X

ഒബാമകെയര്‍ പദ്ധതി നിലനിര്‍ത്താന്‍ ഒബാമ

വാഷിങ്ടണ്‍: ഒബാമകെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അമേരിക്കയില്‍ അതേപടി നിലനിര്‍ത്താന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ശ്രമം. തന്റെ സ്വപ്‌നപദ്ധതി പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനം അംഗീകരിക്കാത്ത ഒബാമ ഡെമോക്രാറ്റിക് പാര്‍ട്ടിനേതാക്കളുമായി കൂടികാഴ്ച നടത്തി. ഒബാമകെയര്‍ നിലനിര്‍ത്തുന്നതിനു വേണ്ടി പോരാടാനും അദ്ദേഹം ഡെമോക്രാറ്റിക് നേതാക്കളോട് ആഹ്വാനം ചെയ്തു.

എന്നാല്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധികാരത്തില്‍ എത്തിയാല്‍ ബറാക് ഒബാമ നടപ്പാക്കിയ പദ്ധതികള്‍ പടിപടിയായി നിര്‍ത്തലാക്കുമെന്ന് വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത മൈക് പെന്‍സ് പറഞ്ഞു. ഈ മാസം 20 നാണ് ട്രംപ് അധികാരം ഏറ്റെടുക്കുന്നത്. ട്രംപിന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങളിലൊന്ന് ഒബാമ കെയര്‍ പിന്‍വലിക്കും എന്നതായിരുന്നു. എന്നാല്‍ പിന്നീട് ട്രംപ് നിലപാട് മാറ്റി.

കുറഞ്ഞ ചെലവില്‍ എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ട് ബരാക് ഒബാമ തുടക്കമിട്ട സ്വപ്‌ന പദ്ധതിയാണ് അഫോര്‍ഡബിള്‍ കെയര്‍ ആക്്ട് അഥവ ഒബാമ കെയര്‍.
യുഎസിലെ ഒരു കോടിയിലേറെ പേര്‍ ഇതിന്റെ ഗുണഭോക്താക്കളാണ്.

chandrika: