തപാലിലൂടെ പഠിച്ച കുറേ പേരുണ്ട്. ഇവരോടൊപ്പം രണ്ട് ദിവസം ചെലവിട്ടാല്‍ മതിയായിരുന്നു. എങ്കില്‍ മധ്യപ്രദേശ് ഡി.ജി.പി പറയുന്ന പോലെ ഹിന്ദികേട്ട് തെറ്റിദ്ധരിക്കില്ലായിരുന്നു. എല്ലാം പോട്ടെ പിണറായിക്ക് കീഴില്‍ എം.എല്‍.എയായിരിക്കുന്ന മുഖേഷ് ആനയെ മേയ്ക്കാന്‍ ഹിന്ദിപഠിപ്പിക്കുന്ന സിനിമയെങ്കിലും കണ്ടാല്‍ മതിയായിരുന്നു. എങ്കില്‍ എവിടെയൊക്കെയാണ് ഹോ, ഹൈ, ഹും വേണമെങ്കില്‍ അത്യാവശ്യത്തിന് ആപ്പുമൊക്കെ വെക്കാമായിരുന്നു.

ഇനിയിപ്പോ പറഞ്ഞിട്ടെന്താ കാര്യം സംഘികളൊക്കെ വേറെ ലവലിലാ. ഹിന്ദി പഠിച്ചിട്ടില്ലെന്നു പറഞ്ഞാല്‍ ഇനി ചിലപ്പോ അതും രാജ്യദ്രോഹമാക്കിയേക്കും. മുഖ്യമന്ത്രി പറഞ്ഞാലും സംഘികളോട് ചെറിയ കൂറൊക്കെ കാണിക്കുമെങ്കിലും ഹിന്ദി അറിയാത്ത പൂച്ചപ്പോലീസുകാരാണ് കേരളത്തില്‍ എന്നതിനാല്‍ ഇടക്ക് ഹിന്ദിയൊക്കെ പറഞ്ഞിരിക്കാന്‍ ബി.ജെ.പിയുടെ കേരളത്തിലെ നേതാക്കന്‍മാരായ രാജശേഖരനും, കൃഷ്ണദാസിനും, എം.ടി രമേശിനും പിന്നെ ജയലളിതയുടെ മരണം കൊണ്ട് തമിഴ്‌നാട്ടില്‍ മാറ്റം സ്വപ്‌നം കണ്ട സുരേന്ദ്രനുമെല്ലാം കരിമ്പൂച്ചകളുടെ അകമ്പടി നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. മികച്ച മൊഴിമാറ്റക്കാരനുള്‍പ്പെടെ കരിമ്പൂച്ചകളുടെ അകമ്പടിയിലായതിനാല്‍ ഇനിയിപ്പോ സന്ദേശം സിനിമയിലെ ‘നാരിയല്‍ കാ പാനീ ലാവോ’ സീന്‍ ആവര്‍ത്തിക്കാതിരുന്നാല്‍ മതിയായിരുന്നു. ജനുവരി മുതല്‍ സി.ആര്‍.പി.എഫുകാരോടൊപ്പം ഹാന്‍ ജി, ചലോ ജി, ക്യാ ജി കേള്‍ക്കുമെന്നു ഉറപ്പ്. ഇതൊക്കെ കണ്ടിട്ട് ഇനിയിപ്പോ ഹിന്ദി പഠിക്കാന്‍ ട്യൂഷന് ആളെ വെക്കാന്‍ മുഖ്യന്‍ തയാറായാലും നോട്ട് അസാധുവാക്കി മാലോകരെ മുഴുവന്‍ പഞ്ഞിക്കിട്ട് മേരെ പ്യാരേ ദേശ് വാസിയോം എന്ന് പറയുന്ന പ്രധാനമന്ത്രിയെ അനുകരിച്ച് ഇവിടെ റേഷന്‍ മുടങ്ങുമ്പോ അത് പറയാന്‍ നില്‍കേണ്ട. ഇത് കേരളമാണ്, ട്രോളര്‍മാരുടെ സ്വന്തം നാട്, ഇവിടെ എല്ലാം കോണ്‍ട്രയാ. സംഗതി ബ്ലിംഗസ്യയാവും.
……………………………………………………………….
രാജ്യത്തെ കള്ളപ്പണത്തെ കുറിച്ച് സര്‍ക്കാറിന്റെ കൈവശം ഔദ്യോഗിക കണക്കുകളൊന്നുമില്ലെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അപ്പോള്‍ ഇതുവരെ ഉണ്ടെന്നു പറഞ്ഞതത്രയും കൈ രേഖ മാത്രമായിരുന്നെന്നു സാരം. നോട്ട് അസാധുവാക്കിയതിനു ശേഷമോ അതിനു മുമ്പോ ഇത്തരമൊരു കണക്ക് സര്‍ക്കാറിന്റെ കൈവശമില്ലായിരുന്നെന്ന് ടിയാന്‍ ലോക്‌സഭയില്‍ തന്നെ വ്യക്തമാക്കിയിരിക്കുന്നു. അപ്പോള്‍ വെറും കമ്മട്ടത്തിനാണ് പൊതുജനത്തെ പൊരിവെയിലത്തേക്ക് ഇറക്കി വിട്ടതെന്ന ആരോപണം വെറുതെയല്ല. രാജ്യത്തിന്റെ ധനകാര്യ മന്ത്രി ഡോക്ടര്‍ ആവാഞ്ഞത് ഭാഗ്യം. ഇല്ലേല്‍ രോഗിയെ ശസ്ത്രക്രിയ ചെയ്ത ശേഷം രോഗമൊന്നും ഉണ്ടായിരുന്നില്ലെന്നു പറഞ്ഞേനെ. ചുമ്മാതെയല്ല എന്‍.സി.പി നേതാവ് ശരത് പവാര്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം രോഗി മരിച്ച വിജയകരമായ ശസ്ത്രക്രിയയാണെന്നു പറഞ്ഞത്. ആര്‍ക്കും ഒരു ബുദ്ധിമുട്ടുമില്ലാത്ത നടപടിയെന്നാണ് കേന്ദ്രം പറയുന്നത്. അപ്പോള്‍ ക്യൂവില്‍ നിന്നു പൊലീസുകാരുടെ അടിയും ആകാശത്തേക്കുള്ള വെടിയുമടക്കം കാണേണ്ടി വരുന്നവര്‍ ഈ നാട്ടുകാരില്‍ പെടില്ലേ!.

ഇനിയിപ്പോ ആദായ നികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പിടിച്ചെടുക്കുന്ന പണം നോക്കിയാലും ഗുജറാത്തുകാര്‍ തന്നെയാണ് ഒന്നാം നമ്പറില്‍. ഇനി ഇതാണോ ഗുജറാത്ത് മോഡല്‍ വികസനമാവോ. സംഗതി പാളിയെന്നു മാത്രമല്ല, സര്‍വത്ര പിടിവിട്ടെന്നു ബി.ജെ.പിക്കാര്‍ക്കും അറിയാം വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഈ പോക്കു പോയാല്‍ പോസ്റ്ററൊട്ടിക്കാന്‍ കൂലിക്ക് ആളെ വെക്കേണ്ടി വരുമെന്ന തിരിച്ചറിവില്‍ നിന്നാണ് വിവാദങ്ങള്‍ക്ക് എന്നും തിരി കൊളുത്തി തുടക്കമിടാറുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പുതിയ വാദം വരുന്നത്. നേരത്തെ ടിയാനെ ഉപയോഗിച്ചാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന രഘുറാം രാജനെ പുകച്ചു ചാടിച്ചതും പിന്നാലെ ഇപ്പോഴത്തെ സുനാമിക്കു കൈകാണിച്ച ഉര്‍ജിത് പട്ടേലിനു വരാന്‍ പാതയൊരുക്കിയതും. ഇപ്പോള്‍ അതേ സ്വാമി പറയുന്നത് വികസനം കൊണ്ട് തെരഞ്ഞെടുപ്പ് വിജയിക്കാനാവില്ലെന്നാണ്. ഹിന്ദുത്വ അജണ്ട ഉയര്‍ത്തിക്കാട്ടാതെ ബി.ജെ.പിക്ക് ഒരിക്കലും വിജയിക്കാനാവില്ലെന്നാണ് മേപ്പടിയാന്‍ പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ ഫിലിം ഫെസ്റ്റിവലുമായി ബന്ധപ്പെട്ടുണ്ടായ ദേശീയ ഗാന വിവാദത്തെ ചേര്‍ത്തു വായിക്കാവുന്നതാണ്.

ചാണക സംഘികളുടെ നിയന്ത്രണത്തിലുള്ള ചാനലിലെ റിപ്പോര്‍ട്ടറും ക്യാമറമാനും ചേര്‍ന്നാണ് തിയേറ്ററില്‍ ആരൊക്കെ എഴുന്നേല്‍ക്കുന്നില്ല, ഇരിക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങള്‍ പൊലീസുകാര്‍ക്ക് റിപ്പോര്‍ട്ടു ചെയ്തതെന്നാണ് കേള്‍വി. എന്തായാലും റിപ്പോര്‍ട്ടറേയും ക്യാമറാമാനേയും സമ്മതിക്കണം. ദേശീയ ഗാനം കേള്‍ക്കുമ്പോ എഴുന്നേറ്റ് നിന്ന് വായില്‍ ക്യാമറ കടിച്ചു പിടിച്ചല്ലേ സീനുകള്‍ പിടിക്കുന്നത്. റിപ്പോര്‍ട്ടറാവട്ടെ വാ തുറക്കാതെ മൊബൈല്‍ വഴി സന്ദേശം കൈമാറുന്ന അതി വിദഗ്ധനും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്റെ ജാതിയും ഉപജാതിയും കുലമഹിമയുമൊക്കെ തേടി നടക്കലാണിപ്പോ ഇവരുടെയൊക്കെ പണി. ഇതും സ്വാമിയുടെ വേദവാക്യങ്ങളും ചേര്‍ത്തു വെക്കുക അപ്പോള്‍ അറിയാം ഒളി അജണ്ട പോകുന്നതെങ്ങോട്ടാണെന്ന്.

ലാസ്റ്റ് ലീഫ്:
സദ്ദാം ഹുസൈനെ ഇറാഖ് ഭരിക്കാന്‍ അനുവദിച്ചിരുന്നുവെങ്കില്‍ ഇറാഖിനേയും സിറിയയേയും ചൂഴ്ന്നു നില്‍ക്കുന്ന ആഭ്യന്തര കലാപങ്ങളും ഐ.എസ് ഭീഷണിയും സംഭവിക്കില്ലായിരുന്നുവെന്ന് മുന്‍ സി.ഐ.എ ഉദ്യോഗസ്ഥന്‍. പോയ വണ്ടിക്ക് കൈകാണിച്ചിട്ട് എന്ത് കാര്യം.

chandrika: