X

ഐക്യം കരുത്ത് പകരും

കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഇരുവിഭാഗങ്ങളുടെയും ഐക്യസമ്മേളനം ഇന്ന് കോഴിക്കോട്ട് നടക്കുകയാണ്. ഛിദ്രതയുടെയും അനൈക്യത്തിന്റെയും നൈരന്തര്യമായ വര്‍ത്തമാനലോകത്ത് നീണ്ട പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം രണ്ടു സംഘടനകള്‍ പുനരേകീകരിക്കപ്പെടുക എന്നത് കാലിക പ്രസക്തവും പ്രശംസിക്കപ്പെടേണ്ടതും അത്യന്തം മാതൃകാപരവുമാണ്. സമുദായ സ്‌നേഹികളും പൊതു സമൂഹവും ഈ കൂടിച്ചേരലിനെ സര്‍വാത്മനാ സ്വാഗതം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവരെയും മുസ്്‌ലിംകളെയും സംബന്ധിച്ചിടത്തോളം വിശ്വാസപരമായും ഭൗതികമായും നിരവധി ആകുലതകള്‍ അലട്ടുന്ന ആപത് സന്ധിയാണിത്.

2015 ഡിസംബര്‍ മുതല്‍ കഴിഞ്ഞ മാസംവരെ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന അനുരഞ്ജന ചര്‍ച്ചകളാണ് ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ തമ്മില്‍ കാലം ആവശ്യപ്പെടുന്ന ഐക്യമെന്ന അനിവാര്യതയിലേക്ക് നയിച്ചത്. നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിനാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്റെ ഇരു വിഭാഗങ്ങളും അവയുടെ പോഷക സംഘടനകളും ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ ചരിത്രപരമായ തീരുമാനമെടുത്തത്. കോഴിക്കോട് മുജാഹിദ് സെന്ററില്‍ നടന്ന സംയുക്ത എക്‌സിക്യൂട്ടിവ് യോഗത്തില്‍ ഇരുപക്ഷത്തിന്റെയും നേതാക്കള്‍ ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തുകയും ഇന്ന് കോഴിക്കോട് കടപ്പുറത്ത് വിപുലമായ ഐക്യസമ്മേളനം നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ഇരുവിഭാഗത്തിന്റെയും നേതാക്കള്‍ പങ്കെടുത്ത യോഗം ഐകകണ്‌ഠ്യേനയാണ് ഐക്യപ്രമേയം അംഗീകരിച്ചത്. ലയനം യാഥാര്‍ഥ്യമാക്കുന്നതിന് ഇരുവിഭാഗവും അവരവരുടെ കീഴ്ഘടകങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവേകത്തിന്റെ ഹൃദയംതുടിക്കുന്ന ഭാഷയാണ് ഇരു നേതാക്കളും ഇന്നലെ ചന്ദ്രികയില്‍ എഴുതിയ ലേഖനങ്ങളിലുള്ളത്.

വിദ്യാഭ്യാസപരമായും മറ്റും കേരളത്തിലെ മുസ്‌ലിം നവോത്ഥാനപന്ഥാവില്‍ സ്വന്തമായ സംഭാവനകള്‍ നല്‍കിയ പ്രസ്ഥാനമാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. 1924ല്‍ രൂപംകൊണ്ട കേരള ജംഇയ്യത്തുല്‍ ഉലമയില്‍ നിന്നാണ് അമ്പതുകളില്‍ മുജാഹിദ് പ്രസ്ഥാനം വിപുലപ്പെടുന്നത്. മക്തി തങ്ങള്‍, വക്കം മൗലവി, ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.എം മൗലവി, സീതി സാഹിബ്, മുഹമ്മദ് അബ്ദുറഹ്്മാന്‍ സാഹിബ് മുതലായ ഉല്‍പതിഷ്ണുക്കള്‍ നേതൃത്വം നല്‍കിയ സംഘടനക്കിടയില്‍ നീണ്ട അരനൂറ്റാണ്ടിനു ശേഷമാണ് ഒരു പിളര്‍പ്പിലേക്കെത്തിയ അനൈക്യമുണ്ടാകുന്നത്. ആശയ വ്യാഖ്യാനങ്ങളിലെ ഭിന്ന രീതികളും സംഘടനാപരമായുള്ള ഭിന്നതകളുമാണ് ഒന്നര പതിറ്റാണ്ടുമുമ്പ് നിര്‍ഭാഗ്യകരമായ വേര്‍പിരിയലിലേക്ക് നയിച്ചത്. വ്യക്തിബന്ധങ്ങളിലേക്കും സ്ഥാപനളെ സംബന്ധിച്ച അനാവശ്യ ഏറ്റുമുട്ടലുകള്‍ക്കും കോടതി വരാന്തകളിലേക്കും വരെ അത് വഴിവെച്ചു.

ഏക ദൈവ വിശ്വാസമാണ് ഇസ്‌ലാമിന്റെ അടിത്തറ. ഖുര്‍ആനും തിരുനബി ചര്യകളുമാണ് അവയുടെ തൂണുകള്‍. ആദര്‍ശപരമായ വ്യാഖ്യാനങ്ങളിലെ ഭിന്ന സ്വരങ്ങളാണ് എക്കാലത്തും ഐക്യത്തിന്റെ ശത്രുവെങ്കിലും ഇസ്‌ലാമിന്റെ അടിസ്ഥാനപ്രമാണങ്ങളാണ് വിശ്വാസികളുടെ ഐക്യത്തിന്റെ കണ്ണികളെ എന്നും ബലപ്പെടുത്തി നിര്‍ത്തുന്നത്. ഇതരമതങ്ങളില്‍ നിന്നും കേവല യുക്തിവാദത്തില്‍ നിന്നും ഇസ്്‌ലാമിനെയും മുസ്‌ലിംകളെയും വേറിട്ടുനിര്‍ത്തുന്നത് ഈയൊരു അടിസ്ഥാന ആശയം തന്നെയെന്നതില്‍ രണ്ടു പക്ഷമില്ല. സത്യവിശ്വാസികള്‍ സഹോദരന്മാരാണെന്നാണ് ഇസ്‌ലാമിന്റെ പാഠം. എന്നിട്ടും സമുദായത്തിനിടയില്‍ പല തരത്തിലുള്ള കേവല അഭിപ്രായ ഭിന്നതകള്‍ നിലകൊള്ളുന്നു എന്നത് യാഥാര്‍ഥ്യമാണ്. വിവിധ തരം ചിന്താധാരകള്‍ ഇസ്്‌ലാമിനകത്ത് ഉണ്ടെങ്കിലും അവയെല്ലാം വിശ്വാസത്തേക്കാളുപരി ആചാരാനുഷ്ഠാനങ്ങള്‍ സംബന്ധിച്ചുള്ളവയാണ്. മത പണ്ഡിതര്‍ ആധികാരിക രേഖകളിലൂടെയും പരസ്പര ആശയ കൈമാറ്റങ്ങളിലൂടെയുമാണ് ഇവക്കെല്ലാം പരിഹാരം കണ്ടിട്ടുള്ളത്. ഏക മാനമായ സ്വരൂപം എല്ലാത്തിലും മേലെ നിലകൊള്ളുന്നുണ്ട്. ഈ ഐക്യം ഒരിക്കലും തമ്മില്‍മാത്രം ഒതുങ്ങേണ്ടതുമല്ല. ഇതര വിഭാഗങ്ങളിലേക്കുകൂടി വ്യാപിക്കേണ്ടതാണ്. ഇസ്‌ലാം സംവദിച്ചതും ഇരുട്ടിലകപ്പെട്ട ഒരു സമുദായത്തോടല്ല. തുറന്നിട്ട ജനാലകളാണതിനുള്ളത്.

ലോകത്ത് പൊതുവെയും ഇന്ത്യയില്‍ പ്രത്യേകിച്ചും, വര്‍ധിച്ചുവരുന്ന നാസിസ-ഫാസിസ പ്രവണതകള്‍ കാലത്തിന്റെ വെല്ലുവിളിയും ആശങ്കയുമായി കാണേണ്ട ബാധ്യതയാണ് മറ്റു ജനവിഭാഗങ്ങളെ പോലെ തന്നെ മുസ്‌ലിംകളുടെ മേലും വന്നുപതിച്ചിട്ടുള്ളത്. ഇതോടൊപ്പം പടിഞ്ഞാറിന്റെ സാമ്രാജ്യത്വ ഭീഷണിയെയും തൃണവല്‍ഗണിക്കരുത്. ഇവക്കെതിരെ സര്‍വസാമൂഹികമായ, രചനാത്മക നേതൃത്വമാണ് ഇന്നിന്റെ ആവശ്യം. ശാഖാപരമായ അഭിപ്രായ ഭിന്നതകള്‍ക്കപ്പുറമാവണം ഈ ഫാസിസ്റ്റ് വിരുദ്ധ ഐക്യപ്പെടല്‍. അതുകൊണ്ടാണ് മുസ്്‌ലിം ലീഗ് എന്നും ‘ഐക്യ’ ത്തിന് വേണ്ടി മുന്‍കയ്യെടുത്തുവരുന്നത്. കേവലമായ വാഗ്മയങ്ങള്‍ കൊണ്ട് ഇസ്്‌ലാമിന്റെ പൊതു ഭീഷണികളെ നേരിട്ട് പരാജയപ്പെടുത്താനാവില്ല എന്ന തിരിച്ചറിവാണ് ഇതിന് അടിസ്ഥാനം. ഇന്ത്യന്‍ ഭരണകൂടം ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന ഏകീകൃത വ്യക്തിനിയമം എന്ന ആശയം വിവേകപൂര്‍വം അഭിമുഖീകരിക്കേണ്ട ഇത്തരം പ്രശ്‌നങ്ങളിലൊന്നാണ്. ലോകത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവണതകളും ഇസ്‌ലാമിനെ വക്രീകരിച്ച് പരിഹാസ്യമാക്കാനുള്ള നീക്കങ്ങളും ഒത്തൊരുമിച്ച് ചെറുക്കപ്പെടേണ്ടതാണെന്ന് ഇസ്്‌ലാമിന് പുറത്തുള്ളവര്‍ പോലും സമ്മതിക്കുന്നു. യുവാക്കള്‍ക്കിടയിലും മറ്റും ഇതുസംബന്ധിച്ച് ജാഗ്രത പുലര്‍ത്തേണ്ട കാലഘട്ടമാണിത്. ആത്മപരിശോധനക്കും സമുദായം വിധേയമാകണം. ഇവയൊക്കെ ഏതെങ്കിലുമൊരു പക്ഷത്ത് കെട്ടിവെച്ച് ഒഴിഞ്ഞുനില്‍ക്കാനാവില്ല.

മുജാഹിദ് പ്രസ്ഥാനങ്ങള്‍ക്ക് മാത്രമല്ല, ഇസ്‌ലാമിനെയും മുസ്‌ലിംകളെയും പ്രതിനിധീകരിക്കുന്ന ഏതൊരു വ്യക്തിക്കും സംഘടനക്കും അവരുടേതായ ബാധ്യത ഇക്കാര്യത്തിലുണ്ട്. ഇല്ലെങ്കില്‍ ഉണ്ടായേ തീരു. മുജാഹിദ് ഐക്യമെന്നോ, സുന്നി ഐക്യമെന്നോ മാത്രം പറഞ്ഞ് വിഷയത്തെ നാമവല്‍കരിക്കുന്നതിനു പകരം ഇസ്‌ലാമിക സമൂഹത്തിന്റെ മൊത്തം ഐക്യമാണ് സാധ്യമാവേണ്ടത്. ഇതില്‍ കഴിയാവുന്ന മുഴുവന്‍ മതേതര വിശ്വാസികളെയും ഭാഗഭാക്കാക്കുകയും വേണം. ഈ പ്രക്രിയയില്‍ നിന്ന് വേറിട്ടുപോകുന്നത് സമുദായത്തിന് ഭൂഷണമല്ല. ഇസ്‌ലാം വിരുദ്ധരുടെ ഉന്നം ഇസ്‌ലാം മാത്രമല്ല. അത് അവസരത്തിനൊത്ത് മാറ്റം ചെയ്യപ്പെടുന്നതാണ് എന്നതുകാണണം. അതുകൊണ്ടാണ് മുസ്‌ലിം ഐക്യത്തോടൊപ്പം തന്നെ പൊതുസമൂഹത്തിന്റെ ഐക്യവും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാവുന്നത്. മുജാഹിദ് പ്രസ്ഥാനങ്ങളുടെ ഐക്യത്തിലൂടെ വിളിച്ചോതപ്പെടുന്ന മഹിതമായ സന്ദേശം ഇതാണ്.

chandrika: